Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ജു ബോബി ജോർജിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ

anju bobby george

അഞ്ജു ബോബി ജോർജിന് ആമുഖം ആവശ്യമില്ല. പ്രത്യേകിച്ച് മലയാളികൾക്ക്. നമ്മുടെ കൊച്ചു കേരളത്തിൽ ചങ്ങനാശേരിയിൽ ജനിച്ച്, വേൾഡ് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ ലോങ്ജംപിൽ മെഡൽ കരസ്ഥമാക്കിയ അഞ്ജുവിനു രാജ്യം പരമോന്നത കായിക പുരസ്കരമായ ഖേൽരത്ന സമ്മാനിച്ചിട്ടുണ്ട്. ഫിറ്റ്നസ്സിനു പ്രഥമ സ്ഥാനം കൽപിക്കുന്ന മേഖലയാണ് കായികം. അപ്പോൾ‌ രാജ്യാന്തര കായികതാരമായ അഞ്ജുവിനു ഫിറ്റ്നസ്സിനെ കുറിച്ച് ഏറെ പറയാനുണ്ടാകുമല്ലോ. സപോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളെ മനസ്സുറപ്പു കൊണ്ട് നേരിട്ട നമ്മുടെ സുവർണ താരം തന്റെ ആരോഗ്യജീവിതത്തെ കുറിച്ച്, ഭക്ഷണത്തിലെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുന്ന‍ു. 

വ്യായാമത്തിനായി നീക്കി വച്ച ദിനങ്ങൾ

വർഷങ്ങളോളം എന്റെ ആദ്യ പരിഗണന വ്യായാമത്തിനായിരുന്നു. സ്പോർട്സിൽ സജീവമായിരുന്ന കാലത്ത് ആഴ്ചയിൽ അഞ്ച് ദിവസം ട്രെയിനിങ് ഉണ്ട്. ദിവസവും എട്ട് മണിക്കൂറുകളോളം. രാവിലെ അ‍ഞ്ച് മണിക്ക് വ്യായാമം തുടങ്ങും. ഇപ്പോൾ ബെംഗളൂരുവിലാണ് താമസം. ഇന്ന് എന്റെ ഒരു ദിവസം തീരുമാനിക്കുന്നത് എന്റെ രണ്ടു മക്കളാണ്. ആറ് വയസ്സുകാരൻ ആരാണും മൂന്നു വയസ്സുകാരി ആൻഡ്രിയയും. കുട്ടികളെ സ്കൂളിൽ വിടാനുള്ള തിരക്കുകൾ ഉള്ളതുകൊണ്ട് രാവിലെ വ്യായാമം സാധിക്കില്ല. പക്ഷേ ഏതെങ്കിലും ഒരു സമയം ഉറപ്പായിട്ടും വ്യായാമം ചെയ്ത‍ിരിക്കും. അതു മുടക്കാറില്ല. വീട്ടിൽ ജിം ഉണ്ട്. യാത്രയ്ക്കിടയിലാണെങ്കിൽ ഹോട്ടലുകളിലുള്ള ജിമ്മിലും പോകും . സമയം കിട്ടുമ്പോൾ ഗ്രൗണ്ടിൽ പോയി വ്യായമം ചെയ്യും. പേശികളെ ടോൺ ചെയ്യാനുള്ള വ്യായാമുറകളാണ് കൂടുതലും ചെയ്യുക. ലോങ് ജംപിനു പേശികളുടെ ബലം വളരെ പ്രധാനപ്പെട്ട ഘടകമാണല്ലോ. ഏതു പേശിക്കാണോ ബലക്കുറവ് അനുഭവപ്പെടുക, ആ പേശി നോക്കി ചെയ്യും . കാർഡിയോ വ്യായാമങ്ങൾ ചെയ്യാറില്ല, ഒാട്ടമായാലും പ്രത്യേകര‍ീതിയിലാണ് ചെയ്യാറ്. 150 മീറ്റർ ഒാടിയാൽ അടുത്ത 50 മീറ്റർ നടക്കും. വീണ്ടും 150 മീറ്റർ ഒാടും . 

