Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയ്ഡ്സ് ചികിത്സ; ‘ബയോമാർക്കർ’ കണ്ടെത്തി; നിർണായക വഴിത്തിരിവ്

470340344

എയ്ഡ്സ് രോഗത്തെ പ്രതിരോധിക്കാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങളിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് പുതിയ കണ്ടെത്തൽ. എയ്ഡ്സിന് കാരണമാകുന്ന ഹ്യൂമൻ ഇമ്മ്യുണോ ഡിഫിഷ്യൻസി വൈറസ്(എച്ച്ഐവി) ‘ഒളിച്ചിരിക്കുന്ന’ കേന്ദ്രങ്ങള്‍ കണ്ടെത്താനായതാണ് ശാസ്ത്രലോകത്തിന് ആഹ്ലാദം പകരുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ തകർക്കുകയാണ് എച്ച്ഐവി ചെയ്യുന്നത്. അങ്ങനെ മറ്റു രോഗങ്ങള്‍ ബാധിച്ചായിരിക്കും മരണം സംഭവിക്കുക. എന്നാൽ നിലവിൽ എച്ച്ഐവിയെ പ്രതിരോധിച്ചു നിർത്താനുള്ള മരുന്നുകൾ വിപണിയിലുണ്ട്. അവ തുടർച്ചയായി ഉപയോഗിച്ചാൽ ശരീരത്തിലെ ഈ വൈറസുകളുടെ വളർച്ച തടയാനുമാകും. പക്ഷേ വില കൂടിയ മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കേണ്ടി വരും. എപ്പോഴെങ്കിലും മരുന്ന് തടസ്സപ്പെട്ടാൽ ആഴ്ചകൾക്കകം എയ്ഡ്സ് വൈറസ് വീണ്ടും തലപൊക്കും.

അതായത് ഒരു തരം ഒളിയാക്രമണം– ശത്രുക്കൾ ആയുധം പ്രയോഗിക്കുമ്പോൾ എവിടെയെങ്കിലും ഒളിച്ചിരിക്കും. ശത്രുക്കളുടെ ആയുധശേഷി നഷ്ടമാകുമ്പോഴാകട്ടെ പുറത്തുവന്ന് പ്രത്യാക്രമണം നടത്തി വിജയിക്കുകയും ചെയ്യും. മരുന്ന് എന്ന ശത്രു ആക്രമണം നടത്തുന്ന സമയത്ത് എച്ച്ഐവി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന കാര്യം നേരത്തേത്തന്നെ ഗവേഷകർ കണ്ടെത്തിയിരുന്നു. റെസ്റ്റിങ് ടി സെൽ എന്നറിയപ്പെടുന്ന ദീർഘകാലം ആയുസ്സും പ്രതിരോധശേഷിയുമുള്ള കോശങ്ങളിലായിരുന്നു അത്. പക്ഷേ ഏതെല്ലാം ടി കോശങ്ങളെയാണ് എച്ച്ഐവി ബാധിച്ചിരിക്കുന്നത് എന്നറിയാൻ യാതൊരു വഴിയുമുണ്ടായിരുന്നില്ല.  

ടി കോശങ്ങളെ ‘ഹൈജാക്ക്’ ചെയ്ത് രോഗിയുടെ ഡിഎൻഎയിലേക്ക് വൈറസിന്റെ ജീനുകളെ ചേർക്കുകയാണ് പതിവ്. അതോടെ ടി കോശങ്ങൾ എച്ച്ഐവിയുടെ ‘രഹസ്യത്താവള’വും ആയി മാറും. ഇവയെ തിരഞ്ഞു കണ്ടുപിടിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ 20 വർഷമായി ഗവേഷകർ ഇതിനുള്ള വഴി തേടുന്നു. ഈ പ്രശ്നത്തിനൊരു പരിഹാരമാണ് ഒരുകൂട്ടം ഫ്രഞ്ച് ഗവേഷകർ കണ്ടെത്തിയത്. എച്ച്ഐവി ബാധിച്ച ടി കോശങ്ങളുടെ പുറത്ത് ഒരു പ്രത്യേകതരം പ്രോട്ടീൻ തന്മാത്രയുടെ സാന്നിധ്യമാണ് അവർ തിരിച്ചറിഞ്ഞത്. 

സിഡി32എ (CD32a) എന്നറിയിപ്പെടുന്ന ഈ പ്രോട്ടീൻ എച്ച്ഐവി ബാധിക്കാത്ത ടി കോശങ്ങളിലോ എച്ച്ഐവി സജീവമായി കാണപ്പെടുന്ന ടി കോശങ്ങളിലോ ഉണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്. അതായത് എച്ച്ഐവി ഒളിച്ചിരിക്കുന്ന ടി കോശങ്ങളെ കൃത്യമായി ഈ ‘ബയോമാർക്കറി’ലൂടെ ‘സ്പോട്ട്’ ചെയ്യാം. എയ്ഡ്സ് രോഗികളുടെ രക്തത്തിൽ എച്ച്ഐവി ഒളിച്ചിരിക്കുന്ന ടി കോശങ്ങളെ ആദ്യമേ കണ്ടെത്തിയാൽ അത് ചികിത്സയിലും ഏറെ ഗുണം ചെയ്യുന്നതാണ്. ചികിത്സയുടെ ചെലവ് കുറയുമെന്ന ആശ്വാസവുമുണ്ട്. എയ്ഡ്സ് ബാധിച്ച 12 പേരുടെ രക്തസാംപിളെടുത്ത് അവയിൽ ഈ ‘ബയോമാർക്കറി’ന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. 

പക്ഷേ എച്ച്ഐവി ഒളിച്ചിരിക്കുന്ന ടി കോശങ്ങളിൽ പകുതിയോളം എണ്ണത്തിൽ മാത്രമേ  സിഡി32എ പ്രോട്ടീൻ കാണപ്പെടുന്നുള്ളൂവെന്ന വെല്ലുവിളിയുമുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ എയ്ഡ്സ് രോഗികളിൽ നിന്ന് രക്തസാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കൊരുങ്ങുകയാണ് ഗവേഷകര്‍. ‘ബയോമാർക്കർ’ കണ്ടെത്തലിനും അതുവഴിയുള്ള ചികിത്സയ്ക്കും പേറ്റന്റിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട് ഇവർ. 

നിലവിൽ ലോകത്തിൽ 3.67 കോടിയോളം പേർക്ക് എച്ച്ഐവി ബാധിച്ചിട്ടുണ്ടെന്നാണു കണക്ക്. അവരിൽ 1.7 കോടി പേർക്കുമാത്രമേ എയ്ഡ്സിനെ പ്രതിരോധിക്കാനുള്ള ആന്റിറെട്രോവിയൽ തെറപ്പി ലഭിക്കുന്നുള്ളൂ. ‘ബയോമാർക്കർ’ പഠനറിപ്പോർട്ട് ‘നേച്ചർ’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.