Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്ടെന്നു ഭാരം കുറയ്ക്കണോ? എങ്കില്‍ പിന്തുടരാം കീറ്റോ ഡയറ്റ്

keto-diet

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് പാർശ്വഫലങ്ങൾ വളരെ കുറച്ചു മാത്രമുള്ള ഒരു ഭക്ഷണരീതിയാണ് ഇപ്പോൾ ഏറ്റവും പ്രചാരം നേടിയിരിക്കുന്നത്. കീറ്റോജെനിക് ഡയറ്റ് ആണിത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളെല്ലാം പിന്തുടരുന്നത് കീറ്റോജെനിക് ഡയറ്റ് ആണ്. മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്. കാർബോഹൈഡ്രേറ്റിനെ (അന്നജത്തെ) ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് കീറ്റോസിസ് എന്ന പ്രക്രിയ വഴി കൊഴുപ്പിനെ കത്തിച്ചു കളയാൻ ശരീരത്തെ സഹായിക്കുന്നു.

കീറ്റോ ഡയറ്റ് ആർക്കൊക്കെ പിന്തുടരാം?

അമിതമായ ശരീരഭാരം, അതായത് നൂറുകിലോയിൽ കൂടുതൽ ശരീരഭാരം ഉള്ളവർക്കാണ് ഈ ഡയറ്റ് കൂടുതൽ യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചു കളയാൻ ശരീരത്തിനാകുന്നു. ഈ ഡയറ്റിൽ കൊഴുപ്പിനെയാണ് അലിയിച്ചു കളയുന്നത്. അതുകൊണ്ടു തന്നെ വേഗം ശരീരഭാരവും കുറയുന്നു.

കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ ഏതൊക്കെ

കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്ന കൊഴുപ്പ് (Fat) ആരോഗ്യകരമായ കൊഴുപ്പ് മാത്രമാണ്. നെയ്യ്, പാൽക്കട്ടി, വെണ്ണപ്പഴം, വെളിച്ചെണ്ണ, നിലക്കടലയെണ്ണ ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയവയാണ്.

പോരായ്മകളും പരിഹാരവും

കീറ്റോ ഡയറ്റ് പിന്തുടരുന്നത് വളരെ വിരസവും മടുപ്പിക്കുന്നതുമാണ് എന്നതാണ് പ്രധാന പോരായ്മ. അതുകൊണ്ടു തന്നെ ചാക്രിക കീറ്റോ ഡയറ്റ് (Cyclic keto diet) പിന്തുടരുന്നത് ആവും നല്ലത് എന്നാണ് പോഷകാഹാര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് പ്രധാന പോഷകങ്ങളൊന്നും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

രണ്ടോ മൂന്നോ മാസം തുടർച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദരപ്രശ്നങ്ങൾക്കും കാരണമാകും.

സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ് ഇതിനു പരിഹാരം. സൈക്ലിക് കീറ്റോയിൽ അഞ്ചുദീവസം അന്നജം ഒഴിവാക്കുക. തുടർന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കീറ്റോ ഡയറ്റുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ അതു നിങ്ങളുടെ ജീവിതശൈലിയെ മാറ്റി മറിക്കും പിന്നീട് അതു പിന്തുടരുക വളരെ എളുപ്പമാകും.

ഓർമിക്കാൻ

കീറ്റോ ഡയറ്റ് പിന്തുടരുന്നവർ കാർബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതൽ 20 ശമാനം വരെ മാത്രം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 35 ശതമാനം പ്രോട്ടീൻ, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം. കീറ്റോയിൽ കൊഴുപ്പ് അധികവും, പ്രോട്ടീൻ മിതമായ അളവിലും കാർബോഹൈഡ്രേറ്റ് വളരെ കുറച്ചും ആയിരിക്കണം.

എന്തൊക്കെ കഴിക്കണം ?

കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട കാർബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണത്തിൽ നിന്നാണ്. പരിപ്പുകൾ, ധാന്യങ്ങൾ ഇവ ഒഴിവാക്കണം. ചില പയർ വർഗങ്ങൾ ഉൾപ്പെടുത്താം. പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉൾപ്പെടുത്തണം. അണ്ടിപ്പരിപ്പുകൾ കുറച്ച് ഉപയോഗിക്കാം.

മിതമായ അളവിൽ മോര് കൂട്ടാം. പാലുൽപ്പന്നങ്ങളിൽ അന്നജം ഉണ്ട്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാൻ തോന്നിയാൽ വല്ലപ്പോഴും അല്പ്പം ഡാർക്ക്  ചോക്ലേറ്റ് ആകാം. കാൽസ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എന്തുകൊണ്ട് കീറ്റോ?

വളരെ പെട്ടെന്നു ശരീരഭാരം കുറയുന്നു എന്നതും പാർശ്വഫലങ്ങൾ കുറവാണെന്നതുമാണ് കീറ്റോയെ ഇത്രയും പ്രചാരമുള്ളതാക്കിയത്. മൂന്നു മാസം കൊണ്ട് 10 മുതൽ 12 കിലോ വരെ ഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റ് പിന്തുടരുന്നതു മൂലം സാധിക്കും.

നിങ്ങളുടെ ശരീരം ആവശ്യപ്പെടുന്നത്ര ഭാരമേ കുറയ്ക്കാൻ പാടുള്ളൂ എന്നും ചെറിയ സമയത്തിനുള്ളിൽ ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓർമിക്കുക.

Read More : Fitness Magazine