Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കുന്നവർ സ്ട്രോക്ക് തടയാനും ശ്രദ്ധിക്കണം

weight-loss

അമിത വണ്ണം സ്ട്രോക്കിനു കാരണമായിത്തീരുന്നു. ഇതിനു പല കാരണങ്ങളുണ്ട്. അമിത വണ്ണം ഉള്ളവർക്ക് രക്തസമ്മർദം ഉയരാനും രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടാനും കൊളസ്ട്രോളിന്റെ അളവു കൂടാനും സാധ്യതയുണ്ട‌്. ഇതിനോ‌ടൊപ്പം അമിത ഭാരത്തിന്റെ ഫലമായി വരുന്ന, ഉറക്ക സംബന്ധമായി സ്ല‍ീപ് അപ്നിയ എന്ന രോഗവും ഒരു പരിധി വരെ സ്ട്രോക്കിനു കാരണമാകുന്നു. അമിത ഭാരം ഉള്ളവർ വ്യായാമം ചെയ്യാൻ മടിക്കുന്നു. തത്ഫലമായി ഇവർക്ക് ഹൃദയസംബന്ധമായ രോഗം വരാനുള്ള സാധ്യതയും കൂടുന്നു.

സ്ട്രോക്ക് തടയുന്നതിന് അമിതഭാരം കുറയ്ക്കുക എന്നതു വളരെ പ്രധാനമാണ്. രണ്ടു രീതിയിലാണ് അമിതഭാരം കുറയ്ക്കാനാകുക. ഒന്ന്: കഴിക്കുന്ന ആഹാരത്തിന്റെ അളവു കുറയ്ക്കുക. രണ്ട്: ക്രമമായി വ്യായാമം ചെയ്യുക. അമിതഭാരം ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണപദാർഥങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക എന്നതാണ് ഒരു രീതി. കഴിക്കുന്ന പദാർഥങ്ങളുടെ അളവും കുറയ്ക്കാം. ആഹാരത്തിൽ എണ്ണയുടെ അളവു കുറയ്ക്കണം. ആഹാരത്തിന്റെ അളവ് തീരുമാനിക്കപ്പെടുന്നത് ശരീരം എത്രത്തോളം വ്യായാമത്തിൽ ഏർപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്. തീരെ ശരീരം അനങ്ങാത്ത തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തിക്കു തീരെ കുറച്ച് ആഹാരം മതി. അതേ സമയം വ്യായാമരഹിത ജീവിതം നയിക്കുന്നവർ അൽപം ആഹാരം കഴിച്ചാലും വണ്ണം അമിതമായി കൂടും. അതുകൊണ്ടുതന്നെ വണ്ണം കുറയാനുള്ള ഒരു പ്രധാന വഴി കൂടുതൽ പച്ചക്കറികൾ കഴിച്ചു വയറു നിറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. പഴവർഗങ്ങൾ, പഴച്ചാറുകൾ, ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ തുടങ്ങിയവയും നല്ലതാണ്.

മധുരമുള്ളവ, അരി ഉപയോഗിച്ചു തയാറാക്കുന്ന ചോറ്, അരി പലഹാരങ്ങൾ തുടങ്ങിയവ ധാരളം കഴിക്കാനുള്ളപ്രവണത നമ്മിലുണ്ട്. തത് ഫലമായി പെട്ടന്നു വണ്ണം വർധിക്കുന്നു. വ്യായാമം ക്രമമായി ചെയ്യുന്നതു വഴി ഒരു പരിധിവരെ വണ്ണം കുറയ്ക്കാം. പക്ഷേ, ഇതിനായി വിയർക്കുന്നതരത്തിൽ വ്യായമം ചെയ്താൽ മാത്രമേ അൽപമെങ്കിലും വണ്ണം കുറയ്ക്കാൻ സാധിക്കൂ. കഠിനമല്ലാത്ത രീതിയിൽ വ്യായമം ചെയ്യാം. ഹൃദയാരോഗ്യം നിലനിർത്തുന്നതിന് അതു വളരെ നല്ലതാണ്. ഒരു ദിവസം 30 മിനിട്ടെങ്കിലും നടക്കുക, അത് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ചെയ്യുക എന്നതാണ് ഹൃദയത്തിനു ഗുണം ചെയ്യുന്ന ഒരു വ്യായാമമുറ. പ്രത്യേകിച്ചും പ്രായമായവരിൽ ഇതു സ്ട്രോക്ക് തടയുന്നതിനു വളരെ വളരെ പ്രയോജനകരമാണ്.