Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
457044123

കേന്ദ്ര സർക്കാരിന്റെ ബ്രിജ് കോഴ്സ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണ്? ആയുഷ് ഡോക്ടർമാർ കേവലമായൊരു ബ്രിജ് കോഴ്സ് പൂർത്തിയാക്കിയാൽ അവർക്ക്  അലോപ്പതി മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യാനുള്ള ലൈസൻസ് കൊടുക്കുന്ന പദ്ധതി. മരുന്നുകൾ എഴുതാം എന്നു മാത്രമാണ് പറയുന്നത്, പരിശോധനകളെക്കുറിച്ചും ശസ്ത്രക്രിയകളെക്കുറിച്ചും വ്യക്തതയില്ല. ഇതിനെതിരെ സമൂഹമാധ്യമങ്ങൾ  വഴിയും നിരത്തിലും വൻതോതിൽ പരിഹാസവും പ്രതിഷേധവും ഉയർന്നു കഴിഞ്ഞു. തികച്ചും അശാസ്ത്രീയമായ ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എങ്ങനെയെത്തി ? എന്താവും ഇതിനു പിന്നിൽ? പ്രകടവും പറഞ്ഞു ഫലിപ്പിച്ചതുമായ ഒരു കാരണം ഗ്രാമീണ മേഖലയിൽ ഡോക്ടർമാരുടെ അഭാവം എന്നതാണ്. ഒരു പരിധി വരെ അതു സത്യവുമാണ്.

കേരളത്തിൽ ഡോക്ടർമാർ ജോലി ചെയ്യാൻ തയാറായിട്ടുകൂടി നിയമനങ്ങൾ നടക്കുന്നില്ല എന്നതാണു പ്രധാന കാരണം. പക്ഷേ ഇന്ത്യ മുഴുവനായി നോക്കിയാൽ ഡോക്ടർമാർ ഗ്രാമീണമേഖലയെ അവഗണിക്കുന്നതായി കാണാൻ കഴിയും. അത്രയ്ക്കും മോശമായ സേവന, വേതന വ്യവസ്ഥകളാണ് സംസ്ഥാന സർക്കാരുകൾ അവർക്കു വച്ചു നീട്ടുന്നത്. അതു സ്വീകരിച്ചു ജോലി ചെയ്യണം എന്നുള്ളത് ഡോക്ടർമാരെ സംബന്ധിച്ച് ഒരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. ഇങ്ങനെയിരിക്കെ, അവിടൊക്കെ ബ്രിജ് കഴിഞ്ഞ ആയുഷ് ഡോക്ടർമാരെ കുറഞ്ഞ ശമ്പളത്തിലോ അല്ലാതെയോ നിയമിച്ചു ഗ്രാമീണ ആരോഗ്യ മേഖല മെച്ചപ്പെടുത്താമെന്നു സർക്കാർ കരുതുന്നുവെന്നത് ഒരു പരിധിവരെ വായിച്ചെടുക്കുകയും ചെയ്യാം.

പക്ഷേ, അപ്പോഴും പ്രധാന ചോദ്യം ബാക്കി. ബ്രിജ് ചെയ്യപ്പെട്ട ആയുഷ് ഡോക്ടർമാരെ ഉപയോഗപ്പെടുത്തി, ഗ്രാമീണ മേഖലയിലെ ആധുനിക വൈദ്യരംഗം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ടാണ് ? ആധുനിക വൈദ്യശാസ്ത്രത്തിന്റെ അതീവ സങ്കീർണതകളും സ്വീകാര്യതയും അന്യമായ ആയുഷ് മേഖലകൾ കേവലമൊരു ബ്രിജ് കോഴ്സ് വഴി തുല്യപ്പെടും എന്ന വിഡ്ഢിസ്വപ്നം അവർ കാണുന്നത് എന്തുകൊണ്ട് ? അന്ധമായ വിമർശനങ്ങൾ മാറ്റിനിർത്തി മേൽപ്പറഞ്ഞ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയില്ലെങ്കിൽ പരസ്പരം വിഡ്ഢികൾ എന്ന് സർക്കാരും ആധുനിക ഡോക്ടർമാരും പഴി ചാരും. അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാകാതെയും പോകും.  ഒന്നു കൂടി, അതിന്റെ യഥാർഥ കാരണം കിടക്കുന്നത് നമ്മുടെ തന്നെ ഉള്ളിലാണ്. അതിലേക്കാണ് വരുന്നത്. സത്യത്തിൽ ഇന്ത്യയുടെ (കേരളത്തിന്റെയല്ല എന്നു പ്രത്യേകം പറയുന്നു) പ്രാഥമികാരോഗ്യ മേഖലയിൽ എന്താണ് നടക്കുന്നത് ? അവിടെയെത്തുന്ന ഒരു രോഗിക്കു കിട്ടുന്ന ചികിത്സ എന്താണ്?

