Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട്ഫോൺ ഉപയോഗിച്ചാൽ കുഞ്ഞുങ്ങൾക്ക് സംസാര വൈകല്യം

smartphone

മുട്ടിലിഴയാൻ തുടങ്ങുന്ന കൊച്ചുപിള്ളേരുടെ കയ്യിൽ കളിപ്പാട്ടം പോലെ സ്മാർട്ട് ഫോണും ടാബ്‌ലറ്റും വച്ചുകൊടുക്കുന്ന അച്ഛനമ്മമാരുടെ ശ്രദ്ധയ്ക്ക്; സ്മാർട് ഫോൺ ഉപയോഗം കുഞ്ഞുങ്ങളുടെ സംസാരശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ടൊറന്റോയിൽനിന്നുള്ള ഗവേഷകർ പറയുന്നത്. 

സ്മാർട് ഫോണും ടാബ്‌ലറ്റുമായി സമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങൾ മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് വളരെ വൈകിയായിരിക്കും സംസാരിച്ചു തുടങ്ങുക. ആറു മാസം മുതൽ രണ്ടു വയസ്സുവരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. കുഞ്ഞുങ്ങളെ നിരീക്ഷിച്ചും അവരുടെ രക്ഷിതാക്കളിൽനിന്നു വിവരങ്ങൾ ശേഖരിച്ചുമാണ് നിഗമനത്തിൽ എത്തിയത്. 

പഠനത്തിനു വിധേയമാക്കിയ കുഞ്ഞുങ്ങളിൽ 20 ശതമാനം പേർ ദിവസേന ശരാശരി അരമണിക്കൂർ സമയം സ്മാർട്ഫോണുമായി കളിച്ചവരായിരുന്നു. ഇതിൽ കൂടുതൽ സമയം സ്മാർട് ഫോണും ടാബ്‌ലറ്റും ഉപയോഗിച്ച് കളിച്ച കുഞ്ഞുങ്ങളെയും സർവേയിൽ കണ്ടെത്താനായി. സ്മാർട് ഫോണിൽ കൂടുതൽ സമയം ചെലവഴിച്ച കുഞ്ഞുങ്ങൾ മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് സംസാരം കുറവുള്ളവരാണെന്നും വൈകി മാത്രം സംസാരിച്ചു തുടങ്ങിയവരാണെന്നും കണ്ടെത്തി. 

സംസാര വൈകല്യം ഉള്ളതുകൊണ്ടല്ല, മറിച്ച് സ്മാർട് ഫോൺ കു‍ഞ്ഞുങ്ങളുടെ സാമൂഹ്യ ഇടപെടലുകൾക്ക് കുറവു വരുത്തുന്നുവെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. കൊച്ചുകുഞ്ഞുങ്ങളുടെ കരച്ചിലടക്കാനും കളിപ്പിക്കാനും വേണ്ടി സ്മാർട് ഫോൺ ഒരു കളിക്കോപ്പു കണക്കെ കയ്യിൽ വച്ചുകൊടുക്കുന്ന മാതാപിതാക്കളാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. ബാല്യം തൊട്ടേ കുഞ്ഞിനെ ഒരു സാമൂഹ്യജീവിയാക്കി വളർത്തിയെടുക്കണമെന്നും സ്മാർട് ഫോണിലെ വിഡിയോ ഗെയിമുകളുടെ ലോകത്ത് തളച്ചിടരുതെന്നും അമേരിക്കയിലെ ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

Read more : ശിശുക്കളുടെ ഉറക്കം കളയും ടച്ച് സ്ക്രീനുകൾ