Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയർക്കാതെയും വണ്ണം കുറയ്ക്കാം

fitness-tips

വണ്ണം കുറയ്ക്കണം എന്ന് ചിന്തിക്കുമ്പോൾത്തന്നെ കഠിനമായ വ്യായാമങ്ങളാണ് മനസ്സിൽ ഓടിയെത്തുക. എന്നാൽ മടി, സമയക്കുറവ് എന്നീ കാരണങ്ങളാൽ ഒട്ടുമിക്ക ആളുകളും വ്യായാമങ്ങൾ ഒഴിവാക്കുകയാണ് പതിവ്. അധികം കഷ്ടപ്പെടാതെ അനാവശ്യ കാലറി , ഫാറ്റ് എന്നിവ ഒഴിവാക്കാൻ സാധിച്ചാലോ അതൊരു വലിയ കാര്യം തന്നെയല്ലേ...

താഴെപ്പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കു...

1. ഇരുന്ന് ജോലി ചെയ്യുന്നവർക്ക്

നിങ്ങൾ സ്ഥിരം ഇരുന്നു ജോലി ചെയ്യുന്ന ആളാണെങ്കിൽ കൂടുതലൊന്നു ശ്രദ്ധിക്കുക. കാരണം ഇരുന്നു ജോലി ചെയ്യുന്നവർക്ക് ശരീരഭാരം കൂടാൻ സാദ്ധ്യത കൂടുതലാണ്. മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കാതെ ഓരോ മണിക്കൂർ കഴിയുമ്പോഴെങ്കിലും 10 മിനിറ്റ് സമയം എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുക. തനിയെ നടന്നു പോയി വെള്ളം കുടിക്കാം. വാട്സ്ആപ്പിനെ ആശ്രയിക്കാതെ അടുത്തിരിക്കുന്നവരോട് നടന്നു ചെന്നു സംസാരിക്കുക. ലിഫ്റ്റിനെ ആശ്രയിക്കാതെ പടികൾ നടന്നു കയറുക.

2. നിൽക്കാൻ പഠിക്കാം

പുറത്തേക്കു പാർട്ടിക്കോ മറ്റു കൂട്ടായ്മകളിൽ പങ്കെടുക്കുന്ന വേളകളിലോ എവിടെയെങ്കിലും ഒന്നിരുന്നാൽ മതി എന്ന ചിന്ത മാറ്റി കഴിയുന്നതും കൂടുതൽ സമയം നിന്നുകൊണ്ട് മറ്റുള്ളവരോട് ഇടപഴകുവാൻ ശ്രദ്ധിക്കുക. കൂടുതൽ സമയം നിൽക്കുന്നത് അനാവശ്യ കാലറി കുറയ്ക്കും. അതോടൊപ്പം നിങ്ങൾ നല്ലൊരു 'സോഷ്യൽ മാൻ' ആവുകയും ചെയ്യും.

3. വിശ്രമിച്ചു കൊണ്ടും വണ്ണം കുറയ്ക്കാം

അതെ, വിശ്രമിക്കുന്ന സമയത്തും വണ്ണം കുറയ്ക്കാൻ കഴിയും. ടെലിവിഷൻ കാണുമ്പോഴും മറ്റ് വിശ്രമ സമയങ്ങളിലും ചെറിയ ചെറിയ പ്രവൃത്തികളിൽ ഏർപ്പെടുക. ഉദാഹരണത്തിന് അലക്കിയ തുണികൾ മടക്കിവയ്ക്കുക, അയൺ ചെയ്യുക, ഫർണിച്ചർ തുടയ്ക്കുക എന്നീ ജോലികൾ ടെലിവിഷൻ കണ്ടുകൊണ്ടും ചെയ്യാവുന്നതാണ്. ടിവി കണ്ടുകൊണ്ട് കൊറിക്കുന്ന ശീലവും മാറും അതുവഴി അധിക കാലറിയും.

4. വീട്ടുജോലികൾ ചെയ്യാം

വീട്ടുജോലികൾ ചെയ്യുന്നതു വഴി ഒരു മണിക്കൂറിൽ 100 കാലറി വരെ കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചുറ്റും നോക്കുക എന്തെങ്കിലുമൊക്കെ ജോലികൾ ചെയ്യാനുണ്ടാവുമല്ലോ നമ്മുടെ വീട്ടിൽ. വീടു വൃത്തിയാക്കൽ തന്നെ നല്ലൊരു ടാസ്കാണ്. തറ തുടയ്ക്കുക, ടോയ് ലറ്റ് വൃത്തിയാക്കൽ എന്നീ ജോലികൾ അധിക കാലറി കുറയ്ക്കും.

5. കുട്ടികളോടൊപ്പം കൂടാം

കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതും നല്ലൊരു വ്യായാമമാണ്. അവർക്ക് ചെറിയ ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കാം. കുട്ടികളോടൊപ്പം ബസ് സ്റ്റോപ് വരെയോ സ്കൂൾ വരെയോ നടന്നു പോകാം.

ദൈനംദിന ജീവിത രീതിയിൽ അൽപമൊന്നു മാറ്റം വരുത്തിയാൽ കഠിന പ്രയത്നമൊന്നും ചെയ്യാതെ തന്നെ അധികഭാരം കുറയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ മനസിലായില്ലേ.