Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മിലെ തുടക്കക്കാര്‍ ശ്രദ്ധിക്കുക; ഇതൊക്കെ നിങ്ങള്‍ പാലിക്കുന്നുണ്ടോ?

gym-workout

ജിമ്മില്‍ പോയി വര്‍ക്ഔട്ട്‌ ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷന്‍ തന്നെയായി മാറിയിട്ടുണ്ട്. രാവിലെയോ വൈകിട്ടോ ഒരൽപ്പനേരം ജിമ്മില്‍ പോകുന്നത് ഇപ്പോള്‍ മിക്കവരുടെയും പതിവാണ്. ചിലര്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഠിനപരിശ്രമം നടത്തുമ്പോള്‍ ചിലരാകട്ടെ ഒരു വ്യായാമം എന്ന നിലയ്ക്കാണ് ജിമ്മിലേക്ക് പോകുന്നത്. സംഗതി എന്തായാലും ജിമ്മില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

ജിമ്മില്‍ പോകുന്നവര്‍ ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം വെറുതെ പോയി കുറച്ചു വ്യായാമം ചെയ്തതു കൊണ്ടു മാത്രം നിങ്ങള്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നതാണ്. കൃത്യമായ ഡയറ്റ് പാലിച്ചാല്‍ മാത്രമേ കഷ്ടപ്പെടുന്നതിന്റെ ഗുണം ലഭിക്കൂ. നിങ്ങളുടെ പ്രതിരോധശേഷിയെ തകര്‍ത്തുകൊണ്ടാകരുത് വര്‍ക്ഔട്ട്‌ നടത്തേണ്ടത്.

എന്തൊക്കെ ചെയ്യണം? 

ജിമ്മില്‍ പോകും മുന്‍പ് ആദ്യം അറിയേണ്ടത് നിങ്ങൾക്ക് എന്തെങ്കിലും പോഷകാഹാരകുറവുകള്‍ ഉണ്ടോ എന്നാണ്. ഉദാഹരണത്തിന് വിറ്റമിന്‍ ഡിയുടെയോ കാല്‍സ്യത്തിന്റെയോ കുറവുള്ളവര്‍ക്ക് പെട്ടെന്നുള്ള വര്‍ക്ക്‌ഔട്ട്‌ പ്രതിരോധശേഷി കുറയാനോ, ഒടിവുകള്‍ സംഭവിക്കാനോ കാരണമായേക്കാം. മഗ്നീഷ്യത്തിന്റെ കുറവുള്ളവര്‍ക്ക് കൈകാല്‍ വേദന ഉണ്ടാകാം.

എന്തു കഴിക്കാം?  

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ആഹാരമാണ് വര്‍ക്ക്‌ ഔട്ട്‌ ആരംഭിച്ചാല്‍ കഴിക്കേണ്ടത്‌. ഉദാഹരണത്തിന് പഴങ്ങള്‍, നട്ട് ബട്ടര്‍, അല്ലെങ്കില്‍ ഒരു കപ്പ്‌ തൈരും പഴങ്ങളും, വേവിച്ച ഉരുളക്കിഴങ്ങ്‌, നട്സ് എന്നിവ ജിമ്മിലെ തുടക്കക്കാര്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണസാധനങ്ങളാണ്. മറ്റു വ്യായാമങ്ങള്‍ ഒന്നും ചെയ്യാതിരുന്നു പെട്ടെന്നൊരുനാള്‍ കഠിനമായ വ്യായാമങ്ങള്‍ ആരംഭിക്കുമ്പോള്‍ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നത് പ്രധാനമാണ്. ഇത് ലഭിക്കാതെ വരുമ്പോഴാണ് തലകറക്കം, ക്ഷീണം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുക.

വെള്ളം കുടിക്കാന്‍ മറക്കല്ലേ 

വെള്ളം കുടിയും വ്യായാമവും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കേണ്ട കാര്യമില്ല. ശരീരത്തില്‍ ആവശ്യമായ ജലാംശം ഇല്ലാതെ എന്ത് ചെയ്താലും അതിന്റെ വിപരീതഫലമാകും ലഭിക്കുക. വ്യായാമം ചെയ്യുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും നന്നായി വെള്ളം കുടിക്കണം. നന്നായി വിയര്‍ക്കുന്ന ഒരാള്‍ കുറഞ്ഞത്‌  500-600  മില്ലിലിറ്റര്‍ വെള്ളമെങ്കിലും ഇത്തരത്തില്‍ കുടിക്കണം. 

വെള്ളം കുടിച്ച ശേഷവും വ്യായാമം കഴിഞ്ഞ ശേഷവും നിങ്ങളുടെ ഭാരം അളക്കുന്നത് നല്ലതാണ്. ഇതുവഴി എത്രത്തോളം ജലാംശം ആവശ്യമാണെന്നു കണ്ടെത്താം.

അതുപോലെ ജിമ്മില്‍ പോകാന്‍ തുടങ്ങുമ്പോള്‍ തന്നെ പ്രോട്ടീന്‍ പൗഡറുകളോ സപ്ലിമെന്ററി ഭക്ഷണങ്ങളോ എടുക്കേണ്ട കാര്യമില്ല. നട്സ് പോലെയുള്ള പോഷകാഹാരങ്ങള്‍ കഴിക്കുക , നന്നായി വെള്ളംകുടിക്കുക, നന്നായി ഉറങ്ങുക, ഇതാകട്ടെ ആദ്യ പടി.

Read More : Health and Fitness