Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈറ്റിംഗേൽ അവാർഡുമായി സിന്ധു

sindhu

ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. നഴ്സിങ്ങിന്റെ മാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജൻമദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അർപ്പണബോധത്തിന്റെയും പുണ്യകർമമായി മാറ്റിയത് നൈറ്റിംഗേലാണ്. ഈ വർഷത്തെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലബാർ കാൻസർ സെന്ററിലെ നഴ്സ് സിന്ധു. എൻ. ആർ ഈ നഴ്സസ് ദിനത്തിൽ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

അങ്ങനെ ഞാൻ നഴ്സ് ആയി

കുട്ടിക്കാലത്ത് ഞാൻ കേട്ട കഥകൾ അധികവും എയ്ഞ്ചലിനെക്കുറിച്ചുള്ളതായിരുന്നു. അമ്മ പറഞ്ഞുതന്ന ആ കഥകളിലെ എയ്ഞ്ചൽ വെള്ള ഉടുപ്പിട്ടവരായിരുന്നു. ആശുപത്രിയിൽ പോകുമ്പോൾ കണ്ടിട്ടുള്ള നഴ്സുമാർ എന്റെ മനസ്സിൽ അങ്ങനെ എയ്ഞ്ചലുകളായി. വലുതാകുമ്പോൾ ഞാനും എയ്ഞ്ചൽ ആകുമെന്ന് അന്ന് പറയുമായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇതിനെക്കുറിച്ച് ഒന്നുമറിയാത്ത പ്രായമായിരുന്നല്ലോ. അന്നത്തെ എഫക്ട് ആണോ എന്നൊന്നും അറിയില്ല എന്തായാലും ഒരു ഹൈസ്കൂൾ എത്തിയപ്പോഴേക്കും നഴ്സ് ആകണമെന്ന തൂരുമാനം എടുത്തിരുന്നു. അപ്പോഴേക്കും ഇതൊരു പാഷൻ ആയി മാറിക്കഴിഞ്ഞിരുന്നു. 

പിന്നെ എന്റെ മാതാപിതാക്കളുടെ സ്വാധീനവും ഉണ്ടായിരുന്നു. കഷ്ടപ്പെടുന്നവരെ കൈകൊടുത്തു സഹായിക്കാനും ഭക്ഷണം ഇല്ലാത്തവർക്ക് വീതിച്ചു നൽകി കഴിക്കാനും മറ്റുള്ളവരോട് മാന്യമായി പെരുമാറാനും പഠിപ്പിക്കുന്ന കാര്യത്തിൽ അവർ ശ്രദ്ധാലുക്കളായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ നഴ്സിങ്ങിന് അപേക്ഷ അയച്ചു. എന്റെ ഭാഗ്യത്തിന് അഡ്മിഷനും ലഭിച്ചു. അങ്ങനെ നഴ്സിങ് എന്റെ മേഖലയായി. 

ഏറ്റവും ഉചിതമായ മേഖല തന്നെയാണ് തിരഞ്ഞെടുത്തതെന്ന ആത്മസംതൃപ്തി എപ്പോഴും എനിക്കുണ്ട്. കാരണം ഒരാൾ ഏറ്റവും കഷ്ടപ്പെടുന്നത് അയാളുടെ രോഗാവസ്ഥയിൽ തന്നെയാകും. ആ സമയത്ത് ഏറ്റവും നല്ല ഇടപെടൽ നടത്താനും അവരുടെ കൂടെ നിൽക്കാനും ഒരു നഴ്സിനു സാധിക്കും. ഈ ബോധ്യം തൊഴിൽ തിരഞ്ഞെടുക്കുമ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു. അത് യാഥാർഥ്യമാക്കാൻ സാധിക്കുന്നുണ്ടെന്ന വിശ്വാസവുമുണ്ട്. 