പനി, തലവേദന, തലകറക്കം, ഛർദി, ചുമ, മുട്ടുവേദന തുടങ്ങിയ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് താത്കാലിക ആശ്വാസം നൽകുന്ന എന്തെങ്കിലും മരുന്നു കൊടുത്തു വിടുന്നു. (വാക്സിൻ, സാമൂഹിക ബോധവൽകരണം തുടങ്ങിയ സേവനങ്ങൾ ഇല്ലെന്നല്ല. ഒന്നാമതായി കേരളത്തിലെപ്പോലെ അതിന്റെ പിന്നിൽ നിൽക്കാൻ എത്ര ഡോക്ടർമാർ മറുനാട്ടിൽ ഉണ്ടാകുമെന്ന് കണ്ടറിയണം. രണ്ട്‌, ഈ സേവനങ്ങൾക്കും ചെറിയ ഒരു ട്രെയിനിങ് മാത്രം മതി). അസുഖം കുറയുന്നില്ല എന്നുകണ്ടാൽ റഫർ ചെയ്യുന്നു. ഒരു രോഗിക്കു പോലും ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്ന ചികിത്സാരീതി (അതായത് ലക്ഷണങ്ങളെപ്പറ്റി വിശദമായി ചോദിച്ച്, ദേഹപരിശോധനയും വേണ്ട ടെസ്റ്റുകളും നടത്തി അസുഖം തിരിച്ചറിഞ്ഞ് മരുന്നു കൊടുക്കുന്ന രീതി) ലഭിക്കുന്നില്ല. 

മെഡിക്കൽ കോളേജിൽപോലും തിരക്കേറിയ ഒപികളിൽ ചില രോഗികൾക്ക് താൽകാലിക ആശ്വാസത്തിന് മരുന്നു കൊടുത്തു വിടേണ്ടി വരാറുണ്ട്. പക്ഷേ അത് മൊത്തം വരുന്ന രോഗികളുടെ പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ്. ബാക്കി വരുന്ന തൊണ്ണൂറു പേർക്ക് അങ്ങേയറ്റം കൂട്ടിയും കിഴിച്ചുമാണ് ഒരു മരുന്നു പോലും  എഴുതുന്നത്. സ്പെഷലിസ്റ്റ് ചികിത്സയുടെ സങ്കീർണതകൾ അതല്ലാതെ അനുവദിക്കുന്നില്ല. ഈ കണക്കുകൾ പ്രാഥമികാരോഗ്യ മേഖലയിൽ നേരെ തിരിച്ചാണ്. അവിടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ  സ്പെഷലിസ്റ്റ് ചികിത്സയുടെ സാധ്യതകൾ രോഗിക്ക് ലഭിക്കുന്നില്ല. എന്തെങ്കിലും ഒരു മരുന്ന് കിട്ടും, ആശ്വാസവും . അധികം രോഗികൾക്കും ഇതു മതി എന്നുള്ളതും ശ്രദ്ധിക്കണം.

