Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദരോഗികളെ ആരു ചികിത്സിക്കും?

depression

ലോകത്തെ മാറ്റിമറിച്ച പല വിശിഷ്ട വ്യക്തിത്വങ്ങളും വിഷാദത്തിന്റെ അരികിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പലരും അതിന് ഇരയായിട്ടുണ്ട്. പുകൾപെറ്റ പല കലാകാരന്മാരും മാനിക്ക് ഡിപ്രസീവ് അവസ്ഥയിലൂടെ കടന്നുപോയവരാണത്രെ. വിവിധതരം ചോദനയോടു പ്രതികരിക്കാനുള്ള ശേഷി മാനിക്ക് ഡിപ്രെഷനുള്ളവരുടെ ഒരു സവിശേഷതയാണ്. ഐൻസ്റ്റെയ്ൻ ജീവിതത്തിലുടനീളം വിഷാദവും അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. ഐസക് ന്യൂട്ടൻ ചിത്തഭ്രമത്തിനിരയായിട്ടുണ്ട്. അസാധാരണമായ  നിരവധി സംശയങ്ങളുമായാണ് അദ്ദേഹം ജീവിച്ചത്.

ഭാവനയും യാഥാർത്ഥതലവുമായി ഒട്ടും പൊരുത്തപ്പെടലുകളുമില്ലാതെ പോകുമ്പോൾ മസ്തിഷ്കത്തിന്റെ നിയന്ത്രണം നഷ്ടപെടുന്ന ചില നിമിഷങ്ങളിൽ ഉന്മാദം വ്യക്തിയെ ആക്രമിക്കുന്നു. സ്ഥായിയായ അടിസ്ഥാന ഭാവമാണ് മൂഡ്. ചില വ്യക്തികളിൽ ഉണ്ടാകുന്ന വൈകാരിക വ്യതിയാനങ്ങൾ സാധാരണ മൂഡ് മാറ്റങ്ങളിൽനിന്ന് ത്രീവമായതും നീണ്ടുനിൽക്കുന്നതുമാകുമ്പോൾ അത് രോഗമാകുന്നു. -വൈകാരിക രോഗങ്ങൾ -മൂഡ് വളരെ താഴുമ്പോൾ -വിഷാദം. മൂഡ് ഉയരുമ്പോൾ -ഉന്മാദം.

തിരിച്ചറിയപ്പെടാതെ  പോകുന്ന വിഷാദരോഗികൾ പ്രകടമായ ചില ശാരീരിക രോഗലക്ഷണങ്ങൾ അത് നെഞ്ചുവേദന, കൈകൾ വേദന, മരവിപ്പ്, വയർ സംബന്ധമായ തകരാറുകൾ തുടങ്ങിയ അസ്വസ്ഥതകളുമായി ഡോക്ടർമാരെ സമീപിക്കുന്ന ചില രോഗികളുണ്ട്. ഇത്തരത്തിലുള്ള മനോജന്യ രോഗങ്ങൾ അനുഭവിക്കുന്നവർക്ക്  മെഡിക്കൽ പരിശോധനയിൽ പ്രത്യേകിച്ച് രോഗങ്ങളുണ്ടെന്ന് കണ്ടെത്താൻ കഴിയാറില്ല. വിഷാദം ശരീരത്തെ ബാധിക്കുമ്പോഴാണ്  ഇത്തരത്തിലുള്ള അസ്വസ്ഥതകൾ വ്യക്തിയെ ബാധിക്കുന്നത്.  മദ്യാസക്തി- ലഹരിവസ്തുക്കളുടെ ഉപയോഗങ്ങളിലേക്ക് ജീവിതത്തെ പറിച്ചു  നടുന്നവർ വിവിധതരം വിഷാദാവസ്ഥകൾ അനുഭവിക്കുന്നവരാണെന്ന്  ചില പഠനങ്ങളിൽ പറയുന്നു. 

വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ 

സാധാരണയായി കാണുന്ന ഒരു രോഗമാണ് വിഷാദം. ജീവിതത്തിലുണ്ടാകുന്ന ചില തിരിച്ചടികൾ, ദുരന്തം തുടങ്ങിയവ വിഷാദാവസ്ഥ സൃഷ്ടിക്കും. ചിലരിൽ വിഷാദം താൽക്കാലികമായിരിക്കും. ഈ അവസ്ഥയിൽ നിന്ന് മറ്റു ചിലർക്ക് കരകയറാൻ കഴിയാറില്ല. വിഷാദരോഗം ആവർത്തിച്ച് അനുഭവപ്പെടാം. ചിലപ്പോൾ അത് വർഷങ്ങളോളം നിലനിൽക്കും. അത്തരം അവസ്ഥക്ക് ഡിസ്‌തീമിയ എന്ന് പറയുന്നു.

പ്രധാന  ലക്ഷണങ്ങൾ 

∙ കുറ്റബോധം, നിരാശ, ആത്മ വിശ്വാസമില്ലായ്മ 

∙ ശ്രദ്ധക്കുറവ്, മറവി

∙ ഉന്മേഷമില്ലായ്മ, ഒന്നിനും ഉത്സാഹമില്ല

∙ നീണ്ടുനിൽക്കുന്ന അടിസ്ഥാന മനോഭാവ മാറ്റങ്ങൾ 

∙ വിഷാദാത്മകമായ അവസ്ഥ 

∙ ലൈംഗിക തകരാറുകൾ 

∙ ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ

∙ വിശപ്പിലുണ്ടാകുന്ന മാറ്റങ്ങൾ-- ചിലപ്പോൾ ഭക്ഷണത്തിനോടുള്ള വിരക്തി, ചിലപ്പോൾ അമിത ഭക്ഷണം 

∙ ശരീരത്തിന്റെ തൂക്കം കുറയുക

∙ ആത്മഹത്യാപ്രവണത 

ഉന്മാദവും വിഷാദവും മാറി മാറി വരുമ്പോൾ 

ഉന്മാദവും വിഷാദവും ഒന്നിന് പുറകിലായി  അനുഭവിക്കുന്നവർ വിഭ്രാന്തിയോടെ പെരുമാറുന്നു. അമിതാഹ്ളാദം, അമിത സംസാരം, തനിക്ക് അസാധാരണമായ കഴിവുണ്ടെന്ന വീമ്പുപറച്ചിൽ, അമിത വേഗത എന്നിവ ഇവരിൽ കാണാം. വിഷാദവും ഉന്മാദവും മാറി മാറി വരുന്ന അവസ്ഥയാണ്  ബൈപോളാർ മൂഡ് ഡിസോർഡർ.

എന്തുകൊണ്ട് വിഷാദവും മറ്റ് വൈകാരിക രോഗങ്ങളും ?

നോർഎപിനോഫ്രിൻ, ഡോപ്പാമിൻ എന്നീ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന കുറവ് വിഷാദ രോഗം സൃഷ്ടിക്കും. സന്തോഷാവസ്ഥ, മൂഡ്, പെരുമാറ്റ രീതി, അക്രമസ്വഭാവം, ഓർമ  ഇവയെ നിയന്ത്രിക്കുന്നത് സെറാടോൺ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ്. ഹോർമോണുകളും ന്യൂറോണുകളും തമ്മിൽ സംവദിക്കുന്ന ഡോപാമിനും മറ്റ് ന്യൂറോ ട്രാൻസ്മിറ്ററുകളും നമ്മുടെ വിവിധ വൈകാരിക ഭാവങ്ങളെ സ്വാധീനിക്കുന്നു. ഉന്മാദവും വിഷാദവും മാറി മാറിവരുന്ന അവസ്ഥ തീവ്രമാകുമ്പോൾ വ്യക്തിക്ക് സ്ഥല കാല യാഥാർഥ്യം നഷ്ടപ്പെടുന്നു. അപ്പോൾ മിഥ്യ കാഴ്ചകളും ശബ്ദവും അനുഭവപ്പെടുന്ന രോഗിയുടെ വികാര നിയന്ത്രണം നഷ്ടപ്പെടുകയാണ്. മസ്തിഷ്കത്തിന്റെ പുറം കേന്ദ്രത്തിലേക്കുള്ള  സങ്കീർണമായ നാഡീ സംയോഗങ്ങളും ന്യൂറൽ വഴികളും താറുമാറാകുന്ന അവസ്ഥയിലാണ് ഉന്മാദം ബാധിച്ചവർക്ക് അതീന്ദ്രിയ ജ്ഞാനം അനുഭവപ്പെടുന്നത്.

ചില വ്യക്തികളിൽ ബയോളജിക്കലായി വിഷാദ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. അവർക്ക് കടുത്ത മാനസിക സമ്മർദവും പ്രതികൂല ജീവിത സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ വിഷാദ രോഗത്തിലേക്ക് വഴുതി വീഴുന്നു. ജനിതകമായി ലഭിച്ച പെരുമാറ്റ സ്വഭാവങ്ങൾ പ്രകടമാകുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾക്ക് പങ്കുണ്ടെന്ന് ബിഹേവിയർ  ജനറ്റിക് കണ്ടെത്തിയിട്ടുണ്ട് 

ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം വിഷാദരോഗം ഉണ്ടാക്കാനിടയുണ്ട്. ചില ശാരീരിക രോഗങ്ങളുടെ ലക്ഷണമായി വിഷാദരോഗം ഉണ്ടാകാം. കാൻസർ രോഗികളിൽ 25 ശതമാനത്തോളംപേർക്ക് വിഷാദരോഗം ഉണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പാർക്കിൻസൺസ് രോഗം, സ്ട്രോക്ക് എന്നിവ മൂലവും തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുമ്പോഴും വിഷാദം അനുഭവപ്പെടാം.

വിഷാദത്തിനും മറ്റ് വൈകാരിക രോഗങ്ങൾക്കുമുള്ള കാരണങ്ങൾ പലതാണ്. മാനസികരോഗ നിർണയത്തിൽ പ്രാവീണ്യമുള്ള മനഃശാസ്ത്രജ്ഞനു മാത്രമേ വിഷാദരോഗത്തിന്റെ അവസ്ഥയും തീവ്രതയും തിട്ടപ്പെടുത്തി അനുയോജ്യമായ ചികിത്സ നിശ്ചയിക്കാൻ കഴിയുകയുള്ളു. പലപ്പോഴും കുടുംബ ഡോക്ടർമാർ വിഷാദ രോഗികളെ തിരിച്ചറിയുന്നില്ല. വിഷാദരോഗം മനസ്സിലാകാതെ അവർ നൽകുന്ന  നൽകുന്ന ചികിത്സകൾ വിപരീതഫലമാണുണ്ടാക്കുക. തീവ്രതയില്ലാത്ത വിഷാദത്തിനു ഔഷധരഹിത ചികിത്സ മതിയാകും.

വിഷാദ രോഗത്തിന്  കോഗ്നിറ്റീവ് തെറാപ്പി

വിഷാദരോഗത്തെ ഫലപ്രദമായി നേരിടാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ മനഃശാസ്ത്ര ചികിത്സയാണ് കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി. യുക്തിരഹിത ആശയങ്ങളുമായി ജീവിക്കുന്ന വ്യക്തിയിൽ ബോധപൂർവം യുക്തി ചിന്ത വളർത്തിയെടുക്കുന്ന ഒരു സമ്പ്രദായമാണിത് . കഠിനമല്ലാത്ത വിഷാദ രോഗം CBT തെറാപ്പികൊണ്ട് പൂർണമായി പരിഹരിക്കാൻ കഴിയും.

വ്യക്തിയുടെ അനാരോഗ്യകരമായ പെരുമാറ്റത്തിന് കാരണമാകുന്ന ചിന്താരീതികളെ തിട്ടപ്പെടുത്തി അതിനെ അതിലംഘിക്കാനുള്ള ക്രിയാത്മകമായ ചിന്തകൾ വ്യക്തി തന്നെ വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്ന സമ്പ്രദായമാണ്  CBT. അതിന് മനഃശാസ്ത്രജ്ഞർ ഒരു സഹായിയായി പ്രവർത്തിക്കുന്നു. എന്നാൽ അതികഠിനമായ വിഷാദരോഗം അനുഭവിക്കുന്നവർക്ക് ആന്റി ഡിപ്രെസന്റ് ഔഷധങ്ങൾവേണ്ടിവരും. വിഷാദവും ഉന്മാദവും ബാധിച്ചവർക്ക് വിവിധ മൂഡ് സ്റ്റെബിലൈസേഴ്സ് ആധുനിക ന്യൂറോസയൻസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വിഷാദരോഗികളെ ആരു ചികിത്സിക്കും?

സൈക്യാട്രിസ്റ്, സൈക്കോളജിസ്റ്, സോഷ്യൽ വർക്കർ, സൈക്യാട്രിക് നഴ്‌സ്‌ എന്നിവരുടെ സഹകരണത്തിലൂടെ ഔഷധരഹിത ചികിത്സയും ഔഷധ ചികിത്സയും സംയോജിപ്പിച്ചു കൊണ്ടുള്ള മനഃശാസ്ത്ര ചികിത്സയിലൂടെയാണ് വിഷാദം ഉൾപ്പെടെയുള്ള മനഃശാസ്ത്രചികിത്സ സാധ്യമാകുന്നത് MBBS ന് ശേഷം സൈക്യാട്രിയിൽ  ഡിപ്ലോമ, ഡോക്ടർ ബിരുദമോ നേടിയവരാണ് സൈക്കിയാട്രിസ്റ്റുകൾ. അവരാണ് ഔഷധ ചികിത്സ നടത്തുന്നത്.

ഔഷധ രഹിത ചികിത്സ രീതികൾ ഉപയോഗിച്ചു ചികിൽസിക്കുന്നവരാണ് സൈക്കോളജിസ്റ്റുകൾ. വ്യക്തിയുടെ യുക്തിരഹിത ചിന്തകളെയും മനോഭാവങ്ങളെയും നിർണയിച്ച് ആരോഗ്യകരമായ ചിന്താരീതികളും പെരുമാറ്റവും രൂപപ്പെടുന്നതിന് സഹായിക്കുന്ന സൈക്കോതെറാപ്പി നടത്തുന്ന സ്പെഷ്യലിസ്റ് സൈക്കോളജിസ്റ്റുകളാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകളും. അംഗീകൃത സർവകലാശാലയിൽ  നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തബിരുദം /പിജി ഡിപ്ലോമ /എംഫിൽ നേടിയവരും റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തവരുമാണ് ഇവർ. മനഃശാസ്ത്രത്തിൽ ബിരുദാനന്തബിരുദം നേടിയതിന് ശേഷം രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം നേടിയവരാണ്  കൺസൾറ്റൻറ്  സൈക്കോളജിസ്റ്റുകൾ. കൗൺസലിങും സൈക്കോ സോഷ്യൽ ട്രെയിനിങ്ങും മാനസിക പരിശോധനയും നടത്തുന്നവരാണ് ഇവർ.

BSc നഴ്സിങ്ങിന് ശേഷം മനോരോഗ ചികിത്സയിലെ നഴ്സിങ്ങിനെക്കുറിച്ച ഉപരിപഠനം നടത്തിയവരാണ് സൈക്യാട്രിക് നഴ്‌സുകൾ. സൈക്യാട്രിക് സോഷ്യൽ വർക്കിൽ MSW ശേഷം പ്രത്യേകം പരിശീലനം  നേടിയവരാണ് സൈക്യാട്രിക് സോഷ്യൽ വർക്കർ.

വിഷാദത്തിന് നൂതന ചികിത്സ വരുന്നു.

ന്യറോ സൈക്കോളജി, ബിഹേവിയറൽ ജനറ്റിക്, ബിഹേവിയറൽ സയൻസ്, ബയോ എഞ്ചിനീയറിംഗ് എന്നിവയെ കൂട്ടിയിണക്കികൊണ്ട് വരുന്ന “ഒപ്‌റ്റോ ജനറ്റിക് “എന്ന വിഭാഗം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങളെ  പരിപൂർണമായും ഇല്ലാതാക്കുമെന്ന് ഈ രംഗത്തുള്ള വിദഗ്ധർ പറയുന്നു. സ്വയം നിയന്ത്രിതമോ അല്ലാത്തതോ ആയ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലത്തിലേക്ക് ന്യൂറോ സയൻസ് വളരുകയാണ്. മസ്തിഷ്കത്തിലെ  മനസികാവസ്ഥകളായ പ്രചോദനം, പ്രതീക്ഷ, പ്രതിഫലനം തുടങ്ങിയവയെ നിയന്ത്രിക്കുന്നതിൽ  ജൈവപ്രക്രിയക്കുള്ള പങ്ക് ചികിത്സാപരമായി ഉപയോഗപ്പെടുത്താൻ കഴിയും. മസ്തിഷ്കത്തിലെ ന്യൂറൽ കണക്ഷനുകൾ ശരിയാക്കുകയും ഇഴ പിരിയുകയും ചെയുന്ന തലത്തിലേക്ക് ആധുനിക ന്യൂറോ സയൻസ് വളർന്നു കഴിഞ്ഞു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബയോ എഞ്ചിനീയറിംഗ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. കാൾ ഡിസരോത് വികസിപ്പിച്ചെടുത്ത ഒപ്‌റ്റോ ജനറ്റിക് എന്ന വിജ്ഞാന വിഭാഗം മനഃശാസ്ത്ര ചികിത്സാ രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

ന്യൂറോസയൻസ് വികസിപ്പിച്ചെടുത്ത  RTMS(Repetative Transcraniyal Magnetic stimulation) എന്ന സങ്കേതം വിഷാദ രോഗികൾക്കു വളരെ ഗുണകരമാണ്. സൈക്കോതെറാപ്പിയും ഔഷധ ചികിത്സയും ഫലിക്കാതെ വന്ന രോഗികളിൽ  RTMS തെറാപ്പി ചെയ്തപ്പോൾ  അവരുടെ രോഗത്തിന്റെ തീവ്രത കുറഞ്ഞു വന്നതായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. RTMS എന്നെ സങ്കേതം ഉപയോഗിച്ച് മഷ്തികത്തിനകത്തെ സ്വാഭാവിക വൈദുത പ്രവർത്തനങ്ങളെ വക്രീകരിക്കാൻ സാധിക്കുന്നു. മസ്തിഷ്കത്തിലെ  ചില ബിന്ദുക്കളിൽ സൂഷ്മമായ ഇലെക്ട്രോഡുകൾ ചേർത്തുവെച്ചു നേർത്ത വൈod/gത തരംഗങ്ങൾ കടത്തിവിടുന്ന ഈ  സാങ്കേതികവിദ്യക്ക് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല.

പ്രസാദ് അമോർ 

ലൈസെൻസ്ഡ് സൈക്കോളജിസ്റ്റ്,

 സോഫ്റ്റ് മൈൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