Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനശ്ശക്തി കൂട്ടാൻ പ്രത്യേക വ്യായാമങ്ങൾ

mental-power-exercise

ഇന്നത്തെ ജീവിതരീതി ശരീരത്തെ മാത്രമല്ല മനസ്സിനെയും പലതരത്തിൽ രോഗാതുരമാക്കി കൊണ്ടിരിക്കുകയാണ്. അധ്വാനരഹിത ജീവിതശൈലി പിന്തുടരുന്നവർക്ക് അധ്വാനിക്കുന്നവരെക്കാൾ മാനസിക ആരോഗ്യപ്രശ്നങ്ങൾ വളരെ കൂടുതലാണ്. സാധാരണ മൂന്നു തരത്തിലുള്ള മാനസികപ്രശ്നങ്ങളാണ് പൊതുവേ കണ്ടുവരുന്നത്. ഒന്ന് വിഷാദം (Depression) രണ്ട് ഉത്ക്കണ്ഠ(Anxiety), മൂന്ന് യാഥാർഥ്യബോധിമില്ലാത്ത ചിന്താഗതി (Schizophrenia).

ഇത്തരം പ്രശ്നങ്ങളെ പൊതുവെ നാലു രീതിയിലാണു പ്രതിരോ‌ധിക്കാൻ കഴിയുന്നത്. ഒന്ന്, വരുന്നതിനു മുമ്പേതടയുക, രണ്ട് നിലവിലുള്ള മാനസിക ആരോഗ്യം വർധിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക, മൂന്നാമത്തേത് ചികിത്സ തേടുക, നാലമതായി മേന്മയുള്ള ജീവിതം രൂപപ്പ‌െടുത്തുക. ഈ നാലു കാര്യങ്ങളിലും വ്യായാമത്തിനു വലിയ പങ്കുണ്ട്.

വ്യായാമവും തലച്ചോറും

മാനസികാരോഗ്യത്തിൽ മുഖ്യപങ്ക് വഹിക്കുന്നതു നാലു ന്യൂറോ ട്രാൻസ്മിറ്റേഴ്സാണ്. അതായത് തലച്ചോർ ഉൽപാദിപ്പിക്കുന്ന നാലു രാസവസ്തുക്കൾ. എൻഡോർഫ‍ിൻസ്, ഡോപാമിൻ, നോർഎപ്പിനെഫ്രിൻ, സെറോടോണിൻ എന്നിവയാണ് അവ. ആരോഗ്യകരമായ മാനസികാവസ്ഥയ്ക്ക് ഇവ അത്യന്താപേക്ഷിതമാണ് ഇതിൽ എൻഡോർഫിൻ എന്ന ന്യൂറോട്രാൻസ്മീറ്റർ വേദന എന്നിവയെ സംഹരിക്കുന്നു. രാസവസ്തുവിന്റെ ഉത്പദനം ക‍ൂടുന്നു.

വ്യയാമവേളയിൽ ഉണ്ടാകുന്ന മറ്റൊന്നു പ്രധാന ബ്രെയിൻ കെമിക്കൽ ആയ സെറോടോണിൻ മനസ്സിന്റെ മൊത്തത്തിലുള്ള സൗഖ്യം നിലനിർത്തുന്നതിലും ഉറക്കം, വിശപ്പ് എന്നിവയെ ത്വരിതപ്പെടുത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നു. വിഷാദരോഗികളിൽ ഈ ന്യൂറോട്രാൻസ്മ‍ിറ്റർ കുറവായിരിക്കും.

ഡോപാമിൻ, നോർഎപ്പിനെഫ്രൻ എന്നിവ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവർത്തനങ്ങളെ ബന്ധിപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന ന്യൂറോട്രാൻ സ്മിറ്റേഴ്സാണ്. തലച്ചോറിലേക്ക് രക്തപ്രവാഹം ത്വരിതപ്പെടുത്തുന്നതിലും ശരീരത്തെ പ്രവർത്തമസജ്ജമാക്കുന്നതിലും ഇവയ്ക്ക് വലിയ പങ്കാണുള്ളത്. വ്യായാമവേളകളിൽ ഇവയും കൂട‍ുതൽ ഉത്തേജിപ്പിക്കപ്പെടുന്നു.

വ്യായാമവേളകളിലുണ്ടാകുന്ന മറ്റൊരു ഹോർമോണാണ് അഡ്രിനലിൻ (Adrenaline) ഇതു സ്ട്രെസ് ഹോർമോണാണ് ആണ്. വ്യായാമം പ്രധാനമായും ഇതിനെ ബാലൻസ് ചെയ്യാനാണു സഹായിക്കുന്നത്. ഇതു കൂടിയാലും കുഴപ്പമാണ്, കുറഞ്ഞാലും കുഴപ്പമാണ്. ഇത് അത്യാഹിത–അടിയന്തരഘട്ടങ്ങളിൽ (Fight-or-flight-response) ശരീരം സജ്ജമാക്കാനുള്ളതാണ്.

ആസ്വദിച്ചു മാത്രം ചെയ്യുക

വ്യായാമങ്ങൾ മാനസികമായ പ്രശ്നങ്ങളും തകരാറുകളും ഉള്ളവരിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചിലരിൽ മരുന്നിനെക്കാൾ ഫലപ്രദമായും വ്യായാമങ്ങൾ പ്രവർത്തിക്കുന്നത‍ായി ഈ രംഗത്തെ ചികിത്സാവിദഗ്ധർ തന്നെ പറയാറുണ്ട്.

വ്യായാമങ്ങൾ പല രീതിയിലുണ്ടെങ്കിലും മാനസികാരോഗ്യം മെച്ചപ്പെടുത്തക എന്നത് ലക്ഷ്യമാക്കുമ്പോൾ വ്യായാമങ്ങളുടെ തിരഞ്ഞെടുപ്പിലും ശ്രദ്ധവേണം. ആരുടെയെങ്കിലും വാക്കുകേട്ട് എന്തെങ്കിലും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നതിനു മുമ്പ് മനസ്സിലാക്കേണ്ട ഒരു കാര്യം ആസ്വദിക്കാൻ കഴിയാത്ത ഒരു വ്യായാമവും മറ്റു പ്രവൃത്തികളും ഗുണം ചെയ്യില്ല. കാരണം ഇതു മനസ്സിലെ രാസവസ്തുക്കളുടെ കളിയാണ്. തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്റേഴ്സിനെ ഉത്തേജിപ്പിക്കുന്ന എത്ര ഉന്നത വ്യായാമമായാലും അത് ആസ്വാദ്യകരമല്ലെങ്കിൽ ഒരു ഫലവും ഉണ്ടാകില്ല. അത്തരം വ്യായാമം ഏതെന്നു കണ്ടെത്താൻ ഒറ്റ ആലേ‍ാചനയിൽ കഴിയുന്നില്ലെങ്കിൽ ഒരു കൂട്ടം വ്യായാമങ്ങളിൽ നിന്ന് ഒാരോന്നായി ചെയ്തു പരീക്ഷിച്ചുനോക്കുക . കുറച്ചു നേരത്തേക്കെങ്കിലും നിങ്ങളുടെ ജീവിതസമ്മർദങ്ങളിൽ നിന്നു മുക്തി നൽകാൻ പ്രാപ്തമായിരിക്കണം അത്തരം വ്യായമങ്ങൾ. മറ്റൊന്ന് വ്യായാമം ചെയ്യുമ്പോൾ ഇഷ്ടമ‍ുള്ള പങ്കാളിയെ കൂടെ കൂട്ടുന്നത‍ും നല്ലതാണ്. ഇനി ഒരു വ്യായാമത്തിലും ഏർപ്പെടാൻ മനസ്സില്ലാത്ത വ്യക്തിയാണെന്നിരിക്കട്ടെ. ഒരു 10 മിനിറ്റ് എങ്കിലും വെറുതെ നടക്കാനെങ്കിലും ശരീരത്തെ പ്രേരിപ്പിക്കുക. അതുമല്ലെങ്കിൽ വീട്ടിലെ ചെ‌ടികൾ നനച്ചു തുടങ്ങാനെങ്കിലും ശ്രമിക്കുക. ഇനി ഇതൊന്നും സ്വയം ചെയ്യാൻ തോന്നാത്ത ആളാണെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട ബന്ധുവിന്റെയോ സുഹൃത്തിന്റെയോ സ്ന‍േഹപൂർവമായ ഇടപടലിലൂടെയു വ്യായാമത്തിലേക്ക് കൊണ്ടുവരാനാകും.

വ്യായാമം എപ്പോൾ വേണം?

വ്യായമം രാവിലെ ചെയ്യുന്നതാണു നല്ലത് എന്നു ചില പഠനങ്ങൾ പറയുന്നുണ്ടെങ്കിലും നമ്മുടെ മനസ്സും സൗകര്യവും പ്രധാന ഘടകം തന്നെയാണ്. പൊതുവെ പറഞ്ഞാൽ വ്യായാമത്തിനു പ്രത്യേക സമയമൊന്നും വേണമെന്നില്ല. നിത്യേന വ്യായാമം ചെയ്താൽ അതാണു വലിയ കാര്യം. കാരണം ദൈനംദിന ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നും ഒരു പോലെ ആയിരിക്കില്ല എന്നു മാത്രമല്ല ഒാരോ വ്യക്തിക്കും ഇതു വ്യത്യസ്ത രീതിയിലുമായിരിക്കും. ചില പ്രശ്നങ്ങൾ പലപ്പോഴും വ്യായാമത്തിലേർപ്പെടുന്നതിൽ നിന്നും പിന്ത‍ിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കും. അതുപോലെതന്നെ ചില ദിവസങ്ങൾ ഭാരിച്ച ജോലികൾ കാരണം ക്ഷീണവും തളർച്ചയും എല്ലാം ഉണ്ടാകാം. ഇതൊന്നുമില്ലെങ്കിൽ തന്നെ മനുഷ്യസഹജമായ മടിയും വില്ലനായി വരാം. എന്നാൽ ഈ പറഞ്ഞ ഭൂരിഭാഗം പ്രശ്നങ്ങളെയും വ്യായാമത്തിന് അതിജീവിക്കാനാവും എന്നതാണു യാഥാർഥ്യം. വളരെ ക്ഷീണിതനാണ് എന്നു തോന്നുമ്പോഴും ഒരു 15 മിനിറ്റ് നേരത്തെ വ്യായാമം– അതു നടത്തമായാൽ പോലും –നമ്മളിൽ ഉണ്ടാക്കുന്ന ഊർജവും ഉണർവും ചെറുതല്ല. അതുപോലെതന്നെ ചില പ്രശ്നങ്ങൾ വ്യായാമം മുടക്കുന്നവയാണെങ്കിലും വ്യായാമത്തിന് ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നമ്മളെ പ്രാപ്തരാക്കാൻ കഴിയും.

വി.എം ബഷീർ
ഫിറ്റ്നസ് കൺസൾട്ടന്റ്
മുൻ മിസ്റ്റർ സൗത് ഏഷ്യ, സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ, തൃശൂർ