Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കിൽ മിടുക്കരാകാൻ എയ്റോബിക്സ് ശീലിക്കാം

കണക്കിൽ മിടുക്കരാകാൻ എയ്റോബിക്സ് ശീലിക്കാം

മക്കൾ കണക്കിൽ മോശമാണെന്നു പരാതി പറയുന്ന മാതാപിതാക്കളാണ് ചുറ്റുമുള്ളവരിൽ ഏറെയും. അവരെ കണക്കിൽ മിടുക്കരാക്കാൻ ഒരു ട്യൂഷൻ ടീച്ചറെ മാത്രം ഏർപ്പാടാക്കിയാൽ മതിയെന്നാണ് പലരും കരുതുന്നത്. എന്നാൽ വാഷിങ്ടണിലെ ഗവേഷകർ പറയുന്നത് കുട്ടികൾ കണക്കിൽ മിടുക്കരാകാൻ അവരെ എയ്റോബിക്സ് ശീലിപ്പിച്ചാൽ മതിയെന്നാണ്. കണക്കും എയ്റോബിക്സും തമ്മിൽ എന്തു ബന്ധം എന്നാണോ ചിന്തിക്കുന്നത്. എന്നാൽ കേട്ടോളൂ.

∙ തലച്ചോറിന്റെ പ്രവർത്തനവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിൽ ശരീരത്തിന്റെ ഫിറ്റ്നസിന് വലിയ പ്രാധാന്യമുണ്ട്. ഒൻപതിനും പത്തിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികളെയാണ് ഗവേഷകർ പഠനത്തിനു വിധേയരാക്കിയത്. എയ്റോബിക്സ് ചെയ്ത് ശരീരത്തിന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്ന വിദ്യാർഥികൾ കണക്കിൽ സാമർഥ്യം കാണിക്കുന്നതായും പൊണ്ണത്തടിയന്മാരും ഫിറ്റ്നസ് ഇല്ലാത്ത ശരീരപ്രകൃതക്കാരുമായ വിദ്യാർഥികൾ കണക്കിൽ താരതമ്യേന കുറഞ്ഞ മാർക്ക് വാങ്ങുന്നതായും പഠനത്തിൽ തെളി‍ഞ്ഞു.

∙ യുക്തിപരമായി ചിന്തിച്ച് കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനും സമർഥിക്കുന്നതിനും എയ്റോബിക്സ് ശീലമാക്കിയ കുട്ടികൾക്കു സാധിക്കുന്നുണ്ടത്രേ.

∙ വ്യായാമം ചെയ്യുന്ന കുട്ടികൾ കൂടിയ അളവിൽ ഓക്സിജൻ സ്വീകരിക്കുകയും ഇവരുടെ ശരീരത്തിലെ അഴുക്കുകൾ വിയർപ്പിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്നു. എയ്റോബിക്സ് കുട്ടികളുടെ കായികക്ഷമത കൂട്ടുന്നതിനാൽ അവർ എപ്പോഴും ഉന്മേഷവാന്മാരായി കാണപ്പെടുന്നു.

∙ സദാനേരവും ചടഞ്ഞുകൂടിയിരിക്കുന്ന വിദ്യാർഥികൾക്ക് മന:പ്പാഠം പഠിക്കാനുള്ള കഴിവു മാത്രമേ ഉണ്ടാകൂ. പഠനസമയത്ത് ഉറക്കം തൂങ്ങുന്നതും വ്യായാമം ചെയ്യാത്ത ഈ മടിയന്മാർ തന്നെ.

∙ തലച്ചോറിന്റെ ചിന്താവേഗത വർധിപ്പിക്കാൻ എയ്റോബിക്സിനു കഴിയും. കണക്കുകൂട്ടലുകൾ അതിവേഗം നടത്താൻ എയ്റോബിക്സ് ശീലിക്കുന്നവർക്ക് സാധിക്കുന്നത് ഇതുകൊണ്ടാണ്. സങ്കീർണമായ ചോദ്യങ്ങൾക്കുപോലും ഞൊടിയിടയിൽ ഉത്തരം കണ്ടെത്താനുള്ള കുറുക്കുവഴികളും ഇവർ സ്വന്തമാക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.