Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ; എങ്കില്‍ കാരണങ്ങള്‍ ഇതൊക്കെയാകാം

641963334

വണ്ണം കുറയ്ക്കാന്‍ എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ മിക്കവരും തയാറാണ്. കഴിഞ്ഞ വര്‍ഷം  പാകമായിരുന്ന പല വേഷങ്ങളും ഈ വർഷം അണിയാന്‍ കഴിയാതെ വരുമ്പോഴാണ് വണ്ണം കൂടിയെന്ന യാഥാര്‍ഥ്യം പലപ്പോഴും നമ്മള്‍ മനസ്സിലാക്കുന്നത്. ഇതോടെ എങ്ങനെയെങ്കിലും ഭാരം കുറച്ചേ മതിയാകൂ എന്ന തീരുമാനത്തില്‍ എത്തും. ഇതിനു വേണ്ടി ജിമ്മിലോ യോഗയോ സൂംബയോ എന്തുമാകട്ടെ എത്ര അധ്വാനം നടത്താനും നമ്മള്‍ തയാറാണ്. എന്നിട്ടും ഭാരം കുറയുന്നില്ലെങ്കിലോ?  എങ്കില്‍ സംഗതി വേറെയാണ്. 

നിങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കാത്ത ചില ശീലങ്ങള്‍ തന്നെയാണ് ഈ ഭാരക്കൂടുതലിനു കാരണം. അത് എന്തൊക്കെയാണെന്നു നോക്കാം.

ഉറക്കം 

ഒരു മനുഷ്യന് ഭക്ഷണത്തോളം തന്നെ അത്യാവശ്യമായി വേണ്ട ഒന്നാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ ആരോഗ്യത്തെ ബാധിക്കും. ഉറക്കകുറവ് വിശപ്പ്‌ കൂടാനും ഒരു കാരണമാണ്. കൂടാതെ എത്രയൊക്കെ ശാരീരികാധ്വാനം നടത്തിയാലും ഉറക്കം ശരിയല്ലെങ്കില്‍ കലോറി ശരീരത്തില്‍ നിന്നും വേഗം നഷ്ടമാകില്ല. ദിവസവും 7-8 മണിക്കൂര്‍ നേരം ഒന്നുറങ്ങിനോക്കൂ, ശരീരഭാരം കുറയുന്നത് നിങ്ങൾക്കുതന്നെ ബോധ്യമാകും. ഇനി നല്ലുറക്കം ലഭിക്കുന്നില്ലെങ്കില്‍ ഒരുഡോക്ടറെ കണ്ടു പരിഹരിക്കാം. ഒരു സ്‌ലീപ്‌ സ്പെഷ്യലിസ്റ്റിനു നിങ്ങളെ സഹായിക്കാന്‍ സാധിക്കും.

പോഷകവും അമിതമായാല്‍ ആപത്ത്

ചിലര്‍ക്കൊരു വിശ്വാസമുണ്ട്, പോഷകാഹാരങ്ങള്‍ എത്ര കൂടുതല്‍ അകത്താക്കാമോ അത്രയും നന്നെന്ന്. ഇത് വളരെ തെറ്റായ വിശ്വാസമാണ്. കാരണം ഡയറ്റിങും വ്യായാമവുമൊക്കെ ചെയ്യുമ്പോള്‍ പോഷകസമ്പന്നമായ ആഹാരം കഴിക്കേണ്ടത്‌ നിര്‍ബന്ധമാണ്‌. എന്നു കരുതി ഉള്ളതെല്ലാം വാരിവലിച്ചു കഴിച്ചാല്‍ അത് വീണ്ടും തടികൂടാനേ സഹായിക്കൂ.

കാര്‍ബോഹൈഡ്രേറ്റ്

കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം തടികുറയ്ക്കുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ചു ടൈപ്പ് 2 വിഭാഗത്തിലെ പ്രമേഹക്കാര്‍ക്ക്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ആഹാരം വിശപ്പ്‌ കുറയ്ക്കാനും സഹായിക്കും. 

ടെന്‍ഷന്‍... ടെന്‍ഷന്‍ 

തടികൂട്ടാന്‍ ഇതിലും മികച്ചൊരു വില്ലനില്ല. അതെ ടെന്‍ഷന്‍ തന്നെ. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നത് ഫാറ്റ് അടിയാന്‍ കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ജോലി സ്ഥലത്തോ സ്വകാര്യജീവിതത്തിലോ ഉണ്ടാകുന്ന അമിതമായ ടെന്‍ഷനുകള്‍ എങ്ങനെയാണ് വില്ലനാകുന്നതെന്ന് മനസ്സിലായല്ലോ..

ചില രോഗങ്ങള്‍ 

എത്രയൊക്കെ ശ്രമിച്ചിട്ടും തടി കുറയാതെ വരുമ്പോഴാണ് പലരും ഇത് ശ്രദ്ധിക്കുന്നത്. സ്‌ലീപ്‌ അപ്നിയ, ഹൈപ്പോതൈറോയ്ഡ്, സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന  പിസിഒഎസ് (PCOS ), എന്നീ പ്രശ്നങ്ങള്‍  ഇതിനു പിന്നിലെ കാരണമാകാം. 

പട്ടിണി വേണ്ട 

പട്ടിണി കിടന്നാല്‍ മെലിയാമെന്നു വിചാരിക്കുന്നവർ കുറവല്ല. ഇതില്‍പ്പരമൊരു മണ്ടത്തരം വേറെയില്ല. പട്ടിണി കിടന്നാല്‍ വണ്ണം കുറയും പക്ഷേ നിങ്ങളുടെ ശരീരത്തിന്റെ തന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ അതു തകര്‍ക്കുകയാണ്. അതുകൊണ്ട് പട്ടിണി കിടന്നുള്ള മെലിയല്‍ വേണ്ടേ വേണ്ട.

പെട്ടന്ന് ഒന്നും നടക്കില്ല 

വ്യായാമമോ ഭക്ഷണനിയന്ത്രണമോ ചെയ്യാന്‍ ആരംഭിച്ചു അടുത്തനാള്‍ തന്നെ ശരീരഭാരം കുറയണമെന്നാണ് ആഗ്രഹം. ആദ്യം തന്നെ പറയട്ടെ ഭാരം എടിപിടിയെന്നു കുറയില്ല. അതിനു അതിന്റെതായ സമയമെടുക്കും. ശരിയായ രീതിയില്‍ മുന്നോട്ടു പോയാല്‍ മാത്രമേ ഫലം ലഭിക്കൂ.

ഇടയ്ക്കിടെ ലഘുഭക്ഷണം വേണ്ട 

വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷം വിശപ്പ്‌ മാറ്റാനായി ഇടയ്ക്കിടെ ലഘുഭക്ഷണം ശീലമാക്കിയിട്ടുള്ളവര്‍ അത് ഒഴിവാക്കുകയാണ് നല്ലത്. കാരണം കഷ്ടപ്പെട്ട് ശരീരത്തില്‍ നിന്നും പുറംതള്ളിയ കലോറി തിരിച്ചു കൊണ്ട് വരാനേ ഇത് സഹായിക്കൂ. പഴച്ചാറുകള്‍ കുടിക്കുക, വെള്ളം ധാരാളം കുടിക്കുക , വിശപ്പിനു അധികം കൊഴുപ്പില്ലാത്ത ലഘുഭക്ഷണം കഴിക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരം.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം 

എത്ര കഴിച്ചു എന്നതിലല്ല എന്തു കഴിച്ചു എന്നതാണ് അറിയേണ്ടത്. വെറുതെ കണ്ണില്‍ കണ്ടതെല്ലാം കഴിച്ചിട്ടു കാര്യമില്ല. വണ്ണം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരം വേണം കഴിക്കാന്‍. പ്രാതലിലും മറ്റും പ്രോട്ടീന്‍ ധാരാളം ഉണ്ടെന്നു ഉറപ്പു വരുത്തുക. ഇടയ്ക്കിടെയുള്ള വിശപ്പിനും ഇതു ശമനം നല്‍കും. 

എല്ലാത്തിനുമൊരു കണക്ക്  സൂക്ഷിക്കാം

നമ്മള്‍ ദിവസവും എത്ര കലോറി ആഹാരം കഴിച്ചു എന്നത് അറിയാനായി ഒരു ഡയറി  സൂക്ഷിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാനായി ഡയറ്റ് പാലിക്കുമ്പോള്‍ ഇത് ഉപകാരപ്രദമാണ്. 

എല്ലാത്തിനും ഉപരിയായി ടെന്‍ഷനെ അതിന്റെ പാട്ടിനു വിടുക. എപ്പോഴും സന്തോഷത്തോടും സമാധാനത്തോടുമിരിക്കുക എന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നത് മനസ്സിലാക്കുക.

Read More : Health and Fitness Tips