Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലിയാൻ 5 സൂപ്പർ ഡയറ്റുകൾ

slimming

മെലിയാനായി ഡയറ്റുകളുടെ പിന്നാലെ പായുകയാണു പലരും. പലപ്പോഴും ഈ ഡയറ്റുകൾ തന്നെയാണോ തനിക്കിണങ്ങുന്നതെന്നു മനസിലാക്കാതെയാണു പലരും ഡയറ്റുകൾ പരീക്ഷിച്ചു തുടങ്ങുക. പക്ഷേ, മുന്നും പിന്നും നോക്കാതെയുള്ള ഡയറ്റിങ്ങിന്റെ അവസാനം ആലിലപോലെ മെലിഞ്ഞു സുന്ദരിയാകാൻ ഇറങ്ങിപ്പുറപ്പെടുന്നവർ ആശുപത്രി കിടക്കയിലാകും എത്തിപ്പെടുക.

മെലിഞ്ഞു ശരീരസൗകുമാര്യം നേടാൻ ആഗ്രഹിക്കുന്നവർക്കായി സോൺ ഡയറ്റ്, ആറ്റ്കിൻസ് ഡയറ്റ്, ഡിറ്റോക്സ് ഡയറ്റ്, ജി എം ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ് എന്നിങ്ങനെ ഏറെ പ്രശസ്തങ്ങളായ അഞ്ചു ഡയറ്റുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇവയുടെ ഗുണവും ദോഷവും മനസിലാക്കി വേണ്ടതു തിരഞ്ഞെടുക്കാം.

സോൺ ഡയറ്റ്

ഇതു കണ്ടുപിടിച്ചത് ഡോ. ബാരി സിയേഴ്സാണ്. ഈ ഡയറ്റിൽ ഭക്ഷണക്രമം അന്നജം — മാംസ്യം—കൊഴുപ്പ് 40:30:30 എന്ന അനുപാതത്തിലാണ്. കൂടുതലും പഴവർഗത്തിൽ നിന്നും പച്ചക്കറികളിൽ നിന്നും ശരിയായ അളവിലുള്ള അന്നജം ലഭിക്കും. മാംസ്യത്തിനായി കൊഴുപ്പ് മാറ്റിയ ഇറച്ചികൾ, മീൻ, മുട്ടയുടെ വെള്ള എന്നിവ കഴിക്കാം. കൊഴുപ്പിന് മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് (ഉദാ: ഒലീവ് എണ്ണ) നട്സ് എന്നിവ കഴിക്കാം.

ഗുണങ്ങൾ: നല്ല കൊഴുപ്പുകൾ കൂടുതലും പൂരിതകൊഴുപ്പ്, ട്രാൻസ് ഫാറ്റ് എന്നിവ കുറഞ്ഞ അളവിലുമാണ് ഇതിൽ ഉപയോഗിക്കേണ്ടത്. ഇതിൽ മറ്റു ഡയറ്റുകളെപ്പോലെ അന്നജം പൂർണമായി ഒഴിവാക്കേണ്ട ആവശ്യമില്ല. പകരം കുറഞ്ഞ അളവിൽ ഉപയോഗിക്കാം.

ദോഷങ്ങൾ: ഈ ഡയറ്റ് തുടർന്ന് ഉപയോഗിക്കാൻ പ്രയാസമാണ്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ അളവ് (40:30:30) ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഡയറ്റ് വഴി ശരീരഭാരം കൂടാൻ വഴിയുണ്ട്. ശരീരത്തിനുവേണ്ട പല പോഷകങ്ങളും ഈ ഡയറ്റിലൂടെ ലഭ്യമല്ല.

വിശപ്പു കുറയ്ക്കും ഡയറ്റ്

ആറ്റ്കിൻസ് ഡയറ്റ്: ഇതുകണ്ടുപിടിച്ചത് റോബർട്ട് ആറ്റ്കിൻ എന്ന ഭിഷഗ്വരനാണ്. ഈ ഡയറ്റിൽ മാംസ്യത്തിന്റെ അളവു വളരെ കൂടുതലാണ്. അന്നജം ധാരാളമടങ്ങിയ അരി, മൈദ, പഞ്ചസാര, കിഴങ്ങ് വർഗങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. മാംസ്യം ധാരാളംമടങ്ങിയ ഭക്ഷ്യസാധനങ്ങളായ മത്സ്യം, മാംസം, മുട്ടയുടെ വെള്ള, നട്സ് (അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവ) എന്നിവ അധിക അളവിൽ ഉപയോഗിക്കാം. ഏതുതരം കൊഴുപ്പ് വേണമെങ്കിലും കഴിക്കാം.

