Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെഡ്മിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

treadmill

വ്യായാമം ചെയ്യാൻ സ്ഥലവും സമയവും കമ്മിയായിട്ടുള്ളവരുടെ ആശ്രയമാണു ട്രെഡ്മില്ലുകൾ. നടത്തം, ഓട്ടം, സ്പീഡിലുള്ള ഓട്ടം, ജോഗിങ് ഇതെല്ലാം ഇഷ്ടമനുസരിച്ചു ചെയ്യാമെന്നതാണു ട്രെഡ്മില്ലിന്റെ ഗുണവും പ്രത്യേകതയും. പരുക്കുകൾ പറ്റാതെ ഏറ്റവും പ്രയോജനപ്രദമായി ട്രെഡ്മിൽ ഉപയോഗിക്കുന്നതിന് അല്പം പരിശീലനവും അതീവ ശ്രദ്ധയും (പ്രത്യേകിച്ചു തുടക്കത്തിൽ) ആവശ്യമാണ്.

രണ്ടുതരം ട്രെഡ്മില്ലുകൾ ഉണ്ട്. കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്നതും കറന്റുകൊണ്ടു പ്രവർത്തിപ്പിക്കുന്നതും. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്നതിനു കാശു കുറയും. വിലകുറവും ഭാരം കുറവുമുള്ള, കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ട്രെഡ്മിൽ തുടക്കക്കാർക്കു കുഴപ്പമില്ല. കുറച്ചു പരിചയിച്ച, കുറച്ചുകൂടി ഗൗരവമായ വ്യായാമത്തിനു മോട്ടോർ കൊണ്ടു പ്രവർത്തിക്കുന്നതായിരിക്കും നല്ലത്. വേഗം ഫലം കിട്ടാനും ഈ ട്രെഡ്മില്ലാണു ഉത്തമം.

സാധാരണ നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾകൊണ്ടു ശരീരത്തിനു കിട്ടുന്ന പ്രയോജനങ്ങൾ ട്രെഡ്മിൽ വ്യായാമം കൊണ്ടു കിട്ടും. സാധാരണ ഓട്ടത്തിൽ പാദസന്ധി, കാലിന്റെ മുട്ടുകൾ, പുറത്തിന്റെ താഴ്ഭാഗം എന്നിവിടങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ട്രെഡ്മിൽ വ്യായാമത്തിൽ ഈ പ്രശ്നങ്ങൾ വളരെ കുറയും. ട്രെഡ്മിൽ ഒരു ഷോക് അബ്സോബർ ആയി പ്രവർത്തിക്കുന്നതു കൊണ്ടാണിത്.

ട്രെഡ്മിൽ വാങ്ങുമ്പോൾ

വാങ്ങുമ്പോൾ മെഷീൻ ഉറപ്പുള്ളതാണോ എന്നു നോക്കണം. ബെൽറ്റിനു 48 ഇഞ്ചു നീളവും 18—20 ഇഞ്ചു വീതിയും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അപകടം പറ്റാം. വേണ്ടിവന്നാൽ പെട്ടെന്ന് ഓഫ് ചെയ്യാൻ പറ്റണം. പിടിക്കാൻ വശങ്ങളിൽ ബലമുള്ള കമ്പികൾ വേണം, എന്നാൽ കൈ എടുക്കുമ്പോൾ മുട്ടരുത്. മികച്ച കമ്പനി നോക്കി വാങ്ങുക. വാറണ്ടി ഉണ്ടോ? എത്ര നാളത്തേക്ക്? ഏതൊക്കെ കാര്യങ്ങൾക്ക്? അറ്റകുറ്റപ്പണികളെപ്പറ്റി എന്തു പറയുന്നു? നിങ്ങളുടെ ആവശ്യത്തിനുള്ള സ്പീഡുണ്ടോ? (നടത്തത്തിനും ഓട്ടത്തിനും 0.18 mph സ്പീഡാണു നിർദേശിക്കപ്പെട്ടിട്ടുള്ളത്) മെഷീൻ ഓഫ് ചെയ്താൽ പൊടുന്നനെ നിൽക്കുമോ? അതോ, സാവകാശമേയുള്ളോ? എന്നൊക്കെ അന്വേഷിക്കാം. ഉപഭോക്താവിന്റെ ഭാരവും മെഷീന്റെ എലിവേഷനും ബാധകമാകാതെ തന്നെ സ്ഥിരമായ വേഗത്തിൽ മോട്ടോർ പ്രവർത്തിക്കുമോ? ട്രെഡ്മില്ലിന്റെ ചരിവ് ((ഇൻക്ലൈൻ) 0% —1—% ആണോ?

ആദ്യമായി ചെയ്യുമ്പോൾ

തുടക്കത്തിൽ ഹാൻഡ് റെയിലിൽ പിടിച്ച് ഒരു പാദം മാത്രം ബെൽറ്റിൽ വച്ചു മെഷീന്റെ സ്പീഡിൽ നടന്നാൽ മതി. ക്രമേണ, റെയിൽ ഉപേക്ഷിച്ചു രണ്ടു കാലും ബെൽറ്റിൽ വച്ചു സാധാരണ പോലെ നടക്കാം.

വ്യായാമങ്ങൾ ചെയ്യുന്നതു തല ഉയർത്തിപ്പിടിച്ചു നേരേ നോക്കി വേണം. അധികം പുറകോട്ടോ, മുമ്പോട്ടോ അല്ലാതെ, നടുക്കു നില്ക്കുക. തുടക്കക്കാർ എപ്പോഴും പ്രീ—സെറ്റ് പ്രോഗ്രാം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വാം— അപ്, എക്സസൈസ്, കൂൾ—ഡൗൺ ഘട്ടങ്ങളിൽ കൂടിയെല്ലാം മെഷീൻ നിങ്ങളെ കൊണ്ടുപോയ്ക്കൊള്ളും.

അനാവശ്യമായി ആയാസപ്പെടാതെ, സാധാരണ പോലെ നടക്കുകയും ഓടുകയും ചെയ്യുക. മുന്നിലെ ഭിത്തിയിൽ കണ്ണാടി ഘടിപ്പിച്ചാൽ പോരായ്മകൾ നേരിൽ മനസിലാക്കി തിരുത്താം. ബെൽറ്റിനു മുമ്പോട്ട് ഓടാൻ ശ്രമിക്കുക. പിന്നിലേക്കു ചെയ്യുന്നതിലും സുരക്ഷിതം ഇതാണ്. ആവശ്യമനുസരിച്ചു, വേഗം നിയന്ത്രിക്കാം. 15 ലവൽ ചരിവിൽ (ഇൻക്ലൈൻ) 15 മിനിറ്റു നേരത്തേക്കു ട്രെഡ്മില്ലിന്റെ ശരിയായ സ്പീഡ് 3.5—4 mph ആണ്. എന്നിട്ടു ലവൽ 10 ആക്കിയതിനുശേഷം സ്പീഡ് കൂട്ടി, വീണ്ടും 15 മിനിറ്റു നേരം വ്യായാമം ചെയ്യുക. അത്യാവശ്യം നടക്കാനും ഓടാറുമായാൽ ഹാൻഡ്റെയിലിലെ പിടിവിടണം. ഇല്ലെങ്കിൽ മസിലിനു വേദന, ഫലപ്രാപ്തിക്കുറവ്, തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകാം. വ്യായാമത്തിന്റെ ആക്കം കൂട്ടാൻ ഇൻക്ലൈൻ (ചെരിവ്) കൂട്ടിയാൽ മതി. സ്പീഡ് കൂട്ടാതെ തന്നെ. പക്ഷേ, അപ്പോഴും ഹാൻഡ് റെയിലിൽ പിടിക്കരുത്. കുഴപ്പമുണ്ടാകും. ഹൃദയപരിശോധനകൾക്ക് ഉപയോഗിക്കുന്ന ട്രെഡ്മില്ലും വീട്ടിൽ ഉപയോഗിക്കുന്നതും ഒന്നു തന്നെയാണ്.

പ്രമേഹരോഗികൾക്കു നല്ലത്

പ്രമേഹരോഗികൾക്കു പറ്റിയ വ്യായാമമാണു ട്രെഡ്മിൽ നടത്തവും ഓട്ടവും മറ്റും. ഒരാൾ ഇറക്കം ഇറങ്ങുമ്പോൾ അയാളുടെ ശരീരത്തിന്റെ പഞ്ചസാര സംസ്കരിക്കാനുള്ള കഴിവു വർധിക്കുന്നതായി അമേരിക്കൻ ഹാർട്ട് ഫൗണ്ടേഷൻ പറയുന്നു. കയറ്റം കയറുന്നതു കൊണ്ടു ശരീരത്തിന് ഈ കഴിവു കിട്ടുന്നില്ലത്രേ. ഡിക്ലൈൻ ഫെസിലിറ്റി ഉള്ള ഒരു ട്രെഡ്മിൽ ഉപയോഗിച്ചും ഇതേ ഫലം ഉണ്ടാക്കാം.

അപകടങ്ങൾ ശ്രദ്ധിക്കുക

മാറ്റ് ഇട്ട് അതിൽ വേണം ട്രെഡ്മിൽ വയ്്ക്കാൻ, ബെൽറ്റ് നേരേയാണോ, തെന്നിപ്പോകുന്നുണ്ടോ, എന്ന് ഇടയ്ക്കിടെ ശ്രദ്ധിക്കണം. പൊടി കൺവെയറിന്റെ നീക്കത്തെ തടസപ്പെടുത്തും.

അതുകൊണ്ട്, പൊടികളയുമ്പോൾ, ബെൽറ്റിന്റെ അടിഭാഗം പ്രത്യേകം ശ്രദ്ധിക്കണം. മെഷീന്റെ അടിഭാഗത്തോ, ഇൻക്ലൈൻ മെക്കാനിസത്തിന്റെ അടുത്തോ വയറുകൾ കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ സംഭവിച്ചാൽ അവ മുറിഞ്ഞ്, അപകടമുണ്ടാക്കാം.