Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഴ്ചയിൽ 5 ദിവസം അരമണിക്കൂർ വ്യായാമം ചെയ്താൽ?

fitness

ആഴ്ചയിൽ 5 ദിവസം അരമണിക്കൂർ വ്യായാമം ചെയ്താൽ ഹൃദയസംബന്ധമായ രോഗങ്ങൾ തടയാം. ഇതിനായി ആരും ജിമ്മിലൊന്നും പോകേണ്ടതില്ല. വീട്ടിൽ തന്നെ നടത്തമോ ഓഫീസിലേക്കുള്ള നടപ്പോ തന്നെ ധാരാളം. ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിലെ 1,30000 പേരിൽ ലാൻസെറ്റ് മാഗസിൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഴ്ചയിൽ 750 മിനിറ്റ് നടന്നാൽ ഇതിലുമേറെ രോഗസാധ്യത കുറയും.

നഗര ഗ്രാമ പ്രദേശങ്ങളിൽ നിന്ന് 35 നും 70 നും ഇടയിൽ പ്രായമുള്ള 1,30,843 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇവർ ചോദ്യാവലി പൂരിപ്പിച്ചു നൽകി. ചെന്നൈ, തിരുവനന്തപുരം, ജയ്പൂർ, ചണ്ഡിഗഡ്, ബംഗലൂരു മുലായ ഇന്ത്യൻ നഗരങ്ങളിലെ ആളുകളിൽ നിന്നും വിവരശേഖരണം നടത്തി.

ഇന്ത്യയെ സംബന്ധിച്ച് ഈ പഠനം വളരെ പ്രസക്തമാണ്. ഇന്ത്യയിലെ ജനങ്ങൾ ജോലി സ്ഥലത്തും യാത്രാവേളയിലും വളരെ ആക്ടീവ് ആണ്. അതുകൊണ്ട് ശാരീരിക പ്രവർത്തനം നിത്യജീവിതത്തിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മരണനിരക്ക് കുറയ്ക്കാനും സഹായകമാണ് എന്ന് മദ്രാസ് ഡയബറ്റിസ് പ്രസിഡന്റ് ആയ ഡോ. ആർ എം അഞ്ജന പറയുന്നു.

ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്ന 35 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം അപകടകരമായ രീതിയിൽ വർധിക്കുകയാണെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. 2015–16 നെ അപേക്ഷിച്ച് 2016–17 കാലയളവിൽ ഇത്തരം കേസുകൾ 40 ശതമാനം  വർധിച്ചു.

ബംഗലൂരുവിലെ ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് ഹൃദ്രോഗം വരാൻ സാധ്യത കൂടുതലാണ്. വേദനസംഹാരികളുടെയും ഗർഭനിരോധന ഗുളികകളുടെയും ദീർഘകാല ഉപയോഗം ഹൃദയധമനികളിൽ രക്തം കട്ടപിടിക്കാൻ കാരണമാകും.

18 മുതൽ‌ 64 വയസ്സുവരെ പ്രായമുള്ളവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യണം എന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. മിതമായതു മുതൽ കഠിനവ്യായാമം വരെ ചെയ്യണം. ആഴ്ചയിൽ രണ്ടു ദിവസം പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമവും ചെയ്യണം– ഡബ്ലൂഎച്ച്ഒ നിർദേശിക്കുന്നു. എന്നാൽ ലോകജനസംഖ്യയിൽ നാലിലൊന്നു പേരും ഈ മാർഗരേഖ പിന്തുടരുന്നില്ല.

Read More : Health and Fitness, Yoga