Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് ചോക്ക്‌ലേറ്റ് പതിവാക്കിയാൽ

599146694

ചോക്ക്‌ലേറ്റ് കൊതിയനാണോ നിങ്ങൾ? ഹോട്ട് ചോക്ക്‌ലേറ്റ് കഴിക്കാറുണ്ടോ? എങ്കിൽ കേട്ടോളൂ, ഹോട്ട് ചോക്ക്‌ലേറ്റിൽ കടൽവെള്ളത്തിലെ അത്രതന്നെ ഉപ്പിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്താ കേട്ടിട്ട് വിശ്വാസം വരുന്നില്ലേ? അതിൽ അടങ്ങിയ അമിതമായ ചോക്ക്‌ലേറ്റിന്റെ മധുരം മൂലം ഉപ്പിന്റെ രുചി നമ്മൾ അറിയാതെ പോകുന്നതാണെന്നു മാത്രം. 

ചിപ്സ്, ബർഗർ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ മുപ്പതോളം ഭക്ഷണപദാർഥങ്ങളിൽ അടങ്ങിയ ഉപ്പിന്റെ അളവ് പരിശോധിച്ച ശേഷമായിരുന്നു നിഗമനം. യുവജനങ്ങളിൽ പലരും ഇന്ന് ഹോട്ട് ചോക്ക്‌ലേറ്റിനോട് അമിത താൽപര്യം കാണിക്കുന്നവരാണ്. പ്രത്യേകിച്ചും ഐടി ജോലികൾ ചെയ്യുന്നവരും കോളജ് വിദ്യാർഥികളും ഒഴിവുനേരങ്ങൾ ഏതെങ്കിലും ചോക്ക്‌ലേറ്റ് ഷോപ്പിലാണ് ചെലവഴിക്കുന്നത്. മിക്കവരും ഏറ്റവുമധികം ചോദിച്ചുവാങ്ങുന്നത് ഹോട്ട് ചോക്ക്‌ലേറ്റ് തന്നെ. 

ഇടയ്ക്കൊരു ചോക്ക്‌ലേറ്റ് മിഠായി കഴിക്കുന്നതുപോലെയല്ല ഹോട്ട് ചോക്ക്‌ലേറ്റ്. അമിതമായ അളവിൽ കാലറി അടങ്ങിയ ഈ ഡ്രിങ്ക് ശീലമാക്കുന്നത് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളെ വിളിച്ചുവരുത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ചോക്ക്‌ലേറ്റിന്റെ ഗുണങ്ങൾ പറഞ്ഞുകൊണ്ടാണ് യുവാക്കൾ ഈ ഡ്രിങ്കിനെ ന്യായീകരിക്കുന്നത്. എന്നാൽ ഡിപ്രഷൻ മാറ്റാൻ ചോക്ക്‌ലേറ്റ് നല്ലതാണെന്നു കരുതി ചോക്ക്‌ലേറ്റ് ഡ്രിങ്ക് അമിതമായി ‘സേവിച്ചാൽ’ പൊണ്ണത്തടി, കുടവയർ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി ആപ്പിലാകുമെന്നു ചുരുക്കം.

Your Rating: