Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറ്റാർവാഴയിൽ നിന്നൊരു ‘ഗർഭനിരോധക’ മരുന്ന്

aloe-vera

പലതരത്തിലുള്ള ഗര്‍ഭനിരോധക ഔഷധങ്ങള്‍ ലഭ്യമാണ് ഇന്ന് വിപണിയിൽ. പക്ഷേ മിക്കതിനും പാർശ്വഫലങ്ങളേറെ. ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കു വരെ അവ കാരണമാകുന്നു. ഗര്‍ഭ നിരോധന ഉപകരണങ്ങളാകട്ടെ ലൈംഗികബന്ധത്തിലേർപ്പെടൽ പൂർണമായും ആസ്വദിക്കുന്നതിന് തടസ്സം നിൽക്കുന്നവയാണെന്ന പഴിയും കേൾക്കുന്നുണ്ട്. തികച്ചും പ്രകൃതിദത്തമായ ഗര്‍ഭനിരോധകമാർഗങ്ങൾ അതിനാൽത്തന്നെ ആരോഗ്യവിദഗ്ധർ വർഷങ്ങളായി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ചൈനയിലും ഉൾപ്പെടെ അത്തരം പരമ്പരാഗത മാർഗങ്ങൾ ഒട്ടേറെയുണ്ടു താനും. കറ്റാർവാഴ നീരും ചെറുനാരങ്ങ നീരും ഉപയോഗിച്ചുള്ള ഒരു പരമ്പരാഗതക്കൂട്ട് ചൈനയില്‍ വർഷങ്ങളായി ഉപയോഗിക്കുന്നതാണ്. ഇതുവഴിയുള്ള അന്വേഷണമാണിപ്പോൾ ഗവേഷകരെ നിർണായകമായ ഒരു കണ്ടെത്തലിലേക്കു നയിച്ചിരിക്കുന്നത്.

മാരകമായ പാർശ്വഫലങ്ങളൊന്നുമില്ലാതെ, തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഉപയോഗിക്കാവുന്ന ഗർഭനിരോധന മാർഗമാണിത്. എന്നാൽ ആദ്യമേ പറയാം, ഇതിന്റെ ക്ലിനിക്കൽ ട്രയൽ നടക്കാനിരിക്കുന്നതേയുള്ളൂ. മൃഗങ്ങളിൽ പരീക്ഷണം പൂർണമായ തോതിൽ നടപ്പിലാക്കി വരികയാണ്. പക്ഷേ നിലവിലെ സൂചനകൾ പ്രകാരം പദ്ധതി വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് പഠനം നടത്തിയ ബെർക്ക്‌ലി സർവകലാശാലയിലെ ഗവേഷകർ ഉറപ്പിച്ചു പറയുന്നു. ലൈംഗികബന്ധത്തിന് മുൻപും ശേഷവും ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട് . ഇതിനെ ഔഷധമായും ‘ബയോ കോണ്ടം’ പോലെ ഉപകരണമായും മാറ്റാമെന്നും ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

അണ്ഡവുമായി കൂടിച്ചേരുന്നതിന് പുരുഷബീജത്തിന് നിശ്ചിതഘട്ടത്തിൽ കൂടിയ വേഗത ആവശ്യമുണ്ട്. പക്ഷേ ഈ നിർണായകഘട്ടത്തിൽ ബീജത്തിന്റെ വേഗത മന്ദീഭവിപ്പിക്കുന്നതാണ് പുതിയ കണ്ടുപിടിത്തം. അതിനു സഹായിക്കുന്നതാകട്ടെ കറ്റാർവാഴയിൽ നിന്നും തണ്ടർ ഗോഡ് വൈൻ എന്നറിയപ്പെടുന്ന ഒരു തരം ചെടിയിൽ നിന്നും വേർതിരിച്ചെടുത്ത ലൂപിയോൾ, പ്രിസ്റ്റിമെറിൻ എന്നീ രാസവസ്തുക്കളും. ബീജത്തിന്റെ ‘വാൽ’ ഭാഗത്ത് കാണപ്പെടുന്ന പ്രവേശനകവാടമായ ‘കാറ്റ്സ്പെറിനെ’ ആണ് ഈ രാസവസ്തുക്കൾ ലക്ഷ്യമിടുന്നത്. 

പുരുഷവന്ധ്യതയെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്ന ഗവേഷകരാണ് 2001ൽ കാറ്റ്സ്പെറിനെ തിരിച്ചറിയുന്നത്. ബീജത്തിന്റെ വാലിനകത്തേക്ക് കൃത്യസമയത്ത് കാൽസ്യം അയണുകളുടെ പ്രവാഹം ഉറപ്പുവരുത്തുകയെന്നതാണ് ഇതിന്റെ ജോലി. അതുവഴി ബീജത്തിന്റെ വേഗത കൂടും. അണ്ഡത്തിന്റെ പുറംപാളിയിലേക്ക് ഇടിച്ചുകയറി അകത്തേക്കുള്ള പ്രവേശം എളുപ്പമാക്കുന്നതിന് ഈ വേഗത കൈവരിച്ചേ മതിയാകൂ. പക്ഷേ കുതിച്ചു പായുന്നതിനിടെ പുരുഷബീജത്തിന്റെ ‘കഴുത്തിന്’ പിടിക്കുന്ന പണിയാണ് ലൂപിയോളും പ്രിസ്റ്റിമെറിനും ചെയ്യുക. എന്നു കരുതി ബീജം നശിച്ചു പോകില്ല. വേഗത കുറയുമെന്നേയുള്ളൂ. അണ്ഡത്തിന് അകത്തേക്കു കടക്കാനാകാതെ പുറത്തു കിടന്ന് പതിയെ ഇല്ലാതാകുകയും ചെയ്യും. 

അണ്ഡത്തോട് ചേർന്ന് മൂടൽമഞ്ഞു പോലെ പ്രൊജെസ്റ്ററോൺ ഹോർമോണുകളുടെ സാന്നിധ്യമുണ്ട്. ബീജം ഇവയ്ക്കുള്ളിൽ എത്തുമ്പോഴാണ് കാറ്റ്സ്പെർ ചാനലുകൾ ‘ചാർജ്’ ചെയ്യപ്പെട്ട് തുറക്കുന്നത്. ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, ഹോഡ്രോകോർട്ടിസോൺ തുടങ്ങിയ ഹോർമോണുകൾ വഴി പ്രൊജെസ്റ്ററോണിന്റെ ‘സ്വാധീനം’ ഇല്ലാതാക്കാമെന്ന് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഹോർമോണുകൾ വഴിയുള്ള ഗർഭനിരോധന നീക്കം പാർശ്വഫലങ്ങൾ ഏറെയുണ്ടാക്കുന്നതാണ്. ഈ പ്രശ്നമൊന്നുമുണ്ടാക്കാതെ കാറ്റ്സ്പെറിനെ തുറക്കാൻ സമ്മതിക്കാത്ത ‘നോൺ–ഹോർമൽ’ രീതി എന്തെങ്കിലുമുണ്ടോയെന്ന അന്വേഷണമാണ് കറ്റാർവാഴയിലും മറ്റും എത്തി നിന്നത്. 

വെള്ള കാബേജ്, സ്ട്രോബെറി, കറ്റാർവാഴ തുടങ്ങിയവയിൽ കാണപ്പെടുന്നതാണ് ലൂപിയോൾ എന്ന രാസവസ്തു. തണ്ടർ ഗോഡ് വൈൻ ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് പ്രിസ്റ്റിമെറിൻ. ചൈനീസ് പരമ്പരാഗത ചികിത്സാരീതി പ്രകാരം ഇത് സന്ധിവാതം ഭേദപ്പെടുത്താൻ ഉപയോഗിക്കാറുണ്ട്. പ്രിസ്റ്റിമെറിന് പാൻക്രിയാറ്റിക് കാൻസർ ശമിപ്പിക്കാൻ ശേഷിയുണ്ടെന്നും അടുത്തിടെ തെളിഞ്ഞിട്ടുണ്ട്. ലൂപിയോളും പ്രിസ്റ്റിമെറിനും ഉപയോഗിച്ചാണ് ലാബിൽ പരീക്ഷണം നടത്തിയത്. പ്രൊജെസ്റ്ററോണുകളുടെ സാന്നിധ്യമുണ്ടായിട്ടും കാറ്റ്സ്പെറിനെ തുറക്കാൻ അനുവദിക്കാതെ ബീജത്തിന്റെ വേഗത കൂട്ടുന്ന ‘ചാർജിങ്’ ഈ രാസവസ്തുക്കൾ വിജയകരമായി തടയുകയായിരുന്നു. പഠനത്തിന്റെ വിശദവിവരങ്ങൾ നാഷനൽ അക്കാദമി ഓഫ് സയൻസസിന്റെ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.