Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

155–ൽ നിന്ന് 85! നാസ്റിക്ക ഇങ്ങള് ഒരു സംഭവം തന്നെ

nazar-fitness നാസർ ഭാരം കുറയ്ക്കുന്നതിനു മുൻപും(ഇടത്) കുറച്ചതിനു ശേഷവും (വലത്)

സെലിബ്രിറ്റി പരിവേഷമുള്ളവർ മേക്ക് ഓവർ നടത്തുന്നതും ശരീരഭാരം കുറയ്ക്കുന്നതുമെല്ലാം വാർത്താപ്രാധാന്യം നേടാറുണ്ട്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ സാധാരണക്കാർ നടത്തുന്നത് പലപ്പോഴും പലരും കണ്ടില്ലെന്നു നടിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ കൃത്രിമ മരുന്നുകളെയും ഫിറ്റ്നസ് സെന്ററുകളെയും പലരും ആശ്രയിക്കുന്ന ഈ കാലത്ത് ഭക്ഷണം കഴിച്ച് കിടിലൻ മേക്ക്ഓവർ നടത്തി വ്യത്യസ്തനാകുകയാണ് നാസർ എന്ന പെരുമ്പാവൂരുകാരൻ.

ഒന്നും രണ്ടും പത്തുമൊന്നുമല്ല നാസർ കുറച്ചത് 155 കിലോയുണ്ടായിരുന്ന തന്റെ ശരീരഭാരം ഇപ്പോൾ 85.5 കിലോയിലെത്തിച്ചിരിക്കുകയാണ് ഈ വ്യവസായി. അതായത് 70.5 കിലോയാണ് നാസറിന്റെ ഡയറ്റിനു മുന്നിൽ കൊഴിഞ്ഞുപോയത്. ഇപ്പോൾ 43 വയസുള്ള നാസറിനെ കണ്ടാൽ പ്രായം നേരേ തിരിച്ച് 34 മാത്രമെ പറയൂ എന്ന് സുഹൃത്തുക്കളുടെ ആത്മഗതം.

എന്തുകൊണ്ട് ഇങ്ങനെ? എന്നു ചോദിച്ചാൽ ആ കഥ നാസർ തന്നെ പറയും

ഞാൻ ജനിച്ചതു തന്നെ ഓവർ വെയ്റ്റുമായിട്ടായിരുന്നു. അതായത് അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നപ്പോൾതന്നെ അമ്മ കഴിച്ച ആഹാരത്തിലെ പോഷകങ്ങളെല്ലാം ഞാൻ ചോർത്തിയെടുത്തു. സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാർ തടിയൻ എന്നൊക്കെ വിളിച്ച് കളിയാക്കുമായിരുന്നു. എസ്എസ്എൽസിക്കു പഠിക്കുമ്പോൾ എന്റെ ശരീരഭാരം 85 കിലോ ആയിരുന്നു. പക്ഷേ അന്ന് സ്പോർട്സിനൊക്കെ പങ്കെടുക്കുന്നതുകൊണ്ട് കൃത്യമായ ഷെയ്പ് ശരീരത്തിനുണ്ടായിരുന്നു. എന്നാൽ ഈ സമയത്തൊന്നും എന്റെ ഭാരം കൂടുതലാണെന്നോ അതു കുറയ്ക്കണമെന്നോ ഉള്ള തോന്നൽ‌ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല.

ഇതിനിടയ്ക്ക് കല്യാണം കഴിച്ചു കുട്ടികളായി. ആദ്യമായി ഞാൻ ഒരു പൊണ്ണത്തടിയനാണെന്ന പേരിൽ വിഷമം തോന്നിയത് എന്റെ ഇളയ കുഞ്ഞിനെ എൽകെജിയിൽ ചേർക്കാൻ സ്കൂളിലെത്തിയപ്പോഴാണ്. സ്വാഭാവികമായും അവിടെയുണ്ടായിരുന്നതു മുഴുവൻ കൊച്ചു കുട്ടികൾ. അവർ എന്തോ അത്ഭുത വസ്തു കാണുന്നതു പോലെയായിരുന്നു എന്നെ നോക്കിയത്. കണ്ടവർ കാണാത്തവരെ വിളിച്ചു കാണിച്ചു കൊടുക്കുന്നു, അവർ നോക്കി ചിരിക്കുന്നു... ഇങ്ങനെ. ഇതു കണ്ടപ്പോൾ എനിക്കും വിഷമം തോന്നി. അതിനു ശേഷം ഞാൻ ഒരു ആവശ്യത്തിനും ആ സ്കൂളിലേക്കു പോയില്ല. ഇപ്പോൾ കുട്ടി അ‍ഞ്ചാം ക്ലാസിലെത്തി.

വണ്ണം കുറച്ചേക്കാം എന്ന ചിന്ത എന്റെ മനസിൽ കൊണ്ടു വരുന്നതിന് ഒരു ഫാറ്റി ലിവർ വേണ്ടി വന്നു. 155 കിലോ ഉണ്ടായിരുന്നപ്പോൾ എന്റെ ഫാറ്റി ലിവർ 308 ആയിരുന്നു. ഡോക്ടർ പറഞ്ഞത് വെയ്റ്റ് കുറയ്ക്കാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്നായിരുന്നു. ബാരിയാട്രിക് സർജറി ചെയ്യാൻ എനിക്ക് താൽപര്യവുമില്ല. നടക്കാൻ ബുദ്ധിമുട്ട്, യാത്ര ചെയ്യാൻ സാധിക്കാതെയായി. ‍ഈ സയമയത്ത് ആകട്ടെ, ഡയബറ്റിസ്, രക്തസമ്മർദ്ദ്ം തുടങ്ങിയ ലൈഫ്സ്റ്റൈൽ രോഗങ്ങളും കൂട്ടിനെത്തി. അപ്പോൾ ഞാൻ തന്നെ തീരുമാനിച്ചു, എങ്ങനെയായലും ശരി വെയ്റ്റ് കുറച്ചിട്ടേ ഇനി വിശ്രമമുള്ളൂവെന്ന്.

ആദ്യം ചെയ്തത് കഴിക്കുന്ന ആഹാരത്തിന്റെയെല്ലാം കലോറി മനസിലാക്കാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ന്യൂട്രീഷനിസ്റ്റിന്റെയും ഡയറ്റീഷന്റെയുമൊക്കെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് ഒരോ ആഹാരസാധത്തിന്റെയും കാലറി മനസിലാക്കി. ഒരു ദിവസം ശരീരത്തിനു വേണ്ട കാലറി മാത്രം അകത്താക്കാൻ തുടങ്ങി. ഇന്ന് കുറച്ച് കൂടുതൽ കാലറി കഴിച്ചാൽ അത് സംതുലനമാക്കാൻ അടുത്തദിവസം കാലറി കുറച്ചേ കഴിക്കൂ. ഇപ്പോൾ ഏത് സാധനത്തിന്റെ കാലറി ചോദിച്ചാലും നാസർ ഉടൻ പറയും, മാത്രമല്ല അതിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും. അതു കഴിച്ചാൽ ശരീരത്തിന് ഏതൊക്കെ പോഷകങ്ങൾ ലഭിക്കുമെന്നും.

രാവിലെ ന്യൂട്രിയന്റ് ഫുഡ് ആണ് കഴിക്കുക. രാത്രി മുഴുവൻ പട്ടിണി കിടക്കുന്ന ശരീരത്തിന് രാവിലെ ക്രിയാത്മകമായി പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിനുള്ള ന്യൂട്രീഷൻ ലഭ്യമാക്കണം. അതുകൊണ്ട് പ്രഭാതഭക്ഷണം നല്ല ഭക്ഷണമായിരിക്കണം. അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ബദാം തുടങ്ങിയ ന്യൂട്രീഷൻ സമൃദ്ധമായ ആഹാരങ്ങളാണ് രാവിലെ കഴിക്കുന്നത്. ഇവ ഉയർന്ന അളവിൽ അല്ല, ഒരു നാലോ അഞ്ചോ എണ്ണം.

ഉച്ചയ്ക്കാകട്ടെ, ആദ്യം ഒരു വെജിറ്റബിൾ സാലഡ് കഴിക്കും. ശേഷം ചെറുപയർ മുളപ്പിച്ചത്. പച്ചക്കറികളിൽ‌ കൂടുതലായും ഉൾപ്പെടുത്തുന്നത് ലീഫി വെജിറ്റബിളുകളാണ്. കുമ്പളങ്ങ, പടവലങ്ങ, വാഴപ്പിണ്ടി, ചേമ്പിന്റെ താൾ‌, വാഴചുണ്ട് എന്നിവയിലേതെങ്കിലും കൊണ്ടുള്ള തോരൻ, എണ്ണ കുറച്ച മീൻ കറി, ചിലപ്പോൾ മീൻ പൊള്ളിച്ചത് എന്നിവ ചോറിന്റെ കൂടെ കഴിക്കും. മീൻ വറുത്തത് ഉപയോഗിക്കാറേയില്ല. ചപ്പാത്തി, റാഗി പുട്ട്, മൾട്ടി ഗ്രെയ്ൻ പുട്ട് എന്നിങ്ങനെ മാറി മാറിയാണ് ഉച്ചഭക്ഷണം. ഇവ നല്ലതു പോലെ തൃപ്തി ആകുന്നതു വരെ കഴിക്കും.

നാലു മണിക്ക് വിശപ്പ് തോന്നുകയാണെങ്കിൽ റാഗി കൊണ്ടുള്ള എന്തെങ്കിലും അല്ലെങ്കിൽ മൾട്ടി ഗ്രെയ്ൻ ബ്രെഡ്, ഒലിവ് ഒയിൽ ചേർത്ത് വെള്ളക്കടല വേവിച്ച് സാൻഡ്വിച്ച് പോലെ എന്തെങ്കിലും കഴിക്കും. ചായയും കാപ്പിയും പൂർണമായും ഒഴിവാക്കി. പകരം ഗ്രീൻ ടീ കുടിക്കും.

രാത്രി ഭക്ഷണം പഴവർഗങ്ങളാണ്. അതും എല്ലാ ഫ്രൂട്ട്സും കഴിക്കാറില്ല. ഓറഞ്ച്, റോബസ്റ്റ, ആപ്പിൾ, മൊസാമ്പി എന്നിവ ഓരോന്നു വീതം കഴിക്കും. സൂചി ഗോതമ്പ്, ഉലുവ എന്നിവ കൊണ്ടുള്ള കഞ്ഞി ചെറിയ അളവിൽ കഴിക്കും. ഇതെല്ലാം തന്നെ രാത്രി ഏഴു മണിക്ക് മുൻപ് കഴിച്ചിരിക്കും. ഇതിലെല്ലാമുപരി ദിവസവും നാലഞ്ച് ലിറ്റർ വെള്ളം കുടിക്കും. ചിക്കൻ, ബീഫ് പോലുള്ള നോൺവെജ് വല്ലപ്പോഴും, അതും വളരെ കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാറുള്ളു.

ഏതെങ്കിലും തരത്തിലുള്ള വ്യായമമോ, ഫിറ്റ്നസ് സെന്ററുകളിൽ പണം വാരി നൽകുകയോ ചെയ്യാതെയാണ് വെറും നിശ്ചയദാർഢ്യം കൊണ്ട് 70 കിലോയെ ശരീരത്തിൽ നിന്ന് പടി ഇറക്കി വിട്ടത്. മാത്രമല്ല ഫാറ്റി ലിവർ കുറഞ്ഞു, അതുപോലെ ഡയബറ്റിസും ബ്ലഡ് പ്രഷറുമെല്ലാം കുറഞ്ഞതായി നാസർ തന്നെ പറയുന്നു. തന്റെ തെറ്റായ ജീവിത ശൈലി ഏതെല്ലാം രോഗങ്ങളിലേക്ക് തന്നെ കൊണ്ടുപോയി എന്ന സത്യവും നാസർ ഇപ്പോൾ മനസിലാക്കുന്നു.

ഇനി വ്യായാമം ശീലമാക്കണം. അമിതഭാരവും വച്ച് വ്യായാമം ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല ഏതെങ്കിലും രീതിയിലുള്ള വ്യായമം ചെയ്താൽ തന്നെ അത് ദോഷകരമായി ബാധിക്കുമോ എന്ന പേടിയുമുണ്ടായിരുന്നു. ഉയരത്തിനനുസരിച്ചുള്ള ഭാരം ആകണമെങ്കിൽ ഇനിയും നാലഞ്ചു കിലോ കുറയ്ക്കണം. നാസറിന്റെ വാക്കുകളിൽ തിളങ്ങുന്നത് ജീവിതവിജയം നേടിയ സന്തോഷമാണ്.

ആഹാരത്തിന്റെ അളവു കുറച്ചും പട്ടിണി കിടന്നുമൊക്കെ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരോടായി നാസറിന്റെ വക ഉപദേശം ഒരിക്കലും അങ്ങനെ ചെയ്യരുത്. ആവശ്യത്തിനുള്ള ഭക്ഷണം കഴിച്ച് മാത്രമേ ഡയറ്റിങ് ചെയ്യാവൂ, ഇല്ലെങ്കിൽ അത് നിങ്ങളെ കൊണ്ടെത്തിക്കുന്നത് മറ്റു പല രോഗങ്ങളുടേയും പടിവാതിൽക്കലേക്കായിരിക്കും. ഭക്ഷണം കഴിക്കാതിരുന്നാൽ ശരിയായ പോഷകങ്ങൾ ലഭിക്കുകയില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി മനസിലാക്കി കഴിക്കുക. ഒരു ദിവസം എത്ര കാലറി ശരീരത്തിന് ആവശ്യമാണെന്നു മനസിലാക്കി അതനുസരിച്ച് ഭക്ഷണം നിജപ്പെടുത്തുക. കാലറി കുറഞ്ഞ ന്യൂട്രീഷൻ ഫുഡ് കഴിക്കുക. ഡയറ്റിങ് എന്ന പേരിൽ ഭക്ഷണം ഒഴിവാക്കാനേ പാടില്ല പകരം ബാലൻസ് ചെയ്യുകയാണ് വേണ്ടത്. കാർബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ചാൽ അത് കാൽസ്യത്തിന്റെ ഡെഫിഷ്യൻസിക്കു കാരണമാകും. ശരീരത്തിനാവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കുകയും വേണം, എന്നാൽ ഒട്ട് അമിത കൊഴുപ്പ് അടി‍യാനും പാടില്ല, ഈ രീതിയിലായിരിക്കണം കഴിക്കേണ്ടത്

തന്റെ ഈ ഡയറ്റിങ്ങിനു മുഴുവൻ മാർക്കും നാസർ നൽകുന്നത് ഭാര്യ ആബിതയ്ക്കാണ്. കാലറി മനസിലാക്കി അതനുസരിച്ചുള്ള ആഹാരം ഉണ്ടാക്കിത്തരുന്നത് ഭാര്യയാണ്. അതുകൊണ്ടു തന്നെ ഫുഡിന്റെ റെസിപ്പി ചോദിക്കാൻ ആളുകൾ ഇപ്പോൾ ആബിതയെ വിളിക്കാറുമുണ്ട്. അങ്ങനെ ആബിത ഇപ്പോൾ നാസറിന്റെ ഡയറ്റീഷ്യൻ കൂടിയായി.

ഭാരം കുറച്ചതിനു ശേഷം പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ചിലർക്കാകട്ടേ കണ്ടിട്ടു മനസിലായതു പോലുമില്ല. ഏറ്റവും രസകരമായി തോന്നിയത് എല്ലാത്തിനും കൂട്ടു നിന്ന സഹധർമിണിയുടെ തന്നെ കമന്റായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹത്തിനു പോയപ്പോൾ അവൾ ഏറെ നേരം അന്വേഷിച്ചിട്ടും ആൾക്കൂട്ടത്തിനിടയിൽ നിന്ന് എന്നെ കണ്ടെത്താൻ കഴിച്ചില്ല. കുറച്ചു സമയത്തിനു ശേഷം കണ്ടപ്പോൾ അൽപം പരിഭവത്തോടെ പറയുകയാ...ങ്ങക്ക് ആ തടി തന്നെ മതിയായിരുന്നു. അതാകുമ്പോൾ എവിടെ നിന്നാലും കാണാമായിരുന്നല്ലോന്ന്. ഇനി എന്തായാലും അത്ര പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ നോക്കേണ്ട എന്ന നാസറിന്റെ വക മറുപടിയും.