Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈല്‍സിനു ആയുര്‍വേദം

piles-ayurveda

ആയുര്‍വേദത്തിന്റെ അടിസ്ഥാന പ്രമാണമായ അഷ്ടാംഗഹൃദയത്തില്‍ പറയുന്ന എട്ടു മഹാവ്യാധികളില്‍ പെടുന്നവയാണ് അര്‍ശസും (പൈല്‍സ്) ഭഗന്ദരം അഥവാ ഫിസ്റ്റുലയും. കൊടിയ പാപം ചെയ്തവര്‍ക്കാണത്രെ ഈ രോഗങ്ങള്‍ വരിക. പൂര്‍ണശമനം ലഭിക്കാന്‍ പ്രയാസമുള്ളതും വളരെക്കാലം രോഗിയെ ദുരിതത്തിലാഴ്ത്തുന്നതുമായ രോഗങ്ങളാണ് മഹാവ്യാധികളില്‍ ഉള്‍പ്പെടുന്നത്.

മനുഷ്യശരീരത്തിലെ മഹാമര്‍മ്മമായ ഗുദത്തെ (മലദ്വാരം) കേന്ദ്രീകരിച്ചുണ്ടാകുന്ന ഈ രോഗങ്ങള്‍ക്ക് വൈദഗ്ധ്യത്തോടെയുള്ള ചികിത്സയാണ് ആവശ്യം. ലിംഗഭേദമില്ലാതെ ബാധിക്കുന്ന ഈ രോഗങ്ങളില്‍ പാരമ്പര്യവും ഘടകമായി വരുന്നു. പൊരിച്ചതും വറുത്തതും ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡ് സംസ്ക്കാരമാണ് അര്‍ശസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണം. അതുകൊണ്ടു ആഹാരരീതി ക്രമപ്പെടുത്തി വേണം ഈ രോഗങ്ങള്‍ക്കുള്ള ചികിത്സ തുടങ്ങാന്‍.

മരുന്നുകള്‍ അറിയാം

മറ്റേതൊരു രോഗവും പോലെ അര്‍ശസും തുടക്കത്തിലെ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതാണ് നല്ലത്. ആദ്യഘട്ടത്തിലാണെങ്കില്‍ ഔഷധപ്രയോഗം മാത്രം മതിയാകും അര്‍ശസിന്. വിവിധ തരം കഷായങ്ങള്‍, ആസവങ്ങള്‍, ചൂര്‍ണങ്ങള്‍, ലേഹ്യങ്ങള്‍ എന്നിവ അര്‍ശസിനെ ശമിപ്പിക്കുന്നതായി ആയുര്‍വേദം നിര്‍ദേശിക്കുന്നു.

അര്‍ശസിന്റെ ആദ്യഘട്ടത്തില്‍ മാത്രമേ ഔഷധപ്രയോഗം കൊണ്ടു പ്രയോജനമുള്ളൂ. അതുകഴിഞ്ഞാല്‍ ക്ഷാരസൂത്രമുള്‍പ്പെടെയുള്ള പ്രയോഗങ്ങളാണ് വേണ്ടി വരിക. എന്നാല്‍ അര്‍ശസിന്റെ കാര്യത്തില്‍ നൂലുകെട്ടിയുള്ള ക്ഷാരസൂത്രം വേദനാജനകമായതിനാല്‍ രോഗികള്‍ മറ്റുചികിത്സാരീതികളെ ആശ്രയിക്കാറുണ്ട്.

വസ്തിയും കഷായം ഉപയോഗിച്ചുള്ള എനിമയുമാണ് ഭഗന്ദരത്തിന്റെ ആദ്യഘട്ടത്തില്‍ പ്രയോഗിക്കുക. രോഗം കലശലായാല്‍ ക്ഷാരസൂത്രം തന്നെ വേണ്ടിവരാം.

