Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയറ്റിങ്ങിലുമുണ്ട് അപകടം!

dieting

നിങ്ങളുടേത് യോ–യോ ഡയറ്റിങ് ആണോ? കാര്യം പിടികിട്ടിയില്ലെങ്കിൽ വിശദമാക്കാം. പൊതുവേ മടിയന്മാരും മടിച്ചികളുമാണ് യോയോ ഡയറ്റിങ്ങിന്റെ ആൾക്കാർ. അതായത്, തോന്നുമ്പോൾ മാത്രം ഡയറ്റിങ്. ഇഷ്ടമുള്ള ഭക്ഷണം മുന്നിൽ കണ്ടാൽ അപ്പോൾ ഡയറ്റിങ്ങിന്റെ കാര്യം സൗകര്യത്തിനു മറക്കും. വേറൊരു കൂട്ടരുണ്ട്. രണ്ടുദിവസം കഠിനമായ ഡയറ്റിങ് നടത്തും. പിന്നെ രണ്ടു ദിവസം വലിച്ചുവാരി കഴിക്കും. ഇത്തരം തോന്ന്യാസങ്ങളെയാണ് യോയോ ഡയറ്റിങ് എന്നു പറയുന്നത്. ബ്രിട്ടനിലെ ഗവേഷകർ പറയുന്നു, ഇത്തരം യോയോ ഡയറ്റിങ് ഗുണത്തേക്കാൾ ഏറെ ദോഷമാണു ചെയ്യുമത്രേ. ഇങ്ങനെ ചെയ്യുന്നവർക്ക് ശരീരഭാരം കൂടാനാണ് സാധ്യത.

രണ്ടുദിവസം കഠിനമായ ഡയറ്റിങ് നടത്തി മൂന്നാം ദിവസം ഡയറ്റ് തെറ്റിക്കുമ്പോൾ ആവശ്യത്തിലധികം ഭക്ഷണം നമ്മൾ വാരിവലിച്ചുകഴിക്കും. ഇങ്ങനെ ചെയ്താൽ ഭക്ഷണത്തോടുള്ള ആർത്തി കൂടുകയേ ഉള്ളു. ഭക്ഷണം ക്രമീകരിക്കാൻ തുടങ്ങിയാൽ വളരെ സാവധാനമാണ് നമ്മുടെ ശരീരം ആ പുതിയ ഭക്ഷണക്രമത്തോടു പൊരുത്തപ്പെടുക. അങ്ങനെ പൊരുത്തപ്പെടാനുള്ള ശരീരത്തിന്റെ ശ്രമത്തിനിടയിൽ വീണ്ടും അമിതമായി ഭക്ഷണം കഴിക്കുന്നത് അപകടകരമാണ്.

ഡയറ്റിങ് സ്വാഭാവികമായി ആദ്യദിനങ്ങളിൽ വിശപ്പ് വർധിക്കാൻ കാരണമാകുന്നു. ഇങ്ങനെ വിശക്കുമ്പോൾ ശരീരത്തെ സ്വയം നിയന്ത്രിക്കാൻ സാധിക്കണം. പഴവർഗങ്ങൾ കഴിച്ചോ വേവിക്കാത്ത പച്ചക്കറികൾ കഴിച്ചോ അതുമല്ലെങ്കിൽ ധാരാളം വെള്ളം കുടിച്ചോ ഈ വിശപ്പിനെ തടയുകയാണു വേണ്ടത്. യോയോ ഡയറ്റിങ് നടത്തിയാൽ വണ്ണം കൂടുമെന്നു മാത്രമല്ല, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്തേക്കാം.