Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം ആസ്വാദ്യകരമാക്കാൻ നാലു വഴികൾ

exercise

ശാരീരിക വ്യായാമം ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അധ്വാനം ശരീരത്തിനു മാത്രമാണെങ്കിലും ഗുണം മനസ്സിനും കിട്ടുമെന്നര്‍ത്ഥം. എന്നാല്‍ മടി കാരണം പലരും ദിവസേന വ്യായാമം ചെയ്യുന്നതിൽ വിമുഖത കാണിക്കാറുണ്ട്. അതായത് ശാരീരിക പ്രശ്നങ്ങളെക്കാള്‍ മാനസികമായുള്ള കാരണങ്ങളാണ് നമുക്ക് വിലങ്ങ് തടിയാകുന്നത്. മനസ്സിന്‍റെ ഈ മടി മറി കടക്കാന്‍ ചില വഴികളുണ്ട്.

1. സാധ്യമായ ലക്ഷ്യങ്ങള്‍

ഏറെ നാള്‍ ശാരീരിക അധ്വാനം ഇല്ലാതിരുന്നിട്ട് നാളെ മുതല്‍ 20 പുഷ് അപ് ദിവസവും എടുത്ത് ശരീരം ഫിറ്റാക്കണം, അല്ലെങ്കില്‍ രാവിലെ 5 കിലോമീറ്റര്‍ ഓടണം എന്ന് വിചാരിക്കുന്നവരുണ്ട്. അവരുടെ മനസ്സിനറിയാം ഇത് നടക്കാന്‍ പോകുന്നില്ല എന്ന്. അതുകൊണ്ടുതന്നെ അത് പല നാളെകളായി നീണ്ടുപോവുകയേ ഉള്ളു. തുടക്കത്തില്‍ ചെറിയ ലക്ഷ്യങ്ങളാകാം. വ്യായാമം എന്നു വിചാരിക്കാതെ രാവിലെയുള്ള ചെറിയ നടത്തം എന്നു വിചാരിക്കാം. അത് മനസ്സിന്‍റെ മടി മാറ്റാന്‍ സഹായിക്കും. ഇങ്ങനെ ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ പതിയെ വലുതാക്കി കഠിനമായ വ്യായാമമുറകളിലേക്ക് ശരീരത്തെയും മനസ്സിനെയും സജ്ജമാക്കാം.

2. വ്യായാമത്തിന് ഒരു കൂട്ട്

ഒറ്റയ്ക്ക് ചെയ്യുന്നതും നടക്കുന്നതും എല്ലായ്പ്പോഴും നമുക്ക് ആസ്വദിക്കാന്‍ പറ്റണമെന്നില്ല. അതുകൊണ്ടുതന്നെ വ്യായാമത്തിന് യോജിച്ച പങ്കാളിയെ കണ്ടെത്താം. തങ്ങളുടെ ശരീര ഘടനയുമായി യോജിക്കുന്നതോ അല്ലെങ്കില്‍ അത്യാവശ്യം ഫിറ്റായതോ ആയ ആളെ തിരഞ്ഞെടുത്താല്‍ കൂടുതല്‍ നല്ലത്. കൂടെ ഒരു സുഹൃത്തുണ്ടാകുന്നത് മാനസികമായ താല്‍പ്പര്യം കൂട്ടാന്‍ തീര്‍ച്ചയായും സഹായിക്കും

3.മേലനങ്ങുക എന്ന ലക്ഷ്യം

വ്യായാമം ഇങ്ങനെ ആകണം എന്ന ധാരണ മനസ്സില്‍ നിന്നു മാറ്റുക. മസില്‍ വര്‍ധിപ്പിക്കാനോ ശരീരത്തിന്‍റെ ശക്തി തെളിയിക്കാനോ ഉള്ളതല്ല വ്യായാമം. ജിമ്മില്‍ പോയി ചെയ്യാവുന്നതും പുറത്തിറങ്ങി നടക്കാന്‍ സൗകര്യമുള്ളവര്‍ക്കുമാത്രം ചെയ്യാവുന്നതുമല്ല ഇത്. വീട്ടില്‍ നാലു ചുവരുകള്‍ക്കുള്ളിലും ശരീരമനങ്ങി കുറച്ച് കാലറി അലിയിച്ച് കളയാന്‍ തീര്‍ച്ചയായും സാധിക്കും. മുന്‍ധാരണകള്‍ മാറ്റിവച്ച് കാലറി കുറച്ച് ശരീരത്തെ ആരോഗ്യമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം വ്യായാമം ചെയ്യുക

4. വ്യായാമം രസമുള്ളതാക്കുക

രാവിലെ എണീറ്റ്, ഓ ഇനി വ്യായാമം ചെയ്യണമല്ലോ എന്നു തോന്നുന്ന അവസ്ഥ മനസ്സിന് ഉണ്ടാക്കരുത്. അത് നിങ്ങളുടെ താല്‍പ്പര്യത്തെ കൊന്നുകളയും. വ്യായാമം ആസ്വാദ്യകരമാക്കുക. രാവിലെ നടക്കുന്നതിനിടെ ആയാലും വീട്ടില്‍ വ്യായാമം ചെയ്യുമ്പോഴായാലും പാട്ടുകേള്‍ക്കാം. വ്യായാമം ഓരോ ദിവസവും പല രീതിയില്‍ ചെയ്യാം. രാവിലെ ഉള്ള നടത്തത്തിന്‍റെ വഴികള്‍ മാറ്റി പരീക്ഷിക്കാം. ഇങ്ങനെ വ്യായാമത്തില്‍ മനസ്സിനെ ഉള്‍പ്പെടുത്താന്‍ വഴി കണ്ടെത്തുക.  

Your Rating: