Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം കുറഞ്ഞാൽ അരവണ്ണം കൂടും

495144799

ഭക്ഷണം അധികം കഴിക്കാറില്ല. എന്നിട്ടും ഈയിടെയായി വണ്ണം കൂടുന്നു. എന്താവാം കാരണം? കാരണം അറിയാൻ നിങ്ങൾ എത്രമാത്രം ഉറങ്ങുന്നു എന്നു മാത്രം നോക്കിയാൽ മതി. കാരണം ഉറക്കം കുറയുന്നത് അരവണ്ണം കൂടാൻ കാരണമാകും എന്നാണ് പുതിയ പഠനവിവരം.

ആരോഗ്യമുള്ള ശരീരം വേണോ എങ്കിൽ 7 മുതൽ 9 മണിക്കൂർ വരെ ദിവസവും ഉറങ്ങുന്നതാകും നല്ലത്. രാത്രി ആറുമണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ അരവണ്ണം കൂടുമെന്ന് ബ്രിട്ടനിലെ ഗവേഷകരാണ് മുന്നറിയിപ്പ് നൽകുന്നത്.

ഉറക്കം മനുഷ്യന് എത്രമാത്രം ആവശ്യമാണെന്ന് ഈ പഠനഫലം പറയുന്നു. മതിയായ ഉറക്കം ലഭിക്കാത്തവർക്ക് അമിതഭാരം, പൊണ്ണത്തടി, ഉപാപചയ പ്രവർത്തനങ്ങൾ നേരായരീതിയിൽ നടക്കാത്തതു മൂലം പ്രമേഹം ഇതിനെല്ലാം സാധ്യതയുണ്ട്.

രാത്രി 9 മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ആറുമണിക്കൂർ മാത്രം ഉറങ്ങുന്നവർക്ക് അരവണ്ണം മൂന്നു സെന്റീമീറ്റർ കൂടുതലായിരിക്കുമെന്ന് ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷയറിലെ ലീഡ്സ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു.

ഉറങ്ങുന്ന സമയവും, ഭക്ഷണം, ശരീരഭാരം ഇവ മാത്രമല്ല ആരോഗ്യ സൂചകങ്ങളായ രക്തസമ്മർദ്ദം, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, തൈറോയ്ഡിന്റെ പ്രവർത്തനം ഇവ തമ്മിലുള്ള ബന്ധവും പരിശോധിച്ചു എന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. ലോറ ഹാർഡി പറഞ്ഞു.

1615 മുതർന്നവരിലാണ് പഠനം നടത്തിയത്. ഇവർ എത്രസമയം ഉറങ്ങുന്നു എന്നും ഭക്ഷണം കഴിക്കുന്നതിന്റെ വിശദവിവരങ്ങളും ഗവേഷകർക്കു നൽകി. ഇവരുടെ രക്തസാമ്പിളുകൾ എടുക്കുകയും കൂടാതെ ശരീരഭാരം, അരവണ്ണം, രക്തസമ്മർദ്ദം ഇവയും രേഖപ്പെടുത്തി.

പൊണ്ണത്തടി നിരവധി രോഗങ്ങൾക്കു കാരണമാകും; പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്. നല്ല കൊളസ്ട്രോൾ കുറയുന്നതിന് ഉറക്കക്കുറവുമായി ബന്ധമുണ്ടെന്ന് പഠനത്തിൽ കണ്ടു. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു കാരണവും ഉറക്കക്കുറവാണ്– ഗവേഷകനായ ഗ്രെഗ് പോട്ടർ പറയുന്നു.

രക്തത്തിലെ ചീത്ത കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്ന നല്ല കൊളസ്ട്രോൾ ആണ് HDL. അങ്ങനെ ഹൃദ്രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്നു,

മുതിർന്നവരിൽ അവരുടെ പ്രായത്തിലുള്ളവരെക്കാൾ കുറച്ചു മാത്രം ഉറങ്ങുന്നവരിൽ അമിതഭാരവും പൊണ്ണത്തടിയും ഉള്ളതായി കണ്ടു. മതിയായ ഉറക്കം ലഭിക്കേണ്ടതിന്റെ ആവശ്യകത ഈ പഠനം ചൂണ്ടിക്കാട്ടുന്നു.                  

എത്ര സമയം ഉറങ്ങണം എന്നത് ഓരോരുത്തരിലും വ്യത്യസ്തമാകാം. എന്നാൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് പ്ലസ്‌വൺ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനംപറയുന്നു.

Read More : Health and Fitness