വേദന നിറഞ്ഞ അനുഭവങ്ങൾ

ഞാൻ ജോലി ചെയ്യുന്നത് ഒരു കാൻസർ സെന്റർ ആയതിനാൽത്തന്നെ ഒരുപാട് വേദന നിറഞ്ഞ അനുഭവങ്ങളുമുണ്ട്. 'കാൻസർ' എന്നു കേൾക്കാൻ ഒരാളും ഇഷ്ടപ്പെടില്ല. പക്ഷേ നിർഭാഗ്യവശാൽ കാൻസർ എന്നു തിരിച്ചറിയപ്പെടുമ്പോഴുള്ള ആ വ്യക്തിയുെട വേദന അതു പലപ്പോഴും നമ്മുടെ ഓരോരുത്തരുടെയും നൊമ്പരമായി മാറാറുണ്ട്. രോഗം ഇതാണെന്ന് അംഗീകരിക്കാനുള്ള മടി, എന്റെ ജീവിതം ഇവിടംകൊണ്ട് അവസാനിച്ചുവെന്ന തോന്നൽ, ഡിപ്രഷൻ, രോഗിയുടെ കൂടെ വരുന്നവരെ ആശ്വസിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിലൊക്കെ ആശ്വാസം നൽകി അവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരണം. അവർക്കുവേണ്ട പരിചരണവും കൈത്താങ്ങും നൽകി സാന്ത്വനമേകണം. പല സന്ദർഭങ്ങളിലും നമ്മൾ തളർന്നു പോയെന്നു വരാം. നമ്മളും മനുഷ്യരാണല്ലോ. എന്നാൽ ഇതൊന്നും ഒരിക്കലും രോഗിയുടെ മുന്നിൽ പ്രകടിപ്പിക്കാതെ അവർക്ക് ശുഭാപ്തി വിശ്വാസം നൽകി, കാൻസർ എന്നത് ഒരു മാരകരോഗമല്ലെന്നും ചികിത്സിച്ചാൽ ഭേദമാക്കാവുന്നതേ ഉള്ളൂവെന്നും എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നുമുള്ള ശുഭാപ്തി വിശ്വാസം നൽകാൻ കഴിയണം.  

നഴ്സിങ് മേഖലയിലെ വെല്ലുവിളികൾ

മലബാർ കാൻസർ സെന്ററിൽ വരുന്നതിനു മുൻപ് ഒന്നു രണ്ട് ആശുപത്രികളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. നഴ്സിങ് ജോലിയെക്കുറിച്ചുള്ള  പ്രശ്നം ഒന്ന് ഇത് ഏറ്റവുമധികം ഡിപ്പൻഡബിലിറ്റി ഉള്ള ജോലിയാണ്. വേതനം കുറഞ്ഞ് സേവനം മാത്രമായി വരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും നഴ്സിങ് എന്ന തൊഴിലിന് അർഹിക്കുന്ന മാന്യത സമൂഹം നൽകിക്കാണാറില്ല. മലയാളികളുടെ കാഴ്ചപ്പാടിൽ നഴ്സിങ് ഒരു താണ പ്രഫഷനാണ്. ഇപ്പോൾ അതിന് കുറേയൊക്കെ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു. റജിസ്റ്റേഡ് അല്ലാത്തവരും നഴ്സിങ് യൂണിഫോം ധരിച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇത് പ്രഫഷനെ തകർക്കുന്നുണ്ട്. 