ഭഗന്ദരത്തിന്റെ കാര്യത്തില്‍ ഇന്നു ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും നല്ല ചികിത്സാരീതിയാണ് ക്ഷാരസൂത്രം എന്നു പറയാം. അലോപ്പതിയില്‍ ശസ്ത്രക്രിയ മാത്രം പോംവഴിയുള്ള ഈ രോഗത്തിനു വളരെ ഗുണപ്രദമാണ് ആയുര്‍വേദത്തിലെ ക്ഷാരസൂത്രം. മാത്രമല്ല വിദഗ്ദ്ധരായ ഡോക്ടര്‍മാരെ കണ്ട് ശരിയായ വിധത്തില്‍ ക്ഷാരസൂത്രം ചെയ്താല്‍ രോഗം ആവര്‍ത്തിക്കാനുള്ള സാധ്യതയും വിരളമാണ്.

ഫിഷര്‍ അഥവാ വിണ്ടുകീറലിന് ആയുര്‍വേദത്തില്‍ ഉള്ളില്‍ കഴിക്കാനുള്ള മരുന്നാണ് നല്‍കുക. ഗന്ധര്‍വഹസ്താതി കഷായവും കങ്കായനം ഗുളികയും ഇതിനു നല്‍കി വരുന്ന മരുന്നുകളില്‍പെടുന്നു. കൂടാതെ ചിലയിനം തൈലങ്ങള്‍ ഇന്‍ഞ്ചക്ട് ചെയ്യുന്ന രീതിയുമുണ്ട്.

മരുന്നു കഴിക്കുന്നതിനൊപ്പം ആഹാരകാര്യത്തിലും നിയന്ത്രണം വേണം. നാരുകളടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക. നാടന്‍ രീതിയിലാണെങ്കില്‍ കഞ്ഞിയും പയറും നല്ലതാണ്. പച്ചക്കറി ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതുപോലെ പഴവര്‍ഗങ്ങള്‍. നമ്മുടെ നാട്ടില്‍ യഥേഷ്ടം ലഭിക്കുന്ന പപ്പായ. പേരയ്ക്ക. വാഴപ്പഴം, കോമയ്ക്കാ ഒക്കെയും നല്ലതാണ്.

കാലത്തിനനുസരിച്ചു ഭക്ഷണം ക്രമപ്പെടുത്തുക. എരിവ്, പുളി എന്നിവയ്ക്കൊപ്പം ഭക്ഷണത്തില്‍ മസാലയുടെ അളവു പരിമിതപ്പെടുത്തുക. നോണ്‍വെജിറ്റേറിയന്‍, വറുത്തതരം പൊരിച്ചതും, പുളിപ്പിച്ച സാധനങ്ങള്‍ എന്നിവ ഒഴിവാക്കണം. കടുക്കയോ മുത്തങ്ങയോ ചേര്‍ത്ത് തിളപ്പിച്ച മോര് മലദ്വാരരരോഗങ്ങള്‍ക്കു ഫലപ്രദമാണ്.

ദിവസവും മൂന്നോ നാലോ ഗാസ് മോരു കുടിക്കുകയാണെങ്കില്‍ വയറിനു നല്ല സുഖം കിട്ടും. രാവിലെ നെയ് ചേര്‍ത്ത കഞ്ഞി, ഉച്ചയ്ക്ക് ഒരു തവി ചോറും രണ്ടു തവി പച്ചക്കറികളും, രാത്രി ചപ്പാത്തി, ചെറുപയര്‍ മുളപ്പിത്, വെജിറ്റബിള്‍ സലാഡ്, അല്ലെങ്കില്‍ പഴങ്ങള്‍ മാത്രം.

പൈനാപ്പിള്‍, മുന്തിരി, ഓറഞ്ച് തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കുക. അമിത മദ്യപാനം ഒഴിവാക്കുക. ദിവസവും രണ്ടു കിലോമീറ്റര്‍ എങ്കിലും നടക്കുക.

ക്ഷാരസൂത്രം തയാറാക്കുന്നത്

കടലാടിക്ഷാരവും കള്ളിപ്പാലും മഞ്ഞള്‍ പൊടിയുമാണ് ക്ഷാരസൂത്രം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ പ്രത്യേക അനുപാതത്തിലെടുത്ത് കൂട്ടി യോജിപ്പിക്കുന്നു. അതിനുശേഷം തയാറാക്കിയെടുത്ത നൂലില്‍ പലതവണ തേയ്ചുപിടിപ്പിച്ചാണ് ക്ഷാരസൂത്രം തയാറാക്കുക.