Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിട്ടയർമെന്റ് മന്മഥൻ മാരത്തണിന്റെ സ്റ്റാർട്ടിങ് പോയിന്റ് ആക്കിയത് എന്തുകൊണ്ട്?

manmadan

റിട്ടയർമെന്റ് ചിലർക്ക് വിശ്രമത്തിനുള്ള ഫിനിഷിങ് പോയിന്റാണെങ്കിൽ എം.വി. മന്മഥനു മാരത്തണിന്റെ സ്റ്റാർട്ടിങ് പോയിന്റാണ്. 35 വർഷത്തെ സേവനത്തിനു ശേഷം നവംബർ 30നു ബിഎസ്എൻഎൽ ഓഫിസർ തസ്തികയിൽനിന്നു വിരമിക്കുന്ന മന്മഥനു വിരമിക്കൽ ദിനം പോലും പുതുമയുള്ളതാണ്. അറുപതാം വയസ്സില്‍ അറുപതു കിലോമീറ്റര്‍ മാരത്തൺ ഒാടി ഒരു വിരമിക്കൽ. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് ഇതിൽ തെല്ലും അത്ഭുതം തോന്നില്ല. കാരണം കഴിഞ്ഞ എട്ടു വർഷമായി കൊച്ചിയില്‍ നടന്ന എല്ലാ മാരത്തണിലും മന്മഥന്‍ പങ്കെടുക്കുന്നുണ്ട്. ആഴ്ചയിൽ നാൽപത് കിലോമീറ്റർ ഒാടുന്ന മന്മഥന് ഒരു മണിക്കൂർ കൊണ്ടു പത്തു കിലോമീറ്റർ അനായാസ ദൂരമാണ്. എന്തിനും വ്യത്യസ്ത വേണമെന്ന് ആഗ്രഹിക്കുന്ന മന്മഥൻ വിരമിച്ച ശേഷം ചിലവന്നൂർ റോഡിലെ ‘അപൂർവ’ എന്ന വീട്ടിൽ വെറുതെയിരിക്കാനും ആഗ്രഹിക്കുന്നില്ല. ചെസിലും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കുമ്മനം മധു നിവാസില്‍ വിജയന്‍ നായരുടെയും ഭാര്‍ഗവിയുടെയും മകനാണ്. ബിഎസ്എന്‍എല്ലില്‍ ഓഫിസ് സൂപ്രണ്ട് കെ.പി. മിനിയാണ് ഭാര്യ. മകന്‍ അശ്വിന്‍ കാനഡയില്‍ എന്‍ജിനീയറാണ്. 

വ്യായാമമായി തുടങ്ങിയ ഒാട്ടം 'പാഷനായി'

നാൽപതാം വയസ്സിൽ നടത്തിയ രക്തപരിശോധനയാണ് മന്മഥനു വ്യായാമത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരണയായത്. പരിശോധനയിൽ കൊളസ്ട്രോൾ പരിധിക്കുമപ്പുറം. ഒപ്പം പ്രമേഹത്തിന്റെ തുടക്കവും രക്തസമ്മർദവും! ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരുമെന്ന ഡോക്ടറുടെ ഉപദേശത്തോടു പൊരുത്തപ്പെടാൻ മന്മഥനു താൽപര്യം തോന്നിയില്ല. മരുന്നു കഴിക്കാൻ മടിയുള്ള മന്മഥൻ അങ്ങനെ നടക്കാൻ തീരുമാനിച്ചു. അഞ്ചു മാസത്തെ പ്രഭാതനടത്തം കൊണ്ട് പുതിയ സുഹൃത്തുക്കളെയും കിട്ടി. പതിവു നടത്തിനിടയിയിൽ കണ്ടുമുട്ടിയ ഡോ. ഉണ്ണികൃഷ്ണനാണ് നടത്തത്തിൽനിന്ന് ഒാട്ടത്തിലേക്കുമാറാൻ മന്മഥനെ പ്രേരിപ്പിച്ചത്. അന്ന് എഴുപതു വയസ്സുള്ള ഡോ. ഉണ്ണികൃഷ്ണൻ അനായാസം ഒാടുന്നത് കണ്ടപ്പോൾ മന്മഥനും ആത്മവിശ്വാസമായി. ഡോക്ടറുടെ പ്രോത്സാഹനത്താൽ നൂറ് മീറ്റർ ഒാടിത്തുടങ്ങി. പതുക്കെ ഒാട്ടത്തിന്റെ ദൈർഘ്യം വർധിപ്പിച്ചു. അങ്ങനെ ഒരു വർഷം കൊണ്ട്, ദിനംപ്രതി അഞ്ചു കിലോമീറ്റർ എന്ന നിലയിലെത്തി. അതോടെയാണ് ദീർഘദൂര ഒാട്ടത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്.

