Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടക്കാൻ മടിയുള്ളവർക്ക് പരീക്ഷിക്കാം വാക്കിങ് വിത്ത് മ്യൂസിക്ക്

walking-with-music

വ്യായാമം ചെയ്യാൻ മടിയുള്ളവരാണ് മിക്കവരും. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന നടത്തം പോലും ആദ്യത്തെ ഒരാഴ്ച കഴിയുമ്പോൾ മടുത്തു മതിയാക്കും. മോണിങ് വാക്ക് രസകരമാക്കാൻ അമേരിക്കയിലെ ഡോക്ടർമാർ നിർദേശിക്കുന്ന ഒരു സൂത്രമുണ്ട്- വാക്ക് വിത്ത് മ്യൂസിക്ക്. 

സംഗതി മനസ്സിലായിക്കാണുമെന്നു കരുതുന്നു. പാട്ടുകേട്ടു നടത്തം. ചുമ്മാ ഏതെങ്കിലും പാട്ടുകേട്ട് നടന്നാൽ പോര. നിങ്ങളുടെ ഡയറ്റീഷ്യനുമായി ചർച്ച ചെയ്തുവേണം പാട്ടുകൾ തീരുമാനിക്കാൻ. പാട്ടുകളുടെ ഭാഷ പ്രശ്നമല്ല. പകരം അവയുടെ താളത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതത്രേ. പതിഞ്ഞ താളത്തിലുള്ള പാട്ടുകൾ, ഇടത്തരം വേഗതാളത്തിലുള്ള പാട്ടുകൾ, ഫാസ്റ്റ് നമ്പറുകളായ റാപ്, പോപ്, ജാസ് അങ്ങനെ വ്യത്യസ്തമായ പാട്ടുകൾ കേട്ടുകൊണ്ടു വേണം നടക്കാൻ. 

നടത്തം തുടങ്ങുമ്പോൾ പതിഞ്ഞ താളത്തിലുള്ള മെലഡിയോ ഇൻസ്ട്രുമെന്റൽ മ്യൂസിക്കോ കേൾക്കുക. ഇത് നിങ്ങൾക്ക് മനസ്സിന് ശാന്തത നൽകും. വളരെ പോസിറ്റീവ് ആയ എനർജി പങ്കുവയ്ക്കാൻ ഈ ശാന്തസംഗീതത്തിനു സാധിക്കും. അടുത്ത പാട്ട് അൽപം വേഗത്തിലുള്ളത് സെറ്റ് ചെയ്യുക. അടുത്തത് അതിലും വേഗത്തിൽ. പാട്ടിന്റെ താളം മുറുകുന്നതിനനുസരിച്ച് നടത്തം ഉഷാറാക്കാം. 

നൃത്തം ചെയ്യുന്ന പോലെ കൈകൾ ആഞ്ഞുവീശി, ചുവടുകൾ ആഞ്ഞുചവിട്ടി നടക്കാം. റാപ്, പോപ്, ഹിപ് ഹോപ് സംഗീതത്തിന് ഈ വേഗം നൽകാനാവും. എന്നു കരുതി തുടർച്ചയായി മൈക്കൽ ജാക്സൺ സ്റ്റൈലിലുള്ള പാട്ടുകൾ കേട്ട് കുതിച്ചുചാടി നടന്നാൽ വേഗം ക്ഷീണിക്കും. അതുകൊണ്ട് ഇടയ്ക്ക് വീണ്ടും മെലഡിയിലേക്കു മടങ്ങാം. വീണ്ടും ഫാസ്റ്റ് നമ്പറിേലക്ക്. ഒടുവിൽ ശാന്തമായ സംഗീതം ആസ്വദിച്ച് നടത്തം അവസാനിപ്പിക്കാം. 

വെറുതെ ഓരോന്നാലോചിച്ച് നടക്കുന്നതിനേക്കാൾ വളരെ ഗുണം ചെയ്യുമത്രേ വാക്കിങ് വിത്ത് മ്യൂസിക്ക്. ഇങ്ങനെ പാട്ടുകൾ കേട്ടു മതിമറന്നു നടന്ന് തട്ടിവീഴാതിരിക്കാൻ ശ്രദ്ധിക്കണം. ട്രാഫിക് ഇല്ലാത്ത പാതകൾ വേണം ഇതിനു തിരഞ്ഞെടുക്കാൻ. നടത്തത്തിനിടയിൽ പരദൂഷണവുമായി വരുന്ന സുഹൃത്തുക്കളെ ഒഴിവാക്കാനും ഈ വിദ്യ  സഹായിക്കും. മാത്രമല്ല നടത്തത്തോടുള്ള വിരസതയും അവസാനിക്കും. അപ്പോൾ നാളെത്തന്നെ തുടങ്ങുകയല്ലേ വാക്കിങ് വിത്ത് മ്യൂസിക്ക്. 

Read More: Fitness Magazine