Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി അയ്യേ പറയരുത്; മൂക്കില്‍ വിരലിട്ടു തിന്നുന്നത് നല്ലത്!

baby

മൂക്കിൽ വിരലും കടത്തി അതിനുള്ളില്‍ കട്ടിപിടിച്ച് ഉണങ്ങിക്കിടക്കുന്ന മൂക്കള ഉരുട്ടിയെടുത്തത് വായിലേക്ക് വയ്ക്കുന്ന കുട്ടികൾ ഇല്ലെന്നു പറഞ്ഞാൽ അതിശയോക്തിയാകും. ‘അയ്യേ...’ എന്നും പറഞ്ഞ് കളിയാക്കി അത്തരക്കാരെ വിലക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. മൂക്കുചെളി(booger, snot) എന്നും അറിയപ്പെടുന്ന ഈ സംഗതി മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്നതു തന്നെ അരോചകമെന്നു കരുതുന്നവരാണ് ഭൂരിപക്ഷം പേരും. പക്ഷേ ഹാർവാഡിലെയും എംഐടിയിലെയും ഉൾപ്പെടെ ഗവേഷകർ പറയുന്നു– മൂക്കിൽ വിരലിട്ട് കിട്ടുന്ന ഉണങ്ങിയ മൂക്കുചെളി തിന്നുന്നത് നല്ലതാണ്! 

കേൾക്കുമ്പോൾ അറപ്പ് തികട്ടി വരുമെങ്കിലും ഇതിനെ സാധൂകരിക്കുന്നതിനായി പല തെളിവുകളും മുന്നോട്ടു വയ്ക്കുന്നുണ്ട് അവർ. മുതിർന്നവരുടെയും കുട്ടികളുടെയും പല്ലിനും മൊത്തം ആരോഗ്യത്തിനും നല്ലതാണ് ഈ മൂക്കളയിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ. ‘നല്ല ബാക്ടീരിയങ്ങൾ നിറഞ്ഞ സംഭരണി’ എന്നാണ് ഇതിനെ ഗവേഷകർ വിശേഷിപ്പിക്കുന്നതു തന്നെ! അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജി എന്ന ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ദോഷകരമായ ബാക്ടീരിയകൾ പല്ലിൽ ഒട്ടിപ്പിടിക്കാതെ ഈ മൂക്കള സംരക്ഷിക്കും. ശ്വാസകോശ അണുബാധ, കുടൽ വ്രണങ്ങൾ തുടങ്ങി എച്ച്ഐവി ബാധയ്ക്കെതിരെ വരെ പോരാടാൻ ശരീരത്തിൽ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂക്കുചെളി സഹായിക്കും. പല്ലിനെ സംരക്ഷിക്കുന്ന ഗുണമുള്ളതിനാൽ ‘കൃത്രിമ മൂക്കള’ തയാറാക്കിയെടുത്ത് അതുപയോഗിച്ച് ടൂത്ത് പേസ്റ്റും ച്യൂവിങ് ഗമ്മും നിർമിക്കാനും ഗവേഷകർക്ക് പദ്ധതിയുണ്ട്. 

പുരാതന കാലം മുതൽക്കു തന്നെ വൃത്തിഹീനമായ ചുറ്റുപാടുകളോട് പോരാടിയാണ് മനുഷ്യൻ ഇന്നു കാണുന്ന തരം രോഗപ്രതിരോധ ശേഷി ആർജിച്ചെടുത്തത്. കൊച്ചുകുട്ടികൾ ചെളിയിൽ കളിക്കുന്നത് അവരുടെ പ്രതിരോധ ശേഷി കൂട്ടാനേ ഉപകരിക്കൂ എന്ന പഠനവും അടുത്തിടെ വന്നിരുന്നു. സമാനമാണ് ‘മൂക്കള’യുടെ പ്രവർത്തനമെന്നും പറയുന്നു ഗവേഷണത്തിൽ പങ്കുവഹിച്ച ബയോകെമിസ്ട്രി പ്രഫസർ സ്കോട്ട് നാപ്പർ. ചെറിയ തോതിൽ ബാക്ടീരിയകൾ ശരീരത്തിൽ കടന്ന് ഇടയ്ക്കിടെ രോഗ പ്രതിരോധ സംവിധാനത്തോട് ‘ഏറ്റുമുട്ടും’. അത് പതിയെപ്പതിയെ നമ്മുടെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യും. പ്രകൃതിയോടു ചേർന്നുള്ള ജീവന രീതി കൂടിയാണിത്. 

മൂക്ക് ഒട്ടുമിക്ക ബാക്ടീരിയകളെയും തടയുന്ന ‘ഫിൽറ്റർ’ ആയാണു പ്രവർത്തിക്കുന്നത്. അതിനാൽത്തന്നെ ഇവ ശേഖരിക്കപ്പെട്ട് വായിലൂടെ കുടലിലെത്തുമ്പോൾ മരുന്നുപോലെ പ്രവർത്തിക്കുമെന്നും പഠനത്തിൽ പറയുന്നു. ഇത്തരത്തിൽ ഉണങ്ങിയ മൂക്കള തിന്നുന്നവരെ പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശ്വാസകോശരോഗങ്ങൾ ഉൾപ്പെടെ അവരെ ബാധിച്ചില്ലെന്നു മാത്രമല്ല, നേരത്തേ ഉണ്ടായിരുന്നതിനെക്കാളും ആരോഗ്യത്തോടെയായിരുന്നു പഠനകാലയളവിലെ ജീവിതം. ഈ സാഹചര്യത്തിൽ ഇനി കുട്ടികൾ മൂക്കിൽ കയ്യിട്ട് വിരൽ വായിലേക്ക് നീട്ടുമ്പോൾ ചീത്ത പറയാതെ ശ്രദ്ധിക്കണമെന്നും മാതാപിതാക്കൾക്ക് ഗവേഷകരുടെ സ്നേഹശാസനം.