Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിമിതികളെ തോൽപ്പിച്ച പേശീബലം; രാജേഷിപ്പോൾ ലോകചാംപ്യൻ

rajesh-john-24012017

വിധിയെ പഴിച്ച്, ജീവിതം മടുത്തെന്ന് ഒരു വട്ടമെങ്കിലും പറഞ്ഞിട്ടുള്ളവർ തുടർന്നു വായിക്കുക. വായിക്കാൻ ക്ഷമയില്ലെങ്കിൽ പറ്റുമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വിഡിയോ കാണുക. ഇത് വെറുമൊരു ബോഡി ബിൽഡറുടെ കഥയല്ല മറിച്ച്, ശാരീരിക  വൈകല്യത്തെ നിശ്ചയദാർഢ്യം കൊണ്ടു നേരിട്ട് ലോക ചാംപ്യൻ പട്ടം വരെ നേടിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ്; ഏനാത്ത് മെതുകുമേൽ ‌ഉമ്മരപ്പള്ളിയിൽ  രാജേഷ് ജോണിന്റെ കഥ.

നവംബർ ആറിന് അയർലൻഡിലെ ഡർബനിൽ നടന്ന ലോക ശരീരസൗന്ദര്യ മത്സരത്തിൽ അംഗപരിമിതരുടെ വിഭാഗത്തിൽ മുപ്പത്തിയഞ്ച് രാജ്യങ്ങളിൽനിന്നുള്ള മൽസരാർഥികളെ ഫൈനൽ റൗണ്ടിൽ പിന്തള്ളിയായിരുന്നു രാജേഷ് അപൂർവ നേട്ടം സ്വന്തമാക്കിയത്. ഒന്നാം സ്ഥാനം നേടിയതോടെ മറ്റൊരു റെക്കോർഡും ഇൗ ഇരുപത്തിയെട്ടുകാരന്റെ പേരിലായി - ഇന്ത്യയില്‍നിന്ന് ആദ്യമായി ഈ വിഭാഗത്തിൽ ചാംപ്യനാകുന്ന വ്യക്തി !

ഒരു കാലിന് സ്വാധീനക്കുറവുള്ള രാജേഷ് അംഗപരിമിതരുടെ വിഭാഗത്തിൽ നേരത്തേ അഞ്ചു തവണ മിസ്റ്റർ കേരളയും മൂന്നു തവണ ദേശീയ ചാംപ്യനും ആയിട്ടുണ്ട്. ഏനാത്ത് ഫിറ്റ്നസ് ഹബ്ബ് ‌എന്ന പേരിൽ ഹെൽത്ത് ക്ലബ് നടത്തുകയാണ് രാജേഷ്. സാമ്പത്തികച്ചെലവ് ഏറെ വരുന്ന ലോക ചാംപ്യൻഷിപ്പിന് ബാങ്ക് വായ്പ സംഘടിപ്പിച്ചാണ് രാജേഷ് അയർലൻഡിലേക്കു പോയത്. ‌സുഹൃത്ത് അനീഷ് പിള്ള, ഇന്ത്യൻ ബാങ്ക് പട്ടാഴി ശാഖ മാനേജർ ജോസ് മാത്യു എന്നിവരും മറ്റു ചില കൂട്ടുകാരുമാണ് രാജേഷിനെ സമ്പത്തികമായി സഹായിച്ചതെന്ന് പത്തനംതിട്ട ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ പ്രസിഡന്റ് അനു എം. വർഗീസ്, സെക്രട്ടറി വി. സി. അരുൺ കുമാർ എന്നിവർ പറഞ്ഞു. എറണാകുളം സ്വദേശി അരുൺരാജ് ആണ് ഇപ്പോൾ‌ രാജേഷിന്റെ പരിശീലകൻ.

Your Rating: