Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടി കുറയ്ക്കാൻ തോമസ് ഐസക് വക കിടിലൻ ‘നികുതി തന്ത്രം’

Healthy Portobello Burgers

ഒരു സിഗററ്റിന് വെറും ഒരു രൂപ! സ്വാഭാവികമായും പുകവലിപ്രേമി പിന്നെ വലിയോടു വലിയായിരിക്കും. പക്ഷേ ഒരു സിഗററ്റിന് 100 രൂപയാക്കിയാലോ? ഏതു പ്രേമിയും വലിക്കാൻ ഒന്നു മടിക്കും. അതോടെ ആരോഗ്യം ശരിയാകും, സ്പോഞ്ചു പോലെയുള്ള നമ്മുടെ പാവം ശ്വാസകോശം രക്ഷപ്പെടും. കൂടുതൽ നികുതി ചുമത്തി സിഗററ്റിനു വില കൂട്ടുന്ന തന്ത്രം കേന്ദ്ര-കേരള വ്യത്യാസമില്ലാതെ മിക്ക ബജറ്റിലും കാണാറുണ്ട്. പക്ഷേ ഇത്തവണ കേരള ബജറ്റിൽ സിഗററ്റിനെ തൊട്ടില്ല, പകരം തൊട്ടത് ബർഗറും പീറ്റ്സയും പോലുള്ള കൃത്രിമ–സങ്കര ഭക്ഷണ(ജങ്ക് ഫുഡ്)ങ്ങളെ.

ഇന്ത്യയിലാദ്യമായി ഇത്തരം ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തിയ സംസ്ഥാനമായിരിക്കുകയാണു കേരളം. ‘ഫാറ്റ് ടാക്സ്’ എന്ന ഈ നികുതി ഏർപ്പെടുത്തിയതിനു പക്ഷേ നാം ധനമന്ത്രി തോമസ് ഐസക്കിനോടു നന്ദി പറയണം. കാരണം ഡെന്മാര്‍ക്ക്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയം കണ്ടതാണ് ഈ പൊണ്ണത്തടി കുറയ്ക്കുന്ന, ആരോഗ്യം സംരക്ഷിക്കുന്ന നികുതി രീതി. സംഗതി മറ്റൊന്നുമല്ല, ജങ്ക് ഫുഡുകൾ കുട്ടികളുടെ ഉൾപ്പെടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്നു കണ്ടപ്പോഴാണ് അവിടങ്ങളിൽ ഈ നികുതി ചുമത്തൽ ആരംഭിച്ച‌ത്. മെക്സിക്കോയിൽ എട്ടു ശതമാനം നികുതിയാണ് ചുമത്തിയത്. ഈ ‘ഫാറ്റ് ടാക്സ്’ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ഏറെ ഫലപ്രദമായെന്ന സർവേ ഫലം കേരള ബജറ്റിനും മൂന്നു ദിവസം മുൻപു മാത്രമാണ് അവിടെ വന്നതെന്നതും യാദൃശ്ചികം.

ന്യൂഡിൽസ്, ബർഗർ, പീറ്റ്സ, ചോക്ലേറ്റുകൾ, മിഠായി, ഉപ്പേരികൾ, കോളകൾ തുടങ്ങിയ ജങ്ക് ഫുഡ് വിഭവങ്ങൾ സ്കൂൾ കന്റീനുകളിൽ നൽകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സിബിഎസ്ഇ നിർദേശിച്ചതും ഏതാനും മാസം മുൻപാണ്. കന്റീനിൽ മാത്രമല്ല സ്കൂളിന്റെ 200 മീറ്റർ ചുറ്റളവിൽ പോലും ഇവ ലഭ്യമല്ലെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം.
കഴിക്കരുതെന്നു പറഞ്ഞാൽ പക്ഷേ ഭൂരിപക്ഷം പേരും കേൾക്കില്ലെന്നതാണു സത്യം. ജങ്ക് ഫുഡുകളെല്ലാം അത്രമാത്രം ടേസ്റ്റിയാക്കിയാണ് പാചകം. എന്നാൽപ്പിന്നെ ഒരു നികുതി ചുമത്തി അതുവഴി വില കൂട്ടുകയല്ലാതെ വേറെ വഴിയില്ല. കേരളത്തിൽ ബ്രാൻഡഡ് റസ്റ്ററന്റുകൾ പാകം ചെയ്തു വിൽക്കുന്ന ബർഗർ, പീറ്റ്സ, ടാക്കോസ്, ഡോനട്സ്, സാൻവിച്ച്, ബർഗർ-പാറ്റി, പാസ്ത തുടങ്ങിയവയുടെയും ബ്രഡ് ഫില്ലിങ്ങുകൾ, മറ്റ് പാകം ചെയ്ത ഭക്ഷണ പദാർഥങ്ങൾ തുടങ്ങിയവയുടെയും മേലാണ് 14.5% ഫാറ്റ് ടാക്സ് ചുമത്തിയിരിക്കുന്നത്. അതുവഴി പ്രതീക്ഷിക്കുന്നതാകട്ടെ 10 കോടിയുടെ അധികവരുമാനവും.

ജങ്ക് ഫുഡുകളെ ‘അൺ ഹെൽത്തി’ ഭക്ഷണമായാണ് ആരോഗ്യവിദഗ്ധരും കണക്കാക്കുന്നത്. അതിനാൽത്തന്നെ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക വ്യവസ്ഥിതിയ്ക്ക് അവ കൊടുക്കുന്ന ‘പണി’യും ഗംഭീരമാണ്. പൊണ്ണത്തടി, കൊളസ്ട്രോൾ, പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, കരൾവീക്കം, കാൻസർ തുടങ്ങി ജങ്ക് ഫുഡ് വഴിയുണ്ടാകുന്ന പ്രശ്നങ്ങൾ ചികില്‍സിച്ചു നേരെയാക്കാൻ ഒരു വൻ തുക പോയിക്കിട്ടുമെന്നർഥം. ഓരോ രാജ്യത്തിന്റെയും നട്ടെല്ലാവേണ്ട ആരോഗ്യവാന്മാരായ ജനങ്ങളെയാണ് ജങ്ക് ഫുഡ് ‘തടിപ്പിച്ചും ക്ഷീണിപ്പിച്ചും’ തകർക്കുന്നത്. കേരളത്തിലെ മാളുകളിലോ മറ്റു ഷോപ്പിങ് കോംപ്ലക്സുകളിലോ പോയാൽ കാണാം ബർഗറിനും പീസയ്ക്കുമെല്ലാം വേണ്ടിയുള്ള ‘അടിപിടി’. ഹോം ഡെലിവറി വരെ നല്‍കി ഈ ഭക്ഷണവസ്തുക്കൾ നമ്മളെ നടക്കാൻ പോലും അനുവദിക്കാതെ പിന്നെയും മടിയന്മാരാക്കുന്നു.

എങ്ങനെയാണ് ‘ഫാറ്റ് ടാക്സ്’ നമ്മെ സഹായിക്കുന്നത്?

∙ കാലറി (ഊർജം) ആവശ്യത്തിലേറെയുള്ളതും എന്നാൽ കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ധാതുലവണങ്ങളും പോഷകങ്ങളും തീരെ കുറഞ്ഞ ഭക്ഷണ സാധനങ്ങളെയാണ് ജങ്ക് ഫുഡ് എന്നു പറയുന്നത്. ഇത്തരം ആഹാരസാധനങ്ങളിൽ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അമിതമായ അളവിലുണ്ടാവും. ഇത്തരം ആഹാരം ശീലമാക്കിയവരിൽ ഹൃദ്‌രോഗ സാധ്യത 80% കൂടുതലാണെന്നു വിവിധപഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരക്കാർക്ക് കാൻസർ സാധ്യതയും ഏറെയാണ്. ഭക്ഷണത്തിന്റെ രുചിയും ആകർഷണവും കൂട്ടാനായി ചേർക്കുന്ന കൃത്രിമ നിറങ്ങളും പ്രശ്നമാണ്. പൂപ്പൽ ഒഴിവാക്കാൻ ചേർക്കുന്ന സോഡിയം ബെൻസൊയേറ്റ്, പൊട്ടാസ്യം ബെൻസൊയേറ്റ് എന്നിവയൊക്ക ഈ ഗണത്തിൽപ്പെടുന്നവയാണ്.
∙ സംസ്കരിച്ച മാംസാഹാരത്തിലെ സോഡിയം നൈട്രേറ്റ് കുടലിലെ അർബുദത്തിനാണു കാരണമാവുക. റസ്റ്ററന്റുകളിലും മറ്റും വറുക്കുന്നതിനും പൊരിക്കുന്നതിനും ഉപയോഗിക്കുന്ന എണ്ണ പാത്രത്തിൽനിന്നു മാറ്റാതെ വീണ്ടും വീണ്ടും ‌ചൂടാക്കി ഉപയോഗിക്കുമ്പോൾ അടിഞ്ഞുകൂടുന്ന രാസപദാർഥങ്ങളും കാൻസറിലേക്കാവും നയിക്കുക.
∙ ആറുവയസ്സും 20 കിലോഗ്രാം ശരീരഭാരവുമുള്ള കുട്ടിക്ക് ഒരു ദിവസം വേണ്ട ഊർജത്തിന്റെ തോത് 1500 കിലോ കാലറിയാണ്. 10 വയസ്സും 30 കിലോ ഭാരവുമുള്ള കുട്ടിക്ക് ഇത് 1700 കിലോ കാലറിയും, കൗമാരക്കാരായ ആൺകുട്ടികൾക്ക് 2400 കിലോ കാലറിയും പെൺകുട്ടികൾക്ക് 2200 കിലോ കാലറിയുമാണ് ആവശ്യം. ഒരു ബർഗറോ മീറ്റ് റോളോ രണ്ടു കഷണം ഫ്രൈഡ് ചിക്കനോ കഴിക്കുമ്പോൾ ലഭിക്കുന്നത് 1200-1500 കിലോ കാലറി. അതായത് ആറു വയസ്സുകാരന് ഒരുദിവസം വേണ്ട ഊർജമത്രയും ഇതിൽനിന്നു മാത്രം ലഭിക്കുന്നു. കൂടുതൽ കഴിക്കുന്ന ഭക്ഷണത്തിലെ കാലറിയെല്ലാം അധിക ഊർജമാണ്. ഇങ്ങനെ ആവശ്യത്തിലേറെ കാലറി ശരീരത്തിലെത്തുകയും കാര്യമായ വ്യായമമോ മറ്റ് അധ്വാനമോ ഇല്ലാതെവരികയും ചെയ്യുമ്പോൾ അത് കൊഴുപ്പായി മാറും. പിന്നെ ശരീരത്തിലടിഞ്ഞ് ചീത്ത കൊളസ്റ്ററോൾ വർധിപ്പിക്കും. അതോടെ പൊണ്ണത്തടിയാകുന്നു. പിറകെ ഹൃദ്രോഗവും മറ്റു ജീവിതശൈലീരോഗങ്ങളുമെത്തുന്നു.
∙ കുട്ടികളിൽ നല്ലൊരുപങ്കും മാംസാഹാര പ്രിയരാണ്. അതും ഫ്രൈഡ് ചിക്കൻ പോലെ വറുത്ത മാംസാഹാരങ്ങളോടുള്ള പ്രിയം. മാംസവിഭവങ്ങളിൽ പൂരിതകൊഴുപ്പ് അമിതമായ അളവിലുണ്ട്. ഹോർമോൺ കുത്തിവച്ചു വളർത്തുന്ന കോഴികളുടെയും മറ്റും മാംസം നിരന്തരം കഴിക്കുമ്പോൾ ആ വളർച്ചാ ഹോർമോണുകളും ശരീരത്തിൽ വൻ തോതിലെത്തും.
∙ പായ്ക്ക് ചെയ്തു വരുന്ന ചില ഭക്ഷണങ്ങളിലും ചില റസ്റ്ററന്റുകളിൽനിന്നു വാങ്ങുന്ന വിഭവങ്ങളിലുമെല്ലാം രുചികൂട്ടാനായി മോണാ സോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി) ഉപയോഗിക്കുന്നുണ്ട്. സംസ്കരിച്ച പായ്ക്കറ്റ് ആഹാരങ്ങളിൽ പലതിലും ഇതിന്റെ അളവ് കൂടുതലാണ്. നാഡീ സംവേദനശേഷി നശിപ്പിക്കുന്ന എംഎസ്ജി അധിമായാൽ തലവേദനയും ക്ഷീണവും മുതൽ മറവിരോഗവും പാർക്കിൻസൺസും വരെയുള്ള പ്രശ്നങ്ങളിലേക്കാവും എത്തുക.
∙ കടുത്ത മദ്യപർക്കു മാത്രമേ വരികയുള്ളൂ എന്നു കരുതിയിരുന്ന കരൾ വീക്കം അഥവാ ലിവർ സിറോസിസ് മദ്യം തൊടുക പോലും ചെയ്യാത്തവരെ പിടികൂടുന്ന സംഭവങ്ങൾ അടുത്തിടെ ഏറെ ചർച്ചയായതാണ്. ഈ നോൺ ആൽക്കഹോളിക് ലിവർ സിറോസിസി (എൻഎഎഫ്എൽഡി)നു പ്രധാന കാരണങ്ങളിലൊന്നാണ് ഫാസ്റ്റ്– ജങ്ക് ഫൂഡും അലസജീവിതശൈലിയും. ശരീരത്തിലെ കൊഴുപ്പിന്റെ (ഫാറ്റ്) അളവു കൂടുമ്പോൾ അതു പലയിടത്തായി അടിഞ്ഞുകൂടുന്നു. ഇങ്ങനെയാണ് അമിത വണ്ണമുണ്ടാകുന്നത്. ഇതേ കൊഴുപ്പിൽ കുറേ അംശം കരളിലും അടിയുന്നു. ഇതാണു ഫാറ്റി ലിവർ. കൊഴുപ്പിന്റെ അംശം ക്രമാതീതമായി വർധിക്കുന്നതു കരളിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇതു തുടർന്നാൽ കരളിൽ ഫൈബ്രോയ്ഡ് എന്ന അവസ്ഥയും ഉണ്ടാകുന്നു. ഇതാണു സിറോസിസിലേക്കു നയിക്കുന്നത്. അതോടെ കരളിന്റെ പ്രവർത്തനങ്ങൾ തീരെ മന്ദഗതിയിലാകുന്നു. കരളിലെ കാൻസറിനു മുൻപുള്ള ഘട്ടം കൂടിയാണു സിറോസിസ്.
∙ ജങ്ക് / ഫാസ്റ്റ് ഫുഡിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ്, മയണൈസ്, കാ൪ബണേറ്റ് കല൪ന്ന ലഘുപാനീയങ്ങളിൽ അടങ്ങിയ അധിക കാലറി എന്നിവ പ്രധാന വില്ലന്മാരാണ്. ഇവ സ്ഥിരമായി കഴിക്കുന്നത് വഴി ഫാറ്റി ലിവറും ലിവ൪ സിറോസിസും മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങളും ദു൪മേദസ്, പക്ഷാഘാതം തുടങ്ങിയവയും ഉണ്ടാകാനുള്ള സാധ്യതയേറെ.
∙ മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണവും അധികം കഴിച്ചാൽ പ്രശ്നം തന്നെ. ഇത്തരം ഭക്ഷണം കഴിക്കുകയും വ്യായാമ‌‌ം കുറയുകയും ചെയ്താൽ ശരീരത്തിനു ദോഷകരമായ കൊളസ്റ്ററോൾ കൂ‍ടും. ഇത്തരം ഭക്ഷണരീതി കൊണ്ടുണ്ടാകുന്ന അസുഖങ്ങൾ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടല്ല പുറത്തു വരുന്നത്. ചില രോഗങ്ങൾ ബാധിച്ചുവെന്നറിയാൻ വ൪ഷങ്ങൾ തന്നെ എടുത്തേക്കാം.

ജങ്ക് ഫുഡിന്റെ പ്രശ്നങ്ങൾ വായിച്ചല്ലോ. ഇനി പറയൂ, ചില നികുതികൾ നല്ലതല്ലേ? അതു നമ്മുടെ ആരോഗ്യത്തിനും നല്ലതാണെങ്കിൽ...!

Your Rating: