Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കുറയ്ക്കും ബലൂൺ ചികിത്സ

weight-loss-fitness

അമിതവണ്ണവും പൊണ്ണത്തടിയും മൂലം വിഷമിക്കുന്നവർ അറിയാൻ.. ഇനി ഭാരം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട, ബലൂൺ വിഴുങ്ങിയാൽ മാത്രം മതി! ബലൂൺ വയറു നിറച്ചോളും. കൗതുകമുണർത്തുന്ന ബലൂൺ ചികിത്സയെക്കുറിച്ച് കേട്ടോളൂ...

ഭക്ഷണത്തെയും ജീവിതശൈലിയെയും അടിസ്ഥാനമാക്കിയ ഭാരം കുറയ്ക്കൽ പ്രോഗ്രാമുകളെ അപേക്ഷിച്ച് ഇരട്ടി ഭാരമാണ് ബലൂൺ ചികിത്സ കൊണ്ട് കുറയ്ക്കാൻ സാധിക്കുന്നതെന്ന് വിദഗ്ധർ.

ഭാരം കുറയ്ക്കുക എന്നതിന്റെ ആദ്യപടി വിശപ്പിനെ നിയന്ത്രിക്കുക എന്നതാണ്. ചിലരാകട്ടെ വയറിന്റെ വലുപ്പം കുറയ്ക്കാൻ ശസ്ത്രക്രിയയും നടത്തും. കുറച്ചു ഭക്ഷണം കഴിച്ചാൽത്തന്നെ വയറു നിറഞ്ഞുവെന്ന തോന്നലുണ്ടാക്കാൻ ഇതു സഹായിക്കും. എന്നാൽ ചില പഠനങ്ങൾ പറയുന്നത് ഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ ആവശ്യമില്ല എന്നാണ്.

വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ബാരിയാട്രിക് എൻഡോസ്കോപ്പി ഡയറക്ടറായ ഡോ.ഷെൽബി സുള്ളിവന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണു ശരീരഭാരം കുറയ്ക്കാൻ ബലൂൺ ചികിത്സ ഫലപ്രദമെന്നു കണ്ടത്.

ജീവിതശൈലിയിൽ മാറ്റം വരുത്തിയതു കൊണ്ടു കുറയുന്നതിനെക്കാൾ ഇരട്ടിഭാരം കുറയ്ക്കാൻ ബലൂൺ സിസ്റ്റം സഹായിക്കുമെന്നു തെളിഞ്ഞു. ഭക്ഷണത്തിൽ മാറ്റം വരുത്തിയതു കൊണ്ടോ വ്യായാമം ചെയ്തതു കൊണ്ടോ ഒന്നും അമിതഭാരം കുറയാത്ത ആളുകളും ധാരാളം. അവർക്ക് ബലൂൺ ചികിത്സ ഉപകാരമായേക്കും.

30നും 40നും ഇടയിൽ ബോഡി മാസ് ഇൻഡക്സ് ഉള്ള 400 അമേരിക്കക്കാരാണ് ഈ പഠനത്തിൽ പങ്കെടുത്തത്. ഇവരെ രണ്ടു ഗ്രൂപ്പായി തിരിച്ചു. ആദ്യ ഗ്രൂപ്പിൽപ്പെട്ടവർക്ക് ഒരു ക്യാപ്സ്യൂൾ ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ കഴിക്കാൻ നൽകി. ഇതിലോരോന്നിലും 'ഒബലോൺ' ബലൂൺ അടങ്ങിയിരുന്നു. നൈട്രജൻ അടിസ്ഥാനമായ വാതകം നിറഞ്ഞ ബലൂണുകളാണിവ.

രണ്ടാമത്തെ കൺട്രോൾ ഗ്രൂപ്പിന് ഷുഗർ ക്യാപ്സ്യൂളുകളും നൽകി. ഇവയിൽ വാതകം നിറയ്ക്കുന്നതായി ഭാവിച്ചു. കൺട്രോൾ ഗ്രൂപ്പിന്റെ ഭാരം 3.59 ശതമാനം കുറഞ്ഞപ്പോൾ ബലൂൺ ഗ്രൂപ്പിന്റെ ഭാരം 6.81 ശതമാനം കുറഞ്ഞു. അതായത് ഇരട്ടിയോളം.

ഡൈജസ്റ്റീവ് വീക്ക് കോൺഫറൻസിലാണ് ഈ കണ്ടെത്തൽ അവതരിപ്പിച്ചത്. ഈ രംഗത്തെ വിദഗ്ധരുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണിത്.