ഗുണങ്ങൾ: അന്നജം കുറയ്ക്കുന്നതിനാൽ ശരീരഭാരം പെട്ടെന്നു കുറയ്ക്കാം. മാംസ്യവും കൊഴുപ്പും കൂടിയ അളവിൽ ഉൾപ്പെടുത്തുന്നതിനാൽ വിശപ്പ് തോന്നുകയുമില്ല.

ദോഷങ്ങൾ: അന്നജം പൂർണമായി ഒഴിവാക്കുന്നതിനാൽ, മിക്കവർക്കും ഈ ഡയറ്റുമായി ചേർന്നു പോകാൻ വളരെ പ്രയാസമാണ്. ശരീരം ഊർജത്തിനായി അന്നജത്തിനു പകരം മാംസ്യത്തെയും കൊഴുപ്പിനെയുമാണ് ആശ്രയിക്കുന്നത്.

ഈ പ്രക്രിയ കൊണ്ടുണ്ടാകുന്ന കീറ്റോൺ ബോഡീസ് തലവേദനയ്ക്കും പിരിമുറുക്കം, നിർജലീകരണം, തലകറക്കം, വായ്നാറ്റം എന്നിവയ്ക്കു കാരണമാകും. പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കൽ ഹൃദയത്തെ ദോഷകരമായി ബാധിക്കാം. കൂടാതെ, വൃക്കകൾക്ക് അമിതസമ്മർദം വരാനും സാധ്യതയുണ്ട്. ശരീരത്തിനാവശ്യമുള്ള എല്ലാ പോഷകങ്ങളും ലഭിക്കുന്നില്ല എന്നതും ഇതിന്റെ പോരായ്മയാണ്.

ഡിറ്റോക്സ് ഡയറ്റ്

ഈ ഡയറ്റിന്റെ പ്രധാന ഉദ്ദേശ്യം വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുകയാണ്. ഇതിൽ പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കൾക്കാണു പ്രാധാന്യംനൽകുന്നത്. പഴങ്ങളും പഴച്ചാറുകളും പച്ചക്കറികളുമാണ് ഈ ഡയറ്റിന്റെ പ്രത്യേകത. കൂടാതെ, ധാരാളം വെള്ളവും കുടിക്കണം.

ഗുണങ്ങൾ: ഇതിലുൾപ്പെടുത്തുന്ന ഭക്ഷ്യവസ്തുക്കളിൽ ധാതുലവണങ്ങൾ ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധശക്തി ഒരു പരിധി വരെ വർധിപ്പിക്കും. വണ്ണം കുറയ്ക്കുന്നതോടൊപ്പം ക്ഷീണം, തലവേദന ഇവയ്ക്കെല്ലാം പെട്ടെന്ന് ആശ്വാസം നൽകുന്നു.

ദോഷങ്ങൾ: ശരീരത്തിന് ആവശ്യമുള്ള ഊർജം ശരിയായി ലഭ്യമല്ലാത്തതിനാൽ ഈ ഡയറ്റ് ചെയ്യുമ്പോൾ ശാരീരികാധ്വാനം കുറയ്ക്കണം. ഇതു തുടർച്ചയായ ഉപയോഗത്തിന് അനുയോജ്യമല്ല. പനി, ചുമ, ജലദോഷം എന്നിവ ഉള്ളവർക്കും ഉപയോഗപ്രദമല്ല. പ്രമേഹരോഗികളിൽ ഇതു പെട്ടെന്നു ഷുഗർ കൂട്ടാനും കുറയ്ക്കാനും സാധ്യതയുണ്ട്. വേണ്ടത്ര പോഷകങ്ങൾ ലഭിക്കുന്നതല്ലാത്തതിനാൽ കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ ഈ ഡയറ്റ് ഉപയോഗിക്കരുത്.

ഏഴുദിവസം സൂപ്പർ ഡയറ്റ്

ജി എം ഡയറ്റ് (ജനറൽ മോട്ടോഴ്സ് ഡയറ്റ്) : ഈ ഡയറ്റ് 1980—ൽ ജനറൽ മോട്ടോഴ്സ് കമ്പനിയുടെ ഭാരവാഹികൾക്കും തൊഴിലാളികൾക്കും വേണ്ടി ചിട്ടപ്പെടുത്തിയതാണ്. ഏഴു ദിവസം തുടർച്ചയായി ഇതു ചെയ്യണം. മാത്രമല്ല, ഓരോ ദിവസവും ചിട്ടപ്പെടുത്തിയ ഭക്ഷണമേ കഴിക്കാവൂ. ദിവസേന പത്തുഗ്ലാസ്വെള്ളം നിർബന്ധമായും കുടിക്കണം.

ദിവസം —1: നേന്ത്രപ്പഴം ഒഴികെ എല്ലാ പഴങ്ങളും ഉപയോഗിക്കാം. വെള്ളം ധാരാളമടങ്ങിയ തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവ കൂടുതലാകാം.

ദിവസം —2: പച്ചക്കറികൾ മാത്രം സാലഡായിട്ടും വേവിച്ചും ഉപയോഗിക്കാം. നിശ്ചിത അളവില്ല. വയറു നിറയും വിധം കഴിക്കാം. അന്നജം ലഭിക്കുവാൻ കിഴങ്ങുവർഗങ്ങളും ഉപയോഗിക്കാം.

ദിവസം —3: പഴങ്ങളും പച്ചക്കറികളും ഒന്നിച്ച് ഉൾപ്പെടുത്തുക (നേന്ത്രപ്പഴവും ഉരുളക്കിഴങ്ങും ഒഴികെ) പ്രത്യേകം അളവില്ല.

ദിവസം —4 : നേന്ത്രപ്പഴവും പാലും മതി. ഏകദേശം എട്ടുപഴവും മൂന്നുഗ്ലാസ് പാലും ഉപയോഗിക്കാം. ഇടയ്ക്കു പച്ചക്കറി സൂപ്പും കുറഞ്ഞ അളവിൽ കഴിക്കാം.

ദിവസം —5: ബീഫ്, ചിക്കൻ, മീൻ തുടങ്ങിയവയും തക്കാളിയും മാത്രം കുറഞ്ഞ അളവിൽ ഉപയോഗിക്കാം. വെള്ളത്തിന്റെ അളവ് 12 ഗ്ലാസ് വരെ ആകാം.

ദിവസം —6 : ഇഷ്ടാനുസരണം ചിക്കൻ, മീൻ, ബീഫ്, തക്കാളി, മറ്റു പച്ചക്കറികൾ തുടങ്ങിയവ കഴിക്കാം. വെള്ളം ധാരാളം വേണം.

ദിവസം —7 : ചമ്പാവരിചോറ്, പച്ചക്കറികൾ, പഴച്ചാറുകൾ, മറ്റുപച്ചക്കറികൾ എന്നിവ ധാരാളം ഉപയോഗിക്കാം.

ഗുണങ്ങൾ: കുറച്ചു നാളുകൾ മാത്രം ഉപയോഗിക്കാൻ നല്ലതാണ്. ഇതിലെ ഭക്ഷ്യവസ്തുക്കൾ ചുരുങ്ങിയ സമയം കൊണ്ടു തയാറാക്കി കഴിക്കാവുന്നതാണ്. മറ്റു ഡയറ്റുകളെ അപേക്ഷിച്ച് ഇവയുടെ മൊത്തവില കുറവാണ്.

ദോഷങ്ങൾ : ഇതിൽ പല ഭക്ഷണങ്ങളും കർശനമായി നിരോധിക്കണം. തന്നെയുമല്ല, ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഗുണങ്ങളും ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നില്ല.

മെഡിറ്ററേനിയൻ ഡയറ്റ്

ഡോ ആൻസൽ കീസാണ് ഈ ഡയറ്റ് കണ്ടെത്തിയത്. ഇതിൽ കൊഴുപ്പ്, ഒരു ദിവസത്തെ മൊത്തം കലോറിയുടെ 25—35 ശതമാനം മാത്രം മതി. അതിൽ പൂരിതകൊഴുപ്പ് (മൃഗക്കൊഴുപ്പുകൾ, തേങ്ങ, വെളിച്ചെണ്ണ) എട്ട് ശതമാനത്തിൽ താഴെയോ ഉപയോഗിക്കാവൂ. പച്ചക്കറികൾക്കും പഴങ്ങൾക്കുമാണു മുൻതൂക്കം. പാചകത്തിന് ഒലിവെണ്ണ മാത്രം ഉപയോഗിക്കാം. ചുവന്ന മാംസം വളരെ ചുരുക്കി മാത്രം ഉപയോഗിക്കുക. മത്സ്യം, കോഴിയിറച്ചി എന്നിവ മിതമായി കഴിക്കാം. ബീൻസ്, നട്സ്, അന്നജം അടങ്ങിയ ഭക്ഷണങ്ങൾ (ഗോതമ്പ് ഉൽപ്പന്നങ്ങൾ ആയ തവിടുമാറ്റാത്ത ബ്രെഡ്) കൂടുതൽ ഉപയോഗിക്കാം. മുട്ട ഒരാഴ്ച നാലെണ്ണം വീതം കഴിക്കാവുന്നതാണ്.

ഗുണങ്ങൾ : ഈ ഡയറ്റ് ആയുസു കൂട്ടുമെന്നു പഠനങ്ങൾ പറയുന്നു. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, ഹൃദ്രോഗം എന്നിവ വരാതെ ശരീരത്തെ സംരക്ഷിക്കാനും നല്ലത്. പ്രമേഹം, കൊളസ്ട്രോൾ എന്നിവ വന്നാലും നിയന്ത്രിക്കാൻ ഈ ഡയറ്റ് സഹായിക്കും.

ധാരാളം നാരടങ്ങിയതിനാൽ കുടൽ സംബന്ധമായ രോഗങ്ങളും വരില്ല. ഈ ഡയറ്റിനു ദോഷങ്ങൾ ഉള്ളതായി പഠനങ്ങളിൽ തെളിഞ്ഞിട്ടില്ല.

ശരീരഘടനകൾ അറിയാം

പൊതുവിൽ മൂന്നു ശരീരഘടനകളാണ് ഉള്ളതെന്നു ശാസ്ത്രം പറയുന്നു. എക്ടോമോർഫ്, മെസോമോർഫ്, എൻഡോമോർഫ് എന്നിവയാണു മൂന്നു ശരീരഘടനകൾ. ഓരോരുത്തരുടെയും ശരീരത്തിന്റെ ഘടന തിരിച്ചറിഞ്ഞ് അതിനെ അടിസ്ഥാനമാക്കി ഭക്ഷണനിയന്ത്രണവും വ്യായാമവും ചെയ്താൽ ആരോഗ്യത്തോടെ ജീവിക്കാം.

എക്ടോമോർഫ് : എല്ലാവരും അസൂയപ്പെടുന്ന ശരീരഘടനയാണ് ഇവരുടേത്, ഇവരുടെ ശരീരത്തിൽ കൊഴുപ്പിന്റെ ശതമാനം വളരെ കുറവായിരിക്കും. ഇവർക്കു ശരീരഭാരം കൂട്ടാൻ വളരെ വിഷമമാണ്. കൊഴുപ്പ് കുറഞ്ഞതും അന്നജം കൂടുതൽ അടങ്ങിയതുമായ ഭക്ഷണരീതിയാണ് ഉത്തമം. അന്നജവും മാംസ്യവും —1: 2 അനുപാതത്തിൽ ഉൾപ്പെടുത്താം.

മെസോമോർഫ് : ഇവരുടെ ശരീരത്തിൽ കൊഴുപ്പിന്റെ ശതമാനം ആവശ്യത്തിനു മാത്രമേ ഉള്ളൂ. പേശീഭാരം കൂടുതലായിരിക്കും. ഇവർക്കു ശരീരഭാരം കൂട്ടാനും കുറയ്ക്കാനും എളുപ്പമാണ്. കൊഴുപ്പ് ഒരു ദിവസത്തെ മൊത്തം കലോറിയുടെ 20—30 ശതമാനം മാത്രം മതി. അപൂരിത കൊഴുപ്പുകളായ ഒലീവ് എണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയവ ഉൾപ്പെടുത്തുക. മാംസ്യം കുറച്ചുമതി.

തവിട് ധാരാളമടങ്ങിയ അന്നജങ്ങളായ ഗോതമ്പ്, ഓട്ട്സ്, ചുവന്ന അരി, റാഗി എന്നിവ ഉപയോഗിക്കുക.

എൻഡോമോർഫ് :ശരീരത്തിൽ കൊഴുപ്പ് വളരെ കൂടുതലാണ് ഇവർക്ക്. ശരീരഭാരം കൂടാനും വളരെ എളുപ്പമാണ്. ഉരുണ്ട ശരീരപ്രകൃതി ഉള്ളവരാണിവർ. ഭക്ഷണം എപ്പോഴും കുറഞ്ഞ അളവിൽ പല തവണകളായി ഉൾപ്പെടുത്തണം. പഞ്ചസാര കുറച്ചുപയോഗിക്കുക. നാര് ധാരാളമടങ്ങിയ ഇലക്കറികൾ, മറ്റു പച്ചക്കറികൾ, പഴങ്ങൾ എന്നിവയ്ക്ക് മുൻതൂക്കം നൽകുക. വെള്ളം നന്നായി കുടിക്കണം. അന്നജം കുറച്ചും മാംസ്യം കൂടുതലുമടങ്ങിയ ഭക്ഷണം കഴിക്കണം. തവിടില്ലാത്ത മൈദ ഉൽപന്നങ്ങൾ (പറോട്ട, ബട്ടൂര, വെളുത്ത ബ്രഡ്, റസ്ക്) ഒഴിവാക്കുക.

എസ് സിന്ധു

പോഷകാഹാര വിദഗ്ധ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.