Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നൂ... പൊണ്ണത്തടി കുറയ്ക്കും മരുന്ന്

cancer-obesity

ഈ തടിയൊന്ന് വല്ലവിധേനയും കുറഞ്ഞാൽ മതി എന്നു വിചാരിക്കുന്ന പൊണ്ണത്തടിയന്മാർക്ക് ഒരു സന്തോഷവാർത്തയുണ്ട്. വെറും 12 ആഴ്ചകൊണ്ട് വണ്ണം കുറയ്ക്കുന്ന പരീക്ഷണ മരുന്ന് ഗവേഷകർ വികസിപ്പിച്ചു.

തലച്ചോറിലെ വിശപ്പ് നിയന്ത്രിക്കാനുള്ള സംവിധാനത്തെ ലക്ഷ്യമാക്കുന്ന ഈ മരുന്ന് ശരീരഭാരവും പൊണ്ണത്തടിയും കുറയ്ക്കാൻ സഹായിക്കും.

സെമാഗ്ലൂട്ടെഡ് എന്ന ഈ പുതിയ മരുന്ന് ഡാനിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക്, പ്രമേഹ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ്.

പൊണ്ണത്തടി കുറയ്ക്കാനുള്ള മരുന്നുകൾ സാധാരണ ആറുമാസം കൊണ്ടേ ഫലം കാണൂ. എന്നാൽ 12 ആഴ്ച കൊണ്ടു തന്നെ ഈ മരുന്ന് ഫലം കണ്ടു.

ഹൈപ്പോതലാമസിൽ വിശപ്പു നിയന്ത്രിക്കുന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ജി എൽ പി –1 എന്ന ഹോർമോണിന്റെ അതേ രാസഘടനയാണ് ഈ മരുന്നിനും ഉള്ളത്.

30 മുതൽ 45 Kg/m2 ബോഡി മാസ് ഇൻഡക്സ് ഉള്ള 28 പേർക്ക് ഈ മരുന്ന് നൽകി. പഠനത്തിൽ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. പകുതിപേർക്ക് സെമാഗ്ലൂട്ടൈഡും മറ്റേ പകുതിക്ക് ഡമ്മി (placebo) ഗുളികകളും 12 ആഴ്ച നൽകി. 12 ആഴ്ചയ്ക്കു ശേഷം ഇവരെ ഒരു പരിശോധനാ കേന്ദ്രത്തിലേക്കു വരുത്തി. ഉച്ചഭക്ഷണവും വൈകിട്ടത്തെ ഭക്ഷണവും ആവശ്യമുള്ളത് വയറു നിറയെ കഴിക്കാൻ ആവശ്യപ്പെട്ടു. അവർ എന്തു കഴിക്കുന്നു എന്നത് രേഖപ്പെടുത്തി. അവരുടെ ഭക്ഷണ താൽപ്പര്യങ്ങളും ഭക്ഷണത്തോടുള്ള ആഗ്രഹവും മനസ്സിലാക്കി. ശരീരഭാരം ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം ഇവയും രേഖപ്പെടുത്തി.

സെമാഗ്ലൂട്ടൈഡ് കഴിച്ചവരിൽ പ്ലാസിബോ നൽകിയും ഇതേ പ്രക്രിയ ആവർത്തിച്ചു ഫലം താരതമ്യപ്പെടുത്തി. സെമാഗ്ലൂട്ടൈഡ് കഴിച്ചവരിൽ ശരാശരി ഊർജ്ജം അകത്താക്കുന്നത് (ഭക്ഷണം കഴിക്കുന്നതിന്റെ അളവ് 24 ശതമാനം കുറഞ്ഞതായി കണ്ടു.)

ആഴ്ച തോറും സെമാഗ്ലൂട്ടൈഡ് കഴിച്ചവരിൽ 12 ആഴ്ച കൊണ്ട് 5 കിലോ ശരീരഭാരം കുറയ്ക്കാൻ സാധിച്ചു.

ശരീരഭാരം പ്രധാനമായും കുറഞ്ഞത് ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞതോടെയാണ്. ഈ മരുന്ന് കഴിച്ചവരിൽ ഭക്ഷണത്തോടുള്ള ആർത്തി കുറഞ്ഞു. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാതിരുന്നതും ചെറിയ അളവിൽ ഭക്ഷണം കഴിച്ചതും ശരീരഭാരം കുറയാൻ കാരണമായി.

ഉപാപചയ പ്രവർത്തനങ്ങളിൽ നിന്നുള്ള എനർജി എക്സ്പൻഡിച്ചറും അളന്നു. പരീക്ഷണ കാലയളവു മുഴുവൻ ഇത് ഒരുപോലെ ആയിരുന്നു. അതായത് മെറ്റബോളിസം കൂടുതൽ ആയതുകൊണ്ടല്ല ശരീരഭാരം കുറയുന്നത് എന്ന് ചുരുക്കം.

പൊണ്ണത്തടി അകറ്റാൻ മരുന്നു ചികിത്സ എങ്ങനെ ഉപയോഗിക്കാമെന്ന് ശാസ്ത്രീയമായി ഈ പഠനം മനസിലാക്കിത്തരുന്നു.

തലച്ചോറിന്റെ വിശപ്പു നിയന്ത്രിക്കുന്ന കേന്ദ്രത്തെ ബാധിക്കുന്ന റിസപ്റ്ററുകളെയും സെൻസറുകളെയും ലക്ഷ്യമാക്കുന്നതിന്റെ ഗുണങ്ങൾ ഗവേഷകർ ആദ്യമായി കണ്ടു.

ലീസ്ഡ് സർവകലാശാലയിലെ സൈക്കോബയോളജി പ്രൊഫസറായ ജോൺ ബ്ലണ്ടലിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം ഡയബറ്റിസ് മെറ്റബോളിസം ആൻഡ് ഒബേസിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : Health and Fitness