രണ്ടു പ്രസവവും സിസേറിയനായിരുന്നു. ആദ്യ പ്രസവം 34–ാം വയസ്സിലായിരുന്നു. എട്ടാം മാസത്തിൽ ചെറുതായ‍ി ഒന്നു വീണു തുടർന്ന് ആശുപത്രിയിൽ ചെയ്യുകയായിരുന്നു. പ്രസവത്തോടെ തടി കൂടി. 100 കിലോ അടുപ്പിച്ച് എത്തി. പ്രത്യേകിച്ച് വയർ. ഒരാഴ്ച വ്യായാമം ചെയ്യാതിരുന്നാൽ വയർ ചാടുന്ന ശരീരപ്രകൃതമാണ് എന്റേത്. അഞ്ചടി പത്ത് ഇഞ്ച‍ാണ് ഉയരം. ഉയരത്തിനനുസരിച്ച് 63–64 കിലോ മതി ശരീരഭാരം. ഇപ്പോൾ 70 കിലോ ആണ് ഭാരം. 

ഫാസ്റ്റ് ഫൂഡ് വേണ്ട‌

മത്സരവും മറ്റുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകൾ നടത്തിയിരുന്നതു കൊണ്ട് ഏതുതരം ഭക്ഷണവുമായും അഡ്ജസ്റ്റ് ചെയ്യാൻ കഴിയും. ട്രെയിനിങ് സമയത്ത് പച്ചക്കറികൾ പുഴുങ്ങിയതു പോലുള്ള പ്രത്യേക ഡയറ്റ് ആയിരുന്നു. ഇന്ന് ഇഷ്ടമുള്ളതൊക്കെ കഴിക്കും. കൃത്യമായി വ്യായാമം ചെയ്താൽ കഴിക്കുന്ന ആഹാരത്തിന്റെ അളവിനെ കുറിച്ച് വേവലാതിപ്പെടേണ്ട എന്നാണ് എന്റെ അഭിപ്രായം. മാംസവും പച്ചക്കറികളും വാങ്ങുമ്പോൾ പ്രത്യേക ശ്രദ്ധയുണ്ട്. കോഴിയാണെങ്കിൽ ബ്രോയിലർ കോഴിയിറച്ചി വാങ്ങാറില്ല. നാടൻ കോഴി മാത്രമേ ഉപയോഗിക്കൂ. ജൈവ പച്ചക്കറിയാണ് വാങ്ങുന്നത്. വീട്ടുവളപ്പിലും അത്യവശ്യം കൃഷ‍‌ി ചെയ്യുന്നുണ്ട്. മിക്ക ദിവസവും മീൻ കഴിക്കാറുണ്ട്. പാൽ ആണെങ്കിലും പുല്ല് മാത്രം തിന്നുന്ന നാടൻ പശുവിന്റെ പാലാണ് വാങ്ങിക്കാറ്. എനിക്ക് ഫാസ്റ്റ് ഫൂഡ് വലിയ താൽപര്യമില്ല. കുട്ടികൾക്കും അവയൊന്നും നൽകാറില്ല. കൊഴുപ്പു കുറവുള്ളതാണ് കൂടുതലും കുട്ടികൾക്ക് നൽകുക. മൂന്നു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഇടനേരങ്ങളിൽ ഒന്നും കഴിക്കാറില്ല. രാവിലെയും വൈകുന്നേരവും പാൽ ചേർത്ത കോഫി കുടിക്കും നാടൻ‌ ഭക്ഷണത്തോട് പ്രത്യേക താൽപര്യമാണ്. ചക്ക, കപ്പ എന്നിവയൊക്കെ എന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. ചുവന്ന മാംസവും ഉപയോഗിക്കും. പേശ‍ീവളർച്ചയ്ക്ക് ഇവ സഹായിക്കും. പക്ഷേ മത്സരസമയങ്ങളിൽ കോഴിയിറച്ചിയാണ് ഇത്തമം. 

പാചകവും വിഭവങ്ങളും

അത്യാവശ്യം നന്നായി ഞാൻ പാചകം ചെയ്യും. കറികൾക്ക് നാട്ടിൽ നിന്നു കൊണ്ടുവരുന്ന ആട്ടിയ വെള‍ിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. തേങ്ങ ഉപയോഗിക്കുന്നതിലും പിശുക്ക് ഇല്ല. ബ്രേക്ക് ഫ്സ്റ്റ‍ിനു സാധാരണയായി നമ്മുടെ നാടൻ വിഭവങ്ങളായ ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം ഒക്കെയാണ്. ഇടയ്ക്ക് വ്യത്യസ്തതയ്ക്കു വേണ്ടി യൂറോപ്യൻ വിഭവങ്ങളും പരീക്ഷിക്കാറുണ്ട്. ഉച്ചയ്ക്ക് ചോറും മീനും തോരനും ഒക്കെയായി സമൃദ്ധമാണ്. പക്ഷേ അത്താഴമെനുവിൽ ചോറിനു സ്ഥാനമില്ല. പകരം ചപ്പാത്തി. ഒപ്പം കോഴിയിറച്ചിയോ മറ്റോ. കുട്ടികൾ‌ക്കാണെങ്കിൽ സ്നാക്കുകൾ കൊട‍ുക്കുന്ന പതിവില്ല. സ്കൂളിൽ നിന്നു വരുമ്പോൾ ചൂടോടെ ദോശയോ മറ്റോ ഉണ്ടാക്കി കൊടുക്കും. 

പ്രതിസന്ധികളിൽ‌ തളര‍ാറില്ല

കുറച്ച് ടെൻ‌ഷനൊക്കെ വേണമെന്നാണ് എന്റെ അഭിപ്രായം. ടെൻഷൻ ഇല്ലെങ്കിൽ ജീവിതത്തിൽ ഉയർന്നുവരാൻ‌ സാധിക്കില്ല. ഒളിമ്പിക്സിൽ പങ്കെടുത്തപ്പോഴാണെങ്കിൽ പോലും നിയന്ത്രിക്കാൻ‌ പറ്റാത്ത തരത്തിലുള്ള ടെൻഷനൊന്നും അനുഭവിച്ചിട്ടില്ല. ആത്മവിശ്വാസമാകാം കാരണം. യഥ‍ാർഥ കായികതാകമായതു കൊണ്ട് തന്നെ വിവാദങ്ങളും പ്രശ്നങ്ങളും വന്നാൽ കൈകാര്യം ചെയ്യാൻ അറിയാം. പ്രശ്നങ്ങളൊന്നും ഒരുപരിധിയിൽ കൂടുതൽ വേദനിപ്പിക്കാറില്ല. തെറ്റ് ചെയ്തവരല്ലേ പേടിക്കേണ്ടതുള്ളൂ..

സ്പോർട്സ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. പവിത്രമാണ്. ഈ രംഗത്തെ സംരക്ഷിക്കുക എന്നത്. കായികതാരമായതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിനു ബലമുണ്ട്, പെർഫെക്റ്റ് ആണ്. മനസ്സിനും നല്ല കരുത്തുണ്ട്. അതുകൊണ്ട് തന്നെ എന്തു പ്രശ്നം വന്നാലും നേരിടാനുള്ള ധൈര്യം എനിക്കുണ്ട്. തൊഴിലിന്റെ കാര്യത്തിലായാലും വ്യക്തിപരമായ കാര്യങ്ങളിലാണെങ്കിലും മൂല്യം കാത്തുസൂക്ഷിക്കണമെന്നാണ് എന്റെ പോളിസി‍. 

Read more: ഉണ്ണി മുകുന്ദന്റെ ഫിറ്റ്നസ് സീക്രട്ട്സ്