manmadhan-photo-004

‘ശ്വാസം മുട്ടിച്ച’ ആദ്യ മാരത്തൺ

എട്ടു വർഷം മുൻപ് കാക്കനാട് ഇൻഫോ പാർക്കിൽ സംഘടിപ്പിച്ച മാരത്തണിലാണ് ആദ്യമായി മന്മഥൻ പങ്കെടുക്കുന്നത്. എട്ടു കിലോമീറ്റർ മാരത്തണിൽ പങ്കെടുക്കാൻ ആഗ്രഹിച്ചെത്തിയ മന്മഥനു മുൻപിലെ  ആദ്യ കടമ്പ വ്യക്തിഗത ഒാട്ടമില്ലെന്നതായിരുന്നു. കോർപറേറ്റ് റൺ മാത്രമേയുള്ളൂവെന്നും ഒരു ടീമിൽ കുറഞ്ഞത് ഏഴു പേർ വേണമെന്നും അതിലൊരാൾ സ്ത്രീയാവണമെന്നതും സംഘാടകർ പറഞ്ഞപ്പോൾ മന്മഥനു തുണയായത് അന്നത്തെ പ്രിൻസിപ്പൽ ജനറൽ മാനേജർ പി. ടി. മാത്യുവായിരുന്നു (ഇപ്പോൾ ചീഫ് ജനറൽ മാനേജർ, ബിഎസ്എൻഎൽ, കേരള സർക്കിൾ). അങ്ങനെ ആദ്യമായി ബിഎസ്എൻഎൽ ടീം ട്രാക്ക് സ്യൂട്ട് അണിഞ്ഞു മാരത്തണിൽ പങ്കെടുത്തു. സ്ഥിരം അഞ്ചു കിലോമീറ്റർ ഒാടിയിരുന്ന മന്മഥൻ വളരെ ശ്രമകരമായാണ് എട്ടു കിലോമീറ്റർ പൂർത്തികരിച്ചത്. പീന്നിടു കൊച്ചിയില്‍ നടന്ന ഒറ്റ മാരത്തണും മന്മഥൻ വിട്ടുകളഞ്ഞിട്ടില്ല.

അറുപതിൽ എന്തിനു അറുപത് ഒാടുന്നു?

manmadhan-photo-002

രണ്ടു നില നടന്നു കയറിയാൽ കിതയ്ക്കുന്ന യുവത്വത്തെ വ്യായാമത്തിന്റെ പ്രാധാന്യം ഒാർമപ്പെടുത്തുകയും തെരുവു വിളക്കുകളുടെ ആവശ്യകതയുമാണ് ഇൗ റിട്ടയർമെന്റ് മാരത്തണിന്റെ ലക്ഷ്യം. കേരളത്തിൽ ഒരു വർഷം മുപ്പത്തി അയ്യായിരത്തിലേറെ പേർ വാഹനങ്ങൾ ഇടിച്ചു മരിക്കുന്നുണ്ട്. ഇതിലധികവും രാത്രിയിൽ വഴിവിളക്കില്ലാത്തയിടങ്ങളിലും. വഴിവിളക്കുണ്ടെങ്കിൽ വാഹനമോടിക്കുന്നവർക്ക് റോഡ് വ്യക്തമായി കാണാനും കാൽനടക്കാർക്കു സുരക്ഷിതമായി സഞ്ചരിക്കാനും സാധിക്കും. വഴിവിളക്കുകളുടെ ആവശ്യകതയെപ്പറ്റി ബോധവൽക്കരണത്തിന് മന്മഥനും സംഘവും ഹെഡ് ലൈറ്റ് ധരിച്ചു കൊണ്ടാണ് ഒാടുന്നത്. മുപ്പതിന് വൈകിട്ട് എറണാകുളം ബിഎസ്എന്‍എൽ സബ് റീജനല്‍ സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തിനു ശേഷം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. മന്മഥനോടൊപ്പം ഒാടാൻ ഇതിനോടകം മുപ്പതോളം പേർ മുന്നോട്ടു വന്നിട്ടുണ്ട്. ഓഫിസിൽനിന്ന് നാലു കിലോമീറ്റർ അകലെ കടവന്ത്രക്കടുത്ത് ചിലവന്നൂർ റോഡിലുള്ള വീട്ടിലേക്കാണ് മാരത്തണിന്റെ ആദ്യ ഘട്ടം. സഹപ്രവർത്തകർക്കായി ഒരുക്കിയിട്ടുള്ള ചായ സൽക്കാരത്തിനും വിശ്രമത്തിനും ശേഷം രണ്ടാം ഘട്ടം തുടങ്ങും. മറവൻതുരുത്ത്, പാലാം കടവ്, തലയോലപ്പറമ്പ് വഴി പിറ്റേന്ന് പുലർച്ച അഞ്ചിന് ഏറ്റുമാനൂരിൽ എത്തും. കോട്ടയം റണ്ണേഴ്സ് ഗ്രൂപ്പ് അംഗങ്ങൾ ഏറ്റൂമാനുരിൽ നിന്നു മന്മഥനോടൊപ്പം ഓടും. അവിടെനിന്ന് കോട്ടയം കുമ്മനം മരിയാത്തുരുത്തിലെ കുടുംബ വീട്ടിൽ രാവിലെ  7.30ന് എത്താനാണ് പദ്ധതി. ഉറക്കമിളപ്പാണ് ദുരത്തേക്കാൾ റിട്ടയർമെന്റ് മാരത്തണിൽ മന്മഥനെ അലട്ടുന്നത്.

manmadhan-photo-001 മന്മഥൻ ഭാര്യ മിനിയോടൊപ്പം

മന്മഥന്റെ ആരോഗ്യചര്യ അടുത്തറിയാം

ആവേശം കയറി പെട്ടെന്ന് ഒാടിയാൽ ഗുണത്തെക്കാൾ ദേഷമാകും സംഭവിക്കുകയെന്നാണ് മന്മഥന്റെ പക്ഷം. കഴിഞ്ഞ ഇരുപതു വർഷമായി രാവിലെ അഞ്ചരയ്ക്ക് എഴുന്നേൽക്കും. പല്ലു തേച്ച് വെറും വയറ്റിൽ ഒരു ലീറ്റർ വെള്ളം കുടിച്ച് ഒാടാൻ പോകും. ഏതു കലാവസ്ഥയിലും ആഴ്ചയിൽ അഞ്ചു ദിവസം കൃത്യമായി ഒാടും. പത്തു കിലോമീറ്ററാണ് ഒാടുന്ന ദിവസത്തെ കണക്ക്. ആദ്യം അരക്കിലോമീറ്റർ വേഗം നടന്ന് ശരീരം ചൂടാക്കിയതിനു ശേഷമാണ് ഒാട്ടം. ക്രമേണ വേഗം കൂട്ടി തിരികെ വീട് അടുക്കാറാകുമ്പോൾ അര കിലോമീറ്റർ നടന്ന് അവസാനിപ്പിക്കും. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ശരീരത്തിനു വലിയ ആയാസം അനുഭവപ്പെടാറില്ല. പിന്നെ അൽപസമയം മട്ടുപ്പാവ് കൃഷിയിടത്തിൽ ചെലവിടും. വിയർപ്പ് താഴ്ന്നതിനു ശേഷം പ്രഭാത കർമങ്ങളും പ്രാതലും കഴിഞ്ഞ് നേരേ ഒാഫിസിലേക്ക്. വൈകിട്ട് വീട്ടിലെത്തിയാൽ വായനയും ഒാൺലൈൻ ചെസ് കളിയും. വീട്ടിലുണ്ടാക്കുന്ന സസ്യാഹാരത്തോടു പ്രിയമുള്ള മന്മഥൻ എട്ടു മണിക്ക് അത്താഴം കഴിക്കും. ആരോഗ്യ പരിപാലനത്തിൽ ഉറക്കത്തിന്റെ സ്ഥാനം പ്രധാനമായതിനാൽ രാത്രി പത്തിനു തന്നെ ഉറങ്ങാൻ കിടക്കും. 

ഒാടാൻ ആഗ്രഹിക്കുന്നവരോട് മന്മഥനു പറയാനുള്ളത്

ഒാട്ടത്തിനു കൃത്യമായ മൂന്നൊരുക്കം ആവശ്യമാണ്. ട്രാക്ക് സ്യൂട്ടിന് എത്ര വില കൊടുക്കാനും മടിക്കാത്തവർ പോലും ഷൂവിന്റെ കാര്യത്തിൽ പിശുക്കു കാണിക്കും. ചെരിപ്പും വില കുറഞ്ഞ കാൻവാസ് ഷൂവുമൊക്കെ ഇട്ട് ഒാടുന്നതു ദോഷം ചെയ്യും. മികച്ച റണ്ണിങ് ഷൂവിന് ഒൻപതിനായിരം രൂപയിലേറെ  വിലയാകും. നല്ല ഷൂ തന്നെ ധരിച്ച് ഒാടുന്നതാണ് അഭികാമ്യം. ശ്രദ്ധിച്ച് ഒാടിയില്ലെങ്കിൽ മുട്ടിനും ആങ്കിളിനും ക്ഷതം സംഭവിക്കാനിടയുണ്ട്. ഒറ്റയടിക്ക് നാൽപതു കിലോമീറ്റർ ഒാടിക്കളയാമെന്ന വ്യാമോഹമൊന്നും വേണ്ട. കുറച്ച് ദൂരം ഒാടി പരീശീലിച്ചു ക്രമമായി ദൂരം കൂട്ടുക. ദീർഘദൂരം ഒാടാൻ ആഗ്രഹിക്കുന്നവർ മുടങ്ങാതെ പരിശീലിച്ചാൽ മാത്രമേ നാൽപത്തിയഞ്ച് മിനിറ്റ് കൊണ്ട് ആറു കിലോമീറ്റർ മറികടക്കാൻ സാധിക്കുകയുളളൂ. സിറ്റപ്പ്, പുഷ്അപ്പ് തുടങ്ങിയ വ്യായാമ മുറകളും ഒപ്പം യോഗയും പരിശീലിക്കണം.

Read More : Fitness Tips