Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്ലിം’ ആകണോ? ഇതാ നാലു ജാപ്പനീസ് തന്ത്രങ്ങള്‍

slim

വ്യായാമം ചെയ്തിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്, ഇന്‍റര്‍നെറ്റില്‍ കാണുന്ന മിക്ക ഡയറ്റ്പ്ലാനും കണ്ണുമടച്ചു ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ഒന്നു മെലിയാന്‍ സാധിച്ചില്ലല്ലോ എന്നു വിഷമിക്കുന്നവര്‍ക്കിതാ പ്രാവര്‍ത്തികമാക്കാന്‍ എളുപ്പമുള്ള ചില നുറുങ്ങുകള്‍ അങ്ങ് ജപ്പാനില്‍ നിന്ന്. അമിതവണ്ണം കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. അതു തന്നെയാണ് ഈ നുറുങ്ങുവിദ്യകളുടെ ഗാരന്‍റി.

വ്യായാമം അമിതമാവരുത്

സുമോ ഗുസ്തിക്കാരെ പോലെയാണ് നമ്മളില്‍ പലരും വ്യായാമം ചെയ്യുന്നത്. ഭക്ഷണം ഒന്നും കഴിക്കാതെ വെറും വയറ്റില്‍ വ്യായാമം. എന്നിട്ട് വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാനും പോകും. ഇത് ഒരുപോലെ മസിലും കൊഴുപ്പും അടിയാന്‍ ഇടവരുത്തും. അമിതവ്യായാമത്തിന്‍റെ ഫലവും മറ്റൊന്നല്ല. ശരീരത്തിന് അധികം ആയാസം കൊടുക്കുമ്പോള്‍ അതനുസരിച്ചു ശരീരത്തില്‍ കൊഴുപ്പ് ശേഖരിച്ചു വയ്ക്കാനുള്ള പ്രവണത ശരീരത്തിനുണ്ടാകുമെന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. വ്യായാമം അമിതമാകുമ്പോള്‍ വിശപ്പും അമിതമാകും. ഇത് രണ്ടും ശരീരത്തിന് നല്ലതല്ല എന്നാണ് ജാപ്പനീസ് പക്ഷം.

കാലാവസ്ഥ അറിഞ്ഞു ഭക്ഷണം

കാലാവസ്ഥയറിഞ്ഞു ഭക്ഷണം കഴിക്കുന്നവരായിരുന്നു മലയാളികള്‍. മാറിയ ജീവിതവ്യവസ്ഥയില്‍ എല്ലാം താറുമാറായി. എന്നാല്‍ കാലാവസ്ഥ അനുസരിച്ച് ഭക്ഷണം ക്രമപ്പെടുത്തുന്നതില്‍ പ്രത്യേക ശ്രദ്ധനല്‍കുന്നവരാണ് ജപ്പാന്‍കാര്‍. ഇത് ശരീരത്തിന്‍റെ ചൂട് ക്രമപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.

ഭക്ഷണത്തിനിടയില്‍ വെള്ളം വേണ്ട

ജപ്പാന്‍കാര്‍ ഭക്ഷണത്തിനിടെ വെള്ളം കുടിക്കാറില്ല. ഒന്ന് അത് ഭക്ഷണം ദഹിപ്പിക്കാനായി ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങളുടെ കരുത്ത് കുറയ്ക്കും. ഇത് ദഹനത്തെ മാത്രമല്ല ശരീരത്തിന്‍റെ ചയാപചയങ്ങളെയും ബാധിക്കും. അത് അമിതവണ്ണത്തിനു ഇടയാക്കും.

കുളി ചൂടുവെള്ളത്തില്‍

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് രക്തയോട്ടം കൂട്ടുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. കുളിക്കുന്ന വെള്ളത്തിന്‍റെ താപനിലയുടെ കാര്യത്തില്‍ പോലും ജാഗ്രത പുലര്‍ത്തുന്നവരാണ് ജപ്പാന്‍കാര്‍. മുപ്പത്തെട്ടു - നാല്‍പതു ഡിഗ്രി ചൂടുള്ള വെള്ളമാണ് അവര്‍ കുളിക്കാന്‍ ഉപയോഗിക്കുന്നത്. അതാണ്‌ ഹൃദയോഷ്മാവ് എന്നും അതില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നും അവര്‍ വിശ്വസിക്കുന്നു. രക്തസമ്മര്‍ദം ഉയര്‍ത്താതെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം നാല്‍പതു ഡിഗ്രി ചൂടുള്ള വെള്ളമാണെന്നു ശാസ്ത്രവും പിന്തുണയ്ക്കുന്നു.

വളരെ നിസ്സാരമെന്നു തോന്നുമെങ്കിലും ജാപ്പനീസ് ജീവിതരീതിയില്‍ ഏറെ പ്രാധാന്യമുണ്ട് ഇവയ്ക്കെല്ലാം. ആരോഗ്യത്തിന്‍റെ കാര്യത്തിലും ദീര്‍ഘായുസ്സിന്‍റെ കാര്യത്തിലും മുന്‍പന്തിയിലാണ് ജപ്പാന്‍. അതുകൊണ്ടുതന്നെയാണ് ഇവരുടെ ആരോഗ്യപരിപാലനരീതികളില്‍ പാശ്ചാത്യവൈദ്യവിഭാഗങ്ങള്‍ പോലും ഗവേഷണം നടത്തുന്നത്.

Your Rating: