Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വാക്കിങ് മീറ്റിങ് ആക്കിയാലോ?

walking-meeting

ചർച്ചകളും കൂടിക്കാഴ്ചകളുമൊക്കെ നടത്തുമ്പോൾ ഏതെങ്കിലും വട്ടമേശയ്ക്കും ചുറ്റും കൂടിയിരിക്കുന്ന ആ പഴ‍ഞ്ചൻ രീതി ഒന്നു മാറ്റിപ്പിടിച്ചാലോ? വിദേശരാജ്യങ്ങളിൽ പലയിടത്തും ഇപ്പോൾ നടന്നുകൊണ്ട് ചർച്ചകളും കൂടിക്കാഴ്ചകളും നടത്തുന്നതാണ് പുതിയ രീതി. വാക്കിങ് മീറ്റിങ് എന്നാണ് സായിപ്പന്മാർ ഈ ഏർപ്പാടിനു പറയുന്നത്.

സ്ഥാപനമേലധികാരികൾ ഏതെങ്കിലും എസി കോൺഫറൻസ് മുറിയിൽ യോഗം ചേരുന്നതിനു പകരം ഗോൾഫ് കോഴ്സിലോ പാർക്കിലോ ഗാർഡനിലോ ബീച്ചിലോ നടന്നുകൊണ്ട് പരസ്പരം ഓഫിസ് കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുന്നു. അത്രനേരം കുത്തിയിരിക്കുന്നതിന്റെ മുഷിച്ചിൽ ഒഴിവാക്കാം, തുറസ്സായ സ്ഥലത്ത് നടക്കുന്നതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയും ചെയ്യും. നടന്നുകൊണ്ട് ചർച്ച ചെയ്യുമ്പോൾ കൂടുതൽ വ്യക്തമായ തീരുമാനങ്ങളെടുക്കാൻ കഴിയുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.

കാറ്റും ഇളവെയിലും ചേർന്ന അന്തരീക്ഷം മനസ്സിന് കൂടുതൽ ഉണർവും ഉന്മേഷവും നൽകും. തൊഴിൽസ്ഥാപനങ്ങളിൽ ആരോഗ്യകരമായ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിങ്ടണിലും മറ്റും ഇത്തരം വാക്കിങ് മീറ്റിങ് നടത്തുന്നത്. മീറ്റിങ്ങിനിടയിൽ ചായ, കാപ്പി എന്നിവയ്ക്കൊപ്പം അകത്താക്കുന്ന ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ വാക്കിങ് മീറ്റിങ്ങിൽ ഒഴിവാക്കുകയും ചെയ്യാം.

കമ്പനിമീറ്റിങ്ങുകളിൽ മാത്രമല്ല, സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ഒത്തുചേരലിലും ഈ നടത്തം പരീക്ഷിക്കാം. കാണാൻ വരുന്ന ചങ്ങാതിയുമായി പിസ–ബർഗർ ഷോപ്പുകളിലോ ഐസ്ക്രീം പാർലറിലോ പോകുന്നതിനു പകരം ബീച്ചിലോ പാർക്കിലോ ഒരു നടത്തം ആയാൽ ആരോഗ്യത്തിനും നന്നായിരിക്കും, പോക്കറ്റും കാലിയാകില്ല.