Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

vaporizer

പനിയുടെ ഒരു ചെറിയലക്ഷണമോ ജലദോഷമോ കാണുമ്പോൾ തന്നെ പലരും ആവിപിടുത്തം ആരംഭിക്കാറുണ്ട്. മഴക്കാലത്താണ് ഇതു കൂടുതലും. ആവിപിടുത്തത്തിലൂടെ തെല്ലൊരാശ്വാസം ഉണ്ടാകാമെങ്കിലും അതിനായി അനുവർത്തിക്കുന്ന രീതികളിലെ പാകപ്പിഴകൾ പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതാണു യാഥാർഥ്യം.

ആയുർവേദപ്രകാരം സുഖചികിത്സയുടെ ഭാഗമായി ശരീരമാസകലം എണ്ണയോ കുഴമ്പോ തേച്ചുപിടിപ്പിച്ചശേഷം ശരീരത്തിൽ ആവികൊള്ളിച്ചു വിയർപ്പിക്കുന്ന പ്രക്രിയയാണിത്.

ജലദോഷം, പനി, തൊണ്ടവേദന, തുടർച്ചയായ തുമ്മൽ, തലയ്ക്കു വല്ലാത്ത ഭാരം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴാണ് പലരും കമ്പിളി കൊണ്ടു തലയും ദേഹവും മൂടി മുഖത്തും നെഞ്ചുഭാഗത്തും ആവി കൊള്ളുന്നത്. ഇതും ശരീരമാസകലം ആവിപിടിക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ ചിലയിനം മരുന്നുകളും മറ്റും വെള്ളത്തിൽ കലർത്തി മുഖത്ത് ഏറെനേരം ചൂട് അടിപ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ബാമുകൾ വേണ്ട

മുഖത്തേയ്ക്ക് ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും ഉണ്ട്. പരമാവധി അഞ്ചുമിനിറ്റിൽ കൂടുതൽ സമയം ഇതു തുടരാൻ പാടില്ല. ഒരു കാരണവശാലും കണ്ണിലേയ്ക്ക് ആവിയടിക്കാനുള്ള സാഹചര്യം നൽകരുത്. ഇതിനായി കണ്ണിനു മുകളിൽ നനഞ്ഞ തുണികൊണ്ടു കെട്ടുകയോ അതുപോലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ വേണം. ഇതിനായി താമരപ്പൂവിന്റെ ഇതളുകൾ ഉപയോഗിക്കാമെന്ന് ആയുർവേദം പറയുന്നു. തലവേദനയ്ക്കും മറ്റും പുറത്തു പുരട്ടാനായി ഉപയോഗിക്കുന്ന ബാമുകൾ ആവിപിടിക്കാനുള്ള വെള്ളത്തിൽ കലർത്തി ഉപയോഗിക്കരുത്. ഇതിനു പകരം തുളസിയിലയോ യൂക്കാലിയോ തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപുല്ല്, രാമച്ചം, പനികൂർക്ക, ചൊമകൂർക്ക എന്നിവയും നല്ലതാണ്. ആവിപിടിക്കാനുള്ള വെള്ളത്തിൽ ഉപ്പു ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ടു കാര്യമായ പ്രയോജനമില്ല.

വേപ്പറൈസറുകൾ

ആവിപിടിക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വേപ്പറൈസറുകൾ വിപണിയിൽ സുലഭമാണ്. 140 രൂപ മുതൽ 550 രൂപ വരെ വിലയിൽ വിവിധ മോഡലുകളിൽ ഇവ ലഭിക്കും. വേപ്പറൈസറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

സ്വിച്ച് ഓഫ് ചെയ്തതിനുശേഷം മാത്രം വെള്ളം നിറയ്ക്കുകയോ നീക്കം ചെയ്യുകയോ തുറക്കുകയോ ചെയ്യുക.

ഉറച്ച പ്രതലത്തിൽ വച്ചു വേണം ഉപയോഗിക്കാൻ.

യാതൊരു കാരണവശാലും ഉപ്പോ മറ്റു കഠിനജലമോ ഉപയോഗിക്കരുത്.

ആവിയുടെ അളവ് വർധിപ്പിക്കാൻ മറ്റു പദാർഥങ്ങൾ ചേർക്കരുത്.

വെള്ളമില്ലാത്ത അവസ്ഥയിൽ പ്രവർത്തിപ്പിക്കരുത്.

കുട്ടികളുടെ കയ്യെത്താത്തിടത്തു സൂക്ഷിക്കുക.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ആർ. രാഘവൻ

_ഇന്റർനാഷണൽ ആയുർവേദിക് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ, കാഞ്ഞൂർ, കാലടി._