സർക്കാർ ഇതെങ്ങനെയാണു  നോക്കിക്കാണുന്നത്? ഒരു മരുന്നു കടക്കാരന്റെ അടുത്തു പോയാൽ പോലും തുമ്മലിനും ചുമയ്‌ക്കും ഉള്ള മരുന്നു കിട്ടും, അതിനപ്പുറത്തേക്കുള്ള സേവനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു ലഭിക്കുന്നില്ലെങ്കിൽ അവിടെ മരുന്നുകടക്കാരനെ ഇരുത്തിയാൽ പോരെ? ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു സാധ്യതയും അവിടെ രോഗിക്ക്  നൽകപ്പെടുന്നില്ലെങ്കിൽപ്പിന്നെ, മരുന്നുകളെപ്പറ്റി അത്യാവശ്യം പഠിപ്പിച്ചിട്ട് വേറെ ആരെയെങ്കിലും അവിടെ പോസ്റ്റ് ചെയ്താൽ പോരെ ?  ഇതാണ് ബ്രിജ് കോഴ്സുകളുടെ പിന്നിലുള്ള യഥാർഥ രാഷ്ട്രീയം. അവർക്ക് ചെറിയ ഒരു ബ്രിജ് കൊണ്ട് എത്തിപ്പിടിക്കാവുന്നതേയുള്ളൂ നമ്മൾ ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന ചികിത്സകൾ. നമ്മൾ ഒരുപാട് വലുതായിരുന്നെങ്കിൽ അവർ എത്തിപ്പിടിക്കാൻ തുനിയില്ല. നമ്മളും നമ്മുടെ രീതികളും ചെറുതാണ്; പലപ്പോഴും അശാസ്ത്രീയവും. ഇപ്പോഴുള്ള നമ്മൾ ആയി തീരാൻ ബ്രിജ് കോഴ്സ് തന്നെ ധാരാളം. ഈ  തിരിച്ചറിവാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. 

എങ്ങനെ നമ്മുടെ പ്രാഥമിക ആരോഗ്യ മേഖല ഇങ്ങനെയായി? ഒരു രോഗിയെ പരിശോധിക്കാൻ വെറും സെക്കൻഡുകളേ മാറ്റിവയ്ക്കാൻ കഴിയുന്നുള്ളൂ,  അത്രയും തിരക്കുണ്ട്. സ്ഥിരമായ പരിശീലനത്തിന്റെയും കുറവ്. നല്ലൊരു ശതമാനം ഡോക്ടർമാർക്കും പല കാര്യങ്ങളെപ്പറ്റിയും തീർച്ചയില്ല എന്നത് ഞെട്ടിക്കുന്ന സത്യം മാത്രം. നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ കാലഹരണപ്പെട്ട സിലബസും ഒരു കാരണമാണ്. രോഗികൾക്കും ഈ പറഞ്ഞ, അശാസ്ത്രീയമെങ്കിലും പെട്ടെന്നുള്ള ആശ്വാസ ഗുളികകൾ മതി. നല്ല മനസ്സുള്ള ഡോക്ടർ ശക്തമായ തലവേദനയ്ക്ക് സിടി സ്കാൻ എടുത്തു നോക്കട്ടെ എന്നു പറഞ്ഞാൽ അവരുടെ നെറ്റി ചുളിയും. കാരണം അവർക്ക് ചികിത്സ വേണ്ട, പരാസിറ്റാമോൾ മതി. പ്രമേഹം, പ്രഷർ തുടങ്ങിയ രോഗങ്ങളുടെ ചികിൽസയ്ക്കായി സർക്കാർ തുറന്നു വച്ചിരിക്കുന്ന എൻസിഡി ക്ലിനിക്കുകളിൽ രോഗി വരുന്നത് സൗജന്യ മരുന്നുകൾക്കു വേണ്ടിയാണ്. ക്ലിനിക്കിൽ ഇരിക്കുന്ന ഡോക്ടറുടെ അറിവ് ആ രോഗി പലപ്പോഴും ശ്രദ്ധിക്കാറില്ല. അത് അവരെ ബാധിക്കുന്നില്ലെങ്കിൽ, ആ വ്യത്യാസം രോഗിക്കോ രോഗത്തിനോ തന്നെ വ്യത്യാസം നൽകുന്നില്ലെങ്കിൽ ചെലവ് കുറഞ്ഞ ഒരു ആൾട്ടർനേറ്റീവിന് സർക്കാരിന് എന്തു ചേതം ? പക്ഷേ, ഈ പ്രാഥമിക മേഖലയുടെ ഉയിർപ്പ് നിർഭാഗ്യവശാൽ ഒട്ടും എളുപ്പമല്ല; എളുപ്പമേയല്ല. അതു കഴിയാത്തതിനെ കുറ്റം പറയുകയുമല്ല. പക്ഷേ അതൊരു വലിയ കാരണമാണ്, കണ്ടില്ലെന്ന് നടിക്കരുത് എന്നു മാത്രം. ഇത്തരം ദുർനടപടികളെ പിറക്കും മുൻപേ ഒടുക്കാൻ പ്രാഥമിക ആരോഗ്യ മേഖലയുടെ സംസ്കാരം മാറണം, ഒപ്പം രോഗികളുടെയും ഡോക്ടർമാരുടെയും സർക്കാരിന്റെയും. ഇത്രയും അലോപ്പതി ഡോക്ടർമാർ മനസ്സിലാക്കേണ്ടതാണ്.

ഇനി സർക്കാർ മനസ്സിലാക്കേണ്ട കാര്യങ്ങളുണ്ട്.  ചിലർ പറയുന്നുണ്ട്, എംബിബിഎസ് കോഴ്സ് പോലെ മഹത്തരമാണ് ആയുഷ് കോഴ്‌സുകളുമെന്ന്.  അലോപ്പതിക്കാർ ഒന്നടങ്കം അതിനെ എതിർക്കുന്നു; ചിലർ അന്ധമായിത്തന്നെ. അവർ പറയുന്നു, ആയുഷിന്റെ അടിസ്ഥാനതത്വവും സിലബസ്സും പുസ്തകങ്ങളുമെല്ലാം ചവറാണെന്ന്. പക്ഷേ അലോപ്പതി ഡോക്ടർ ആയ, ആയുഷ് പഠിക്കാത്ത എനിക്ക് അതിനെപ്പറ്റി ചില പൊതുകാര്യങ്ങൾ പറയാമെന്നല്ലാതെ, ആയുഷ് മോശമാണെന്നു പറയുന്നത് എങ്ങനെ? അലോപ്പതി കേമമാണെന്നു കൂടി പറഞ്ഞാലും ആയുഷ് മോശമാണെന്നു പറയാനാവില്ല. ശരി, ഞാൻ അങ്ങനെയും പറയുന്നില്ല. പക്ഷേ എനിക്കു വേറെ ചിലത് പറയാനുണ്ട്. അലോപ്പതി ഡോക്ടർമാരും ആയുഷ്‌കാരും വേറെ വേറെ ആകുന്നത് അവർ പഠിച്ച കോഴ്സ് കൊണ്ടല്ല. അവർ അതിനും മുൻപേ വേറിട്ട് പോയവരാണ്. അതു പറയാം.

കടുത്ത മത്സരം നിലനിൽക്കുന്ന ഒരിടമാണ്  മെഡിക്കൽ എൻട്രൻസ്. ഭൂരിഭാഗം പേരും പല തവണ എഴുതിയാണ് എംബിബിഎസ് സീറ്റ്‌ കരസ്ഥമാകുന്നത്. ഒരു തവണയുടെ തന്നെ പരിശ്രമം എന്നത് അക്ഷരാർഥത്തിൽ രാപകലുകൾ നീളുന്ന തപസ്സാണ്. ഊണില്ല, ഉറക്കമില്ല, ഒരേയൊരു ചിന്ത, ഭ്രാന്ത്. കൂടെ പഠിച്ചവർ മറ്റ് കോഴ്‌സുകൾക്കു ചേർന്ന് ജീവിതം യൗവനയുക്തമാക്കുന്ന കാലത്താണ് കാലുകൾ തണുത്ത വെള്ളത്തിൽ മുക്കിയും രാത്രി പകലാക്കിയും കുട്ടികൾ സ്റ്റെതസ്‌കോപ്പ്  സ്വപ്നം കാണുന്നത്. ഒരു തവണയല്ല, എംബിബിഎസ് അല്ലാതെ മറ്റൊന്നിനും തൃപ്തിപ്പെടാതെ തോറ്റു പോകുന്ന ഓരോ തവണയും. വീട്ടിൽ ദാരിദ്ര്യമാണെങ്കിൽ പറയുകയും വേണ്ട. സ്വപ്നം കാണാൻ വിധിയില്ലാത്തവനും സ്വപ്നം കാണും ഒരു വെള്ളക്കോട്ട്. അത്, ഇതിന്റെ എന്തോ ഒരു മാജിക്‌ ആണ്, എനിക്കറിയില്ല. പറഞ്ഞു വന്നത് മറ്റൊന്നുമല്ല. പ്ലസ് ടു കഴിഞ്ഞ് അന്തംവിട്ട് നിൽക്കുമ്പോൾ ഒരു കുട്ടി തീരുമാനിക്കുകയാണ്. ഓരോ ശ്വാസത്തിലും മിടിപ്പിലും ഒരു സ്വപ്നം ചേർത്തു വയ്ക്കുകയാണ്. അതിന് വേണ്ടി സ്വയം അഗ്നിപരീകൾക്ക് തയാറാവുകയാണ്.

ആ തീരുമാനമാണ് അയാളെ എംബിബിഎസ് വിദ്യാർഥി ആക്കുന്നത്. ആ തീരുമാനം എടുക്കാൻ തയാറാണോ? ഇതാണ് ചോദ്യം. ഇത്ര ഔൺസ് ബുദ്ധിയുണ്ടോ, ഇത്ര ക്വിന്റൽ മാർക്ക്‌ ഉണ്ടോ എന്നൊന്നും അല്ല. തിരിച്ചു വയ്ക്കാത്ത ഒരു കാലടി; അവനവനും ദൈവത്തിനും കൊടുക്കുന്ന ഒരു ഉറപ്പ്. അതു മാത്രം മതി, അതു വേണം താനും. ഞാൻ എഴുതിത്തരാം, ഈ മനസ്സുള്ള ഒരാൾക്ക് എംബിബിഎസ് കിട്ടിയിരിക്കും, കിട്ടിയേ അവർ അടങ്ങൂ. ആ ത്യാഗത്തിന്റെ വിലയാണ് അവർക്ക് കിട്ടുന്ന സ്വീകാര്യത. അതിന്റെ കനൽ ചൂടാക്കിയാണ് അവർ മനുഷ്യരെ പഠിക്കുന്നത്, അവരെ സ്നേഹിക്കുന്നതും സ്വാന്തനിപ്പിക്കുന്നതും. ജനിക്കും മുൻപേ പരസ്പരം  പൊക്കിൾകൊടി വേർപെടുത്തിയവരാണ് ആയുഷ്‌കാരും  അലോപ്പതിക്കാരും. അത് നിറത്തിന്റെയോ ജാതിയുടെയോ ബുദ്ധിയുടെയോ  അറിവിന്റെ പോലുമോ വ്യത്യാസത്തിൽ അല്ല. സ്വയം സമർപ്പിക്കാൻ തയാറായവർ വേറിട്ടു നിൽക്കുന്നതാണ്‌. അതുകൊണ്ടാണ് ചിലർ ഹോമിയോ/ആയുർവേദം കഴിഞ്ഞും വീണ്ടും എൻട്രൻസ് എഴുതുന്നത്. 

വെറും ഒരു തീരുമാനത്തിന്റെ ശക്തി എത്രയെന്ന് മനസ്സിലാകുന്നുണ്ടോ? ആ ആത്മസമർപ്പണമാണ് വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠം. അതിനെ വില കുറച്ച് കാണരുത്. അതില്ലാതെ ഒരു ഭിഷഗ്വരൻ ഇല്ല.  പുസ്തകം വായിച്ചാൽ ഡോക്ടർ ആവില്ല,  പുസ്തകത്തിൽ അക്ഷരങ്ങളേ ഉള്ളൂ, ഉത്തരങ്ങളില്ല. അതിൽനിന്ന് രോഗിയുടെ ദുരിതത്തിനു മറുപടി കണ്ടെത്തുന്നയാളാണ് ഡോക്ടർ. ഡോക്ടർ ആകാൻ സത്യത്തിൽ ഒരു കോഴ്സ് ആവശ്യമില്ല, ഒരു കോഴ്സു കൊണ്ടും കാര്യവുമില്ല. അതൊരു തീരുമാനമാണ്. ആ തീരുമാനം കൈക്കൊള്ളുന്നവർ അലോപ്പതി മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്നത് യാദൃച്ഛികം 


ഡോ. അരുൺ ശ്രീ പരമേശ്വരൻ
കൺസൽറ്റന്റ് ഫിസിഷ്യൻ
ഡിപ്പാർട്ട്മെന്റ് ഒാഫ് ജനറൽ മെഡിസിൻ
മെഡിക്കൽ കോളജ്, പരിയാരം