Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസ്മേരിയുടെ ഗന്ധം കുട്ടികളിൽ ഓർമശക്തി കൂട്ടും

rosemary

മെഡിറ്ററേനിയൻ രാജ്യങ്ങളിൽ കാണപ്പെടുന്ന സുഗന്ധമുള്ള ഒരിനം കുറ്റിച്ചെടിയാണ് റോസ്മേരി. ഭക്ഷണത്തിന് രുചി കൂട്ടാനും പെർഫ്യൂമുകളിലും  ഇതുപയോഗിക്കുന്നു. ഇതിന്റെ ഗന്ധം കുട്ടികളിൽ ബുദ്ധിശക്തി വർധിപ്പിക്കുമെന്നു പഠനം.

യുക്തിക്കും തീരുമാനങ്ങൾ എടുക്കാനും പെരുമാറ്റത്തിനും പ്രധാനമാണ് വർക്കിങ് മെമ്മറി. അക്കാദമിക് നേട്ടങ്ങൾക്ക് വർക്കിങ് മെമ്മറി എത്ര പ്രധാനമാണെന്ന് സ്കൂൾ കുട്ടികളിൽ ക്ലാസ്മുറിയുടെ അന്തരീക്ഷത്തിൽ അറിയുകയായിരുന്നു ഈ പഠനത്തിന്റെ ഉദ്ദേശം.

യു. കെ. യിലെ നോർത്തംബ്രിയ സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 10 ഉം 11 ഉം വയസ്സുള്ള 40 കുട്ടികള്‍ക്ക് ക്ലാസ് പരീക്ഷകളും വ്യത്യസ്ത മാനസിക പ്രവർത്തനങ്ങളും നൽകി.

കുട്ടികളിൽ ചിലരെ പത്തുമിനിറ്റ് നേരം റോസ്മേരി ഓയിലിന്റെ ഗന്ധമുള്ള മുറിയിലും മറ്റ് ചിലരെ മണമൊന്നും ഇല്ലാത്ത മുറിയിലും കഴിയാൻ അനുവദിച്ചു.

റോസ്മേരി ഓയിൽ തളിച്ച മുറിയിൽ ചെലവിട്ട കുട്ടികൾക്ക് മറ്റ് കുട്ടികളെക്കാൾ ഉയർന്ന സ്കോർ ലഭിച്ചു. വാക്കുകൾ ഓർമിച്ചെടുക്കുന്ന പ്രവർത്തനത്തിനാണ് ഏറ്റവും ഉയർന്ന സ്കോറുകൾ ഇവർക്ക് ലഭിച്ചത്.

ആരോഗ്യമുള്ള മുതിർന്നവരിൽ റോസ്മേരി ഓയിലിന്റെ ഗന്ധം ബുദ്ധികൂട്ടും എന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എങ്ങനെ ? എന്തുകൊണ്ട് ? റോസ്മേരിക്ക് ഈ ഗുണഫലങ്ങൾ എന്നത് ഇപ്പോഴും ചർച്ചാവിഷയം തന്നെ. റോസ്മേരിയുടെ ഗന്ധം തലച്ചോറിലെ വൈദ്യുത പ്രവർത്തനത്തിന് കാരണമാകുന്നതോ മുതിര്‍ന്നവർ ഈ ഗന്ധം ശ്വസിക്കുമ്പോൾ ഫാർമക്കോളജിക്കലി ആക്ടീവ് ആയ സംയുക്തങ്ങൾ ആഗിരണം ചെയ്യപ്പെടുന്നതോ ആകാം എന്ന് ഗവേഷകനായ മാർക്ക് തോമസ് പറയുന്നു.

ഈ പഠനം ബ്രിട്ടീഷ് സൈക്കോളജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.