പഠിക്കുന്ന സമയത്തുതന്നെ നഴ്സിങ് പ്രഫഷനെ ഉയർത്തിക്കൊണ്ടു വരണം എന്ന ചിന്ത ഉണ്ടായിരുന്നു. നഴ്സ് എന്നു പറഞ്ഞാൽ സൂചി കുത്തുന്ന ഒരാൾ മാത്രമല്ല, എന്ന കാഴ്ചപ്പാടിലേക്ക് സമൂഹത്തെ എത്തിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. 'നഴ്സാണോ' എന്ന രീതിയിൽ സമൂഹത്തിന്റെ ചോദ്യചിഹ്നമാകുന്ന അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. നഴ്സ് ആയി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പലർക്കും പിന്നീട് അവരുടെ നോളജ് അപ്ഡേറ്റ് ചെയ്യാനുള്ള സാഹചര്യം കിട്ടാറില്ല. ഡോക്ടർമാർക്ക് ഇതിനു സാധിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ നഴ്സുമാർക്ക് അവർ പഠിച്ച പഴയ കാര്യങ്ങൾതന്നെ എത്ര വർഷം കഴിഞ്ഞാലും തുടരേണ്ടി വരുന്നു. എല്ലാ ആശുപത്രികളിലും ഇങ്ങനെയല്ല. ചില ആശുപത്രികൾ ട്രെയിനിങ്ങുകൾ നൽകാറുമുണ്ട്. 

മെയിൽ നഴ്സിങ്

നഴ്സിങ് രംഗത്തേക്കുള്ള പുരുഷൻമാരുടെ കടന്നുവരവ് വളരെ നല്ലതാണ്. നിർബന്ധമായും ഈ മേഖലയിൽ പുരുഷൻമാരും ഉണ്ടാകണം. നഴ്സിങ് മേഖലയിലെ ചൂഷണം തടയുന്നതിന് ഇത് ഏറെ ഉപകാരമായിരിക്കും.

ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ്

ഇങ്ങനെ ഒരു അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏതൊരു നഴ്സും ആഗ്രഹിക്കുന്ന പോലെ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പേരിലുള്ള അവാർഡ് കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും പെട്ടെന്ന്, ഈ പ്രായത്തിൽ പ്രതീക്ഷിച്ചില്ല. അവാർഡ് എന്റെ ഉത്തരവാദിത്തം കൂട്ടി. എന്റെ രണ്ടാമത്തെ കുടുംബമാണ് മലബാർ കാൻസർ സെന്റർ. എന്റെ വീട്ടിൽ ചെലവിടുന്നതിനെക്കാളും കൂടുതൽ സമയം ഞാൻ ചെലവിടുന്നതും അവിടെയാണ്. അപ്പോൾ ആ കുടുംബത്തെ ഉയർത്തിയെടുക്കാൻ എനിക്കു കിട്ടുന്ന ഏറ്റവും നല്ല അവസരമാണ് ഈ അവാർഡ്. ഇതൊരു ടീംവർക്കിന്റെ ഫലമാണ്. ഒരാളുടെ പ്രയത്നത്തിന്റെ മാത്രം ഫലമായി ഇങ്ങനെ ഒരു അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഞാൻ സാധാരണ ഒരു നഴ്സ് മാത്രമാണ്. ആഗ്രഹിച്ചതൊക്കെ ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം തന്ന് അതിനു പ്രേരിപ്പിച്ചത് കാന്‍സർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യമാണ്. പ്രഫഷണൽ ലൈഫിന്റെ ഓരോ പടവുകളും ചവിട്ടിക്കയറാൻ വേണ്ട കാര്യങ്ങളെല്ലാം ചെയ്തുതരാൻ അദ്ദേഹം മനസ്സു കാണിച്ചു. നൻമയ്ക്കു വേണ്ടിയുള്ള എന്തു ചെറിയ കാര്യമാണെങ്കിലും അതു ചെയ്തു തരാനും അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാനുമുള്ള പ്രചോദനം അദ്ദേഹം നൽകും. എന്റെ റോൾ മോഡലും അദ്ദേഹം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ അവാർഡ് അദ്ദേഹത്തിനും ആശുപത്രിയിലെ ഓരോരുത്തർക്കും ഞാൻ സമർപ്പിക്കുന്നു. പിന്നെ എന്റെ കുടുംബത്തിന്റെ സപ്പോർട്ട്, ഞാൻ‍ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും എപ്പോഴും പിന്തുണയും സഹകരണവും നൽകുന്നത് അവരാണ്. അവർക്കുമുണ്ട് ഈ അവാർഡിന്റെ ഒരു ഭാഗം.