Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രി എട്ടിനു ശേഷം ഭക്ഷണം കഴിച്ചാൽ?

dinner

രാത്രി എട്ടു മണിക്കു ശേഷം ഭക്ഷണം കഴിച്ചാൽ തടി കൂടുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. എന്നാൽ ഒരു സംഘം ഗവേഷകർ ഇത് ശരിയല്ലെന്നു തെളിയിച്ചിരിക്കുകയാണ്. രാത്രി എട്ടു മണിക്കു ശേഷം ഭക്ഷണം കഴിക്കുന്നതു കുട്ടികളിൽ അമിതവണ്ണത്തിനു കാരണമാകില്ലെന്നു പഠനത്തിൽ തെളിഞ്ഞു.

ഭക്ഷണം കഴിക്കുന്ന സമയവും ജൈവഘടികാരവും തമ്മിൽ ബന്ധമുണ്ടെന്നാണ് മുൻപു തെളിഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെ ഉപാപചയ പ്രവർത്തനങ്ങളെ ഇതു സ്വാധീനിക്കുകയും അമിത ഭാരത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്.

ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷകരാണ് കുട്ടികളുടെ ഭക്ഷണസമയവും പൊണ്ണത്തടിയും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ പഠനം നടത്തിയത്. യുകെയിലെ നാഷണൽ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ സർവേയിലെ വിവരങ്ങൾ പഠനത്തിനായി ഉപയോഗിച്ചു. 1620 കുട്ടികളുടെ ഭക്ഷണശീലങ്ങൾ പരിശോധിച്ചു. ഇതിൽ 768 കുട്ടികൾ നാലു മുതൽ 10 വയസു വരെ പ്രായമുള്ളവരും 852 പേർ 11 മുതൽ 18 വരെ പ്രായമുള്ളവരുമായിരുന്നു. കുട്ടികളുടെ ബോഡി മാസ് ഇൻഡക്സ് കണക്കാക്കാനായി അവരുടെ ഉയരവും ഭാരവും അളന്നു.

രണ്ടു മണിക്കും രാത്രി എട്ടിനും ഇടയിൽ ഭക്ഷണം കഴിക്കുന്നവരുടെയും രാത്രി എട്ടിനും 10നുമിടയിൽ ഭക്ഷണം കഴിക്കുന്നവരുടെയും വിവരങ്ങൾ താരതമ്യം ചെയ്തു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനോ പൊണ്ണത്തടിക്കോ സാധ്യത ഉണ്ടാക്കുന്നില്ലെന്നു പഠനത്തിൽ തെളിഞ്ഞു.

രാത്രി എട്ടിനു മുൻപ് ഭക്ഷണം കഴിക്കുന്നവരിൽ ദിവസവുമുള്ള ഊർജ്ജ ഉപയോഗത്തിന്റെ അളവിലും വ്യത്യാസം കണ്ടില്ല. വൈകി ഭക്ഷണം കഴിക്കുന്ന നാലു മുതൽ 10 വയസു വരെ പ്രായമുള്ള ആൺകുട്ടികളിൽ മാംസ്യത്തിന്റെ ഉപയോഗം അധികമാണെന്നു കണ്ടു.

ഇന്നത്തെ പ്രാധാന ആരോഗ്യപ്രശ്നങ്ങളിലൊന്നായ കുട്ടികളിലെ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കുറയ്്ക്കാൻ ഭക്ഷണത്തിലെ ഗുണങ്ങൾ മെച്ചപ്പെടുത്തുകയും ശാരീരികപ്രവർത്തനങ്ങൾ വർധിപ്പിക്കുകയും വേണം.

കുട്ടികളിലെ പൊണ്ണത്തടിയും ഭക്ഷണസമയത്തിന്റെ സ്വാധീനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.  

Your Rating: