Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തമാക്കാം നിങ്ങൾക്കും സീറോസൈസ്

fitness1

പുരുഷന്മാർക്കിടയിൽ ‘സിക്‌സ് പാക്ക്’ മസിലുകൾ ഹിറ്റായതു പോലെ സ്‌ത്രീകൾക്കിടയിൽ ‘സീറോ സൈസ്’ ബോഡി ഷെയ്‌പ് ഒരു മോഹമായി വളരുകയാണോ? സംഭവം എന്തായാലും നഗരത്തിലെ സ്ത്രീജനങ്ങൾ ഇപ്പോൾ ഫിറ്റ്നസ് സെന്ററുകളിൽ സജീവമാണ്.

ശരീരത്തിലെ ദുർമേദസിന്റെ അളവു പൂജ്യം ആക്കുകയെന്നതാണു ‘സീറോ സൈസ്’ കൊണ്ട് അർഥമാക്കുന്നത്. ‘സീറോ സൈസ്’ ആയില്ലെങ്കിലും തടി കുറയ്‌ക്കാനും ദുർമേദസ് കളയാനും ഇപ്പോൾ നഗരത്തിലെ സ്‌ത്രീകളിലും താൽപര്യം കൂടി. ഈ താൽപര്യം തന്നെയാണു സ്‌ത്രീകൾക്കു കൂടി പരിശീലിക്കാവുന്ന ഫിറ്റ്‌നസ് സെന്ററുകളും സ്‌ലിമ്മിങ് സെന്ററുകളും നഗരത്തിൽ വേരുറപ്പിക്കാൻ കാരണം.

ദുർമേദസിനെ തടയുകതന്നെ ഏറ്റവും പ്രധാനം. ഇതിനു പുറമെ അസുഖങ്ങളെ പടിക്കപ്പുറത്തു നിർത്താം. നാലാളുകൾ കൂടുന്നിടത്തൊക്കെ ആത്മവിശ്വാസത്തോടെ തലയുയർത്തി നിൽക്കാം. ഇത്രയൊക്കെയുണ്ടെങ്കിൽ ‘കാശ് അൽപം മുടക്കിയാലെന്ത്’ എന്നു ചിന്തിക്കുന്നവരാണ് ഇപ്പോൾ സ്‌ത്രീകളും. ഒന്നും രണ്ടും മണിക്കൂർ വർക്ക് ഔട്ട് ചെയ്യാൻ സ്ത്രീകൾക്കു യാതൊരു മടിയുമില്ലെന്നു ഹെൽത്ത് ക്ലബ് നടത്തിപ്പുകാർ പറയുന്നു. ട്രെഡ്മില്ലിലും സൈക്കിളിലും വിയർപ്പൊഴുക്കുകയും വെയ്റ്റെടുക്കുകയും ചെയ്യുമ്പോൾ കാലറിക്കണക്കിന് ഊർജം കത്തുന്നു, തടി കുറയുന്നു, വയർ ഒതുങ്ങുന്നു. അഞ്ചും പത്തും അതിലേറെയും കിലോ ഭാരം കുറയുന്നു.

fitness2

വീട്ടമ്മമാരും ഉദ്യോഗസ്ഥകളുമെല്ലാം ഹെൽത്ത് ക്ലബുകളിലെത്തുന്നു. വീട്ടമ്മമാർ രാവിലെ പത്തു മുതൽ നാലുവരെയുള്ള സമയമാണു തിരഞ്ഞെടുക്കാറ്. ഉദ്യോഗസ്ഥകൾ അതിരാവിലെയോ വൈകിട്ടോ എത്തും. പഴയ ജിമ്മുകളിലെ വിയർപ്പും ചൂടും നിറഞ്ഞ അന്തരീക്ഷത്തിനു പകരം എസിയും ടിവിയും ഒക്കെ ഹെൽത്ത് ക്ലബ്ബുകളിലുണ്ട്. മിക്കവയും ബ്യൂട്ടി പാർലറുകൾ പോലെ യൂണി സെക്സ് ആയി. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം സമയം എന്നതിനു പകരം ആർക്കും ഏതു സമയത്തും വരാമെന്നായി.

തുടക്കത്തിൽതന്നെ മെഡിക്കൽ പരിശോധന നടത്തി കസ്റ്റമറിന്റെ ആരോഗ്യം വിലയിരുത്താനും കൗൺസലിങ് നൽകാനും ഹെൽത്ത് ക്ലബ്ബുകളിൽ സംവിധാനമുണ്ട്. ശാരീരിക അളവുകൾ, ബോഡി കോംപോസിഷൻ അനാലിസിസ് (ശരീരത്തിലെ ജലം, കൊഴുപ്പ്, മസിൽ തുടങ്ങിയവയുടെ അളവ്), ബോഡിമാസ് ഇൻഡക്‌സ്, വെയ്സ്‌റ്റ് ഹിപ് റേഷ്യോ, ബോഡി സ്‌ട്രെങ്‌ത് ലെവൽസ് ഇവയൊക്കെ രേഖപ്പെടുത്തുകയും അതിനനുസരിച്ച് അനുയോജ്യമായ വ്യായാമം, ഭക്ഷണം എന്നിവ നിർദേശിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ശരീരഭാരം ഇത്ര കിലോ കുറയ്‌ക്കണം എന്നാവശ്യപ്പെട്ടു വരുന്നവരുമുണ്ടെന്നു കാക്കനാട് വാഴക്കാലയിലെ ബയോറിഥം അധികൃതർ പറയുന്നു.

വനിതാ ഇൻസ്ട്രക്ടർ

പഴയ കാലത്തു മസിൽ പെരുപ്പിച്ച പുരുഷൻമാർ മാത്രമായിരുന്ന ഇൻസ്ട്രക്ടർമാർ. ഇപ്പോൾ ഒട്ടേറെ പെൺകുട്ടികൾ ഈ രംഗത്തേക്കു കടന്നുവന്നു. പഴ്സനൽ ഇൻസ്ട്രക്ടർമാരായി (പി.ടി.) പെൺകുട്ടികളുമുണ്ട്. മാസം 3,000 രൂപ മുതൽ 5,000 രൂപവരെ വരെ പി.ടിക്കു ചെലവഴിക്കേണ്ടി വരും. ഹെൽത്ത് ക്ലബുകളിലെ ഫീസ് നിരക്കുകൾ സൗകര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒരു വർഷത്തേക്ക് ഒരുമിച്ചെടുത്താൽ ഡിസ്ക്കൗണ്ട് ഉണ്ടാകും. വർഷത്തേക്ക് 12,000 രൂപ മുതൽ ഫീസ് തുടങ്ങുന്നു. മാസം തോറും 1,500–3,000 രൂപ വരെയുണ്ട്. നഗരത്തിലെ കണ്ണായ സ്ഥലത്ത് എസിയും മറ്റു സൗകര്യങ്ങളും ഉൾപ്പടെ ഹെൽത്ത് ക്ലബ് സ്ഥാപിക്കാനുള്ള ചെലവ് കോടികളാണ്. ഇന്ത്യ മുഴുവൻ ശൃംഖലയുള്ള തൽവാൽക്കർ പോലും നഗരത്തിൽ ഹെൽത്ത് ക്ലബ് ആരംഭിച്ചു. ഫീസ് എത്രയായാലും ഹെൽത്ത് ക്ലബ്ബിൽ പോകുന്നതു സാധാരണ സംഭവമായി. വനിതാ ഇൻസ്ട്രക്ടർമാരുടെ വരവും ഈ മാറ്റങ്ങളുടെ ഭാഗമായിരുന്നു.

ഭക്ഷണത്തിൽ നോ കോംപ്രമൈസ്

മിക്കവരും ഭക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ്. നോ കോംപ്രമൈസ്! തീറ്റ കുറയ്ക്കുന്ന പ്രശ്നമില്ല, അല്ലാതെ തന്നെ തടി കുറയ്ക്കണം. ഇൻസ്ട്രക്ടർമാർ പൊതുവേ തടി കുറയ്ക്കാനുള്ള മാർഗങ്ങൾ പറഞ്ഞു കൊടുക്കും. തടി കുറയ്ക്കാൻ പട്ടിണി കിടക്കാൻ തയാറാവുന്നവരുണ്ട്. എന്തു വേണമെങ്കിലും ചെയ്യാം തടി കുറഞ്ഞാൽ മതിയെന്നു പറഞ്ഞു വരുന്നവരിൽ ഭൂരിഭാഗവും യുവതികളാണ്. പ്രസവശേഷം തടി കുറയ്ക്കണമെന്നു പറഞ്ഞെത്തുന്നവരുമുണ്ട്.

സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം

fitness3

യാത്രയുടെ കാര്യത്തിൽ സ്ത്രീകൾക്കുണ്ടായ സ്വയം പര്യാപ്തതയാണു സൗകര്യമുള്ള സമയത്തു ഹെൽത്ത് ക്ലബ്ബിൽ പോകാനുള്ള അവസരമുണ്ടാക്കിയത്. കാർഡിയോ വ്യായാമ മുറകൾ ചെയ്താണു മിക്കവരും തുടക്കമിടുന്നത്.

രോഗമില്ലാത്ത അവസ്‌ഥ മാത്രമല്ല ആരോഗ്യം. എത്ര പ്രായമായാലും ട്വന്റി 20 എന്ന നിലയിൽ നിൽക്കണം കാര്യങ്ങൾ. പ്രായത്തെ ചെറുക്കുന്ന ഫിറ്റ്‌നസിനായി യോഗയും ജിമ്മും ഡയറ്റിങ്ങുമെല്ലാം ജീവിതശൈലിയുടെ ഭാഗമായി മാറുന്നു. ഏതു തരക്കാർക്കും പറ്റിയ തരത്തിലുള്ള വ്യായാമങ്ങൾ ഹെൽത്ത് ക്ലബ്ബുകളിലുണ്ട്.

തോളിലെ പേശികൾക്ക് മെഷീൻ ഷോൽഡർ പ്രസും സൈഡ് ലാറ്ററൽ പ്രസും പുറംഭാഗത്തെ പേശികൾക്ക് പുൾ അപ്പും ഹാമർറോയും തുടയിലെ പേശികൾക്ക് സ്‌കൗട്ട് മെഷീൻ എക്‌സർസൈസും ലെഗ് എസ്‌റ്റൻഷനും വാക്കിങ് ലഞ്ചസും ബൈസപ്‌സിന് ബാർബെൽ കേളും ഡംബൽകേളുമെല്ലാം മതിയെന്നു കൊച്ചുകുട്ടികൾക്കു പോലും അറിയാം. ഫിറ്റ്‌നസ് ട്രെയിനിങ്, ഫ്രീ എക്‌സർസൈസ്, ഫ്ലോർ എക്‌സർസൈസ്, വെയ്‌റ്റ് ട്രെയിനിങ് എന്നിവയാണു പ്രധാനമായും നൽകുന്നത്.

വെറും ഡാൻസല്ല സുംബ

മുമ്പു സുംബഡാൻസ് എന്നായിരുന്നെങ്കിൽ ഇപ്പോൾ സുംബ ഫിറ്റ്നസ് എന്നേ പറയൂ. പാട്ടിനൊപ്പം ഡാൻസ് ചെയ്ത് അതിലൂടെ കാലറി കത്തിക്കുകയാണു രീതി. അങ്ങനെയാകുമ്പോൾ ജിമ്മിലെ പോലെ ബോറടിക്കില്ല.

തുടക്കത്തിൽ വനിതകളാണു സുംബ ഡാൻസ് പരിശീലിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുരുഷൻമാരും എത്തുന്നു. ജിമ്മിൽ വ്യായാമം ചെയ്താൽ പരമാവധി 300–400 കാലറി കത്തുമ്പോൾ ഇവിടെ 6––ലേറെ കാലറി കത്തുമെന്ന് സുംബഡാൻസ് നടത്തുന്ന പാഷൻ സ്റ്റുഡിയോ അധികൃതർ പറയുന്നു. വേഗമേറിയതും കുറഞ്ഞതുമായ നൃത്തങ്ങളുണ്ടാകും. ഫാസ്റ്റ് നമ്പർ കേൾപ്പിച്ചു ചടുല നീക്കങ്ങൾ, പിന്നെ സ്ലോ നമ്പർ കേൾപ്പിച്ചു സാവധാനത്തിലുള്ള ഡാൻസ്. അങ്ങനെ ഹൃദയമിടിപ്പ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനാൽ കാലറി കൂടുതൽ കത്തും. നന്നായി വിയർക്കുകയും കാലിനും കൈയ്ക്കും വയറിനുമൊക്കെ വ്യായാമം നൽകുന്ന ചലനങ്ങളുണ്ട്.

മാസം 2500–3000 രൂപ വരെയാണു ഫീസ്. നാലു മാസം സുംബ ഡാൻസ് ചെയ്ത് 10 കിലോ കുറച്ചവരുമുണ്ട്.  

Your Rating: