Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ തലമുറയെ കുറിച്ച് ആരും പറയില്ല ‘ഈ പ്രായത്തിലും എന്നാ ഒരു ഇതാ..’ എന്ന്!

obesity

പറമ്പിൽ ചക്കയിടാൻ കയറിയ സണ്ണിച്ചായന്റെ മസിലുകൾ നിറഞ്ഞ ശരീരം കണ്ട് ബേബിച്ചായൻ പറയുന്ന ഒരു ഡയലോഗുണ്ട് ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിൽ: ‘ഈ പ്രായത്തിലും എന്നാ ഒരിതാ...’ എന്ന്. പക്ഷേ ഇനി വരുന്ന തലമുറയെപ്പറ്റി ആരും പറയില്ല ഈ ഡയലോഗ്. അതിനുള്ള വ്യക്തമായ കാരണവുമായി ഒരു പഠനം പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നടത്തിയ സർവേയിലെ പ്രധാന നിരീക്ഷണം ഇതാണ്: ഇന്നത്തെ ചെറുപ്പക്കാർക്ക് 65 വയസ്സാകുമ്പോൾ നിലവിൽ 65 വയസ്സായവർക്ക് ഉണ്ടായിരുന്നത്ര ആരോഗ്യം പോലും ഉണ്ടാകില്ല എന്ന്. ചുരുക്കിപ്പറഞ്ഞാൽ സണ്ണിച്ചായന്റെ പ്രായത്തിലെത്തുമ്പോൾ മഹേഷ് ‌ആകെ തളർന്ന് അവശനായിട്ടുണ്ടാകും. അതിനു കാരണമാകുന്നതാകട്ടെ അനാരോഗ്യകരമായ ഭക്ഷണശീലവും ആവശ്യത്തിന് ശാരീരിക അധ്വാനമോ വ്യായാമമോ ഇല്ലാത്തതും. ഇന്നു നമ്മുടെ ചുറ്റിലും കാണുന്ന അപ്പൂപ്പന്മാരുടെ പ്രായത്തിലേക്ക് ഈ തലമുറ എത്തുമ്പോൾ ചുമ്മാ ‘പഴയ തലമുറയ്ക്ക് എന്നാ ഒരു ഇതായിരുന്നു’ എന്നും പറഞ്ഞ് വല്ല ബർഗറും കഴിച്ച് അയവെട്ടിയിരിക്കാമെന്നു ചുരുക്കം.

യുകെയിലെ നാഷനൽ ഹെൽത്ത് സർവീസാണ്(എൻഎച്ച്എസ്) എക്കണോമിസ്റ്റ് ഇന്റലിജന്റ്സ് യൂണിറ്റിന്റെ സഹകരണത്തോടെ ഇന്ത്യ, ജർമനി, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ സർവേ നടത്തിയത്. അധ്യാപകരോടും വിവിധ പരിശീലകരോടുമായിരുന്നു ചോദ്യങ്ങൾ. തങ്ങളുടെ വിദ്യാർഥികളിൽ മുക്കാൽപങ്കും അനാരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നവരും വ്യായാമം ചെയ്യാൻ മടിയുള്ളവരുമാണെന്നാണ് അധ്യാപകർ വ്യക്തമാക്കിയത്. 1930കൾ മുതൽ ആഗോളതലത്തില്‍ മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം കൂടി വരുന്നുണ്ട്. അതിന്റെ ആനുകൂല്യം ഇന്നത്തെ തലമുറയ്ക്കും ലഭിക്കും. പക്ഷേ കൂടുതലായി കിട്ടിയ ആയുസ്സ് തളർന്നവശരായി ജീവിച്ചു തീർക്കാനായിരിക്കും ഈ തലമുറയുടെ വിധി. 

എൻഎച്ച്എസിന്റെ പുതിയ കണക്കെടുപ്പ് പ്രകാരം യുകെയിൽ അഞ്ചിലൊരു കുട്ടിക്ക് എന്ന കണക്കിന് പൊണ്ണത്തടിയുടെ പ്രശ്നമുണ്ട്. 10–11 വയസ്സ് പ്രായമുള്ളവരുടെ കാര്യത്തിലാണിത്. പഞ്ചസാര അടങ്ങിയ വസ്തുക്കൾ ധാരാളമായി കഴിക്കുന്നുണ്ട് കുട്ടികൾ, അതുപോലെ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കളും. ഉയർന്ന കാലറി സ്വീകരിക്കുന്നുണ്ടെങ്കിലും അത് ‘കത്തിച്ചു’ കളയാൻ വേണ്ട വ്യായാമം മാത്രം അധികമാർക്കുമില്ല. അലസമായ ജീവിത–ഭക്ഷണരീതി, പൊണ്ണത്തടി, വൃത്തിയില്ലായ്മ എന്നിവയാണ് കുട്ടികൾക്ക് ഭാവിയിൽ പ്രധാന തിരിച്ചടിയാകുകയെന്നും അധ്യാപകർ പറയുന്നു. 

പൊണ്ണത്തടിയുള്ള കുട്ടികൾക്ക് ടൈപ് 2 പ്രമേഹം ബാധിക്കാനുള്ള സാധ്യതയേറെയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രവുമല്ല വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്നത്തെ ചെറുപ്പക്കാർ പാനീയങ്ങളിലൂടെയും ഭക്ഷണമായും അകത്താക്കുന്ന പഞ്ചസാരയുടെ അളവ് ഏറെയാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം തന്നെ ദിവസത്തിൽ ഏറെ സമയവും ചുമ്മാതെ ‘ഇരുന്നു’ തീർക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദിനംപ്രതി ചോക്കലേറ്റും കോളയും അകത്താക്കുന്നവരുടെ എണ്ണവും വൻതോതിലാണ്. വിവിധ രാജ്യങ്ങളിലെ സർക്കാരുകളാകട്ടെ കുട്ടികളിലെയും ചെറുപ്പക്കാരുടെയും പൊണ്ണത്തടി കുറയ്ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലും.

‘ജങ്ക് ഫുഡ്’ ആണ് ