Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായ കുടിച്ച് മറവിരോഗം തടയാം

478411823

എന്തായാലും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയുണ്ട്. ദിവസവും വെറും ഒരു കപ്പ് ചായ കുടിച്ചാൽ തന്നെ മറവിരോഗത്തിൽ നിന്നു രക്ഷനേടാമത്രെ. ഒരു കപ്പ് ചായ ദിവസവും കുടിക്കുന്നത് മറവിരോഗ സാധ്യതയെ അൻപതു ശതമാനം കുറയ്ക്കുമെന്നാണ് സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ഗവേഷകരുടെ കണ്ടെത്തല്‍.

തലച്ചോറിൽ മറവിരോഗത്തിന്റെ ജീനുകളെ വഹിക്കുന്നവരിൽ പോലും രോഗം വരാനുള്ള സാധ്യത 86 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് ജേണൽ ഓഫ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് ഏജിങ്ങിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഗ്രീൻ ടീയോ കട്ടൻചായയോ ഏതുമാകട്ടെ തേയിലയിൽ അടങ്ങിയ സംയുക്തങ്ങളായ കറ്റേച്ചിനുകൾക്കും ദിഫ്ലേവിനുകൾക്കും (theaflavins) ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. നാഡീനാശത്തിൽ നിന്നും വാക്സ്കുലാർ ഡാമേജിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കാൻ ഇവയ്ക്കു കഴിയും.

ദിവസവും ചായകുടിക്കുക എന്ന ലളിതവും ചെലവു കുറഞ്ഞതുമായ ജീവിതശൈലിയിലൂടെ ഒരു വ്യക്തിക്ക് പിന്നീടുള്ള ജീവിത കാലത്ത് നാഡീ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും എന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. ഫെങ് ലെയ് പറയുന്നു.

പഠനത്തിനായി 55 വയസിൽ അധികമുള്ള 957 പേരെ പന്ത്രണ്ടു വർഷക്കാലം നിരീക്ഷിക്കുകയും അവരുടെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്തനങ്ങൾ രോഗാവസ്ഥകള്‍ ഇവയെല്ലാം പരിശോധിക്കുകയും ചെയ്തു. ഓരോ രണ്ടുവർഷം കൂടുമ്പോഴും ഇവരുടെ ബൗദ്ധിക പ്രവർത്തനവും അളന്നു. മറവിരോഗം (Dementia) തടയാനുള്ള വ്യക്തമായ സൂചനകൾ പഠനഫലം നൽകി.

ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെത്താൻ ദീർഘകാലമായുള്ള ചായയുടെ ഉപയോഗത്തിനു കഴിയും. കൂടാതെ പാർക്കിൻസൺസ് രോഗവും നാഡീസംബന്ധമായ മറ്റു രോഗങ്ങളും തടയാനും ചായ കുടിക്കുന്നതിലൂടെ സാധിക്കുമെന്നും ഈ പഠനം പറയുന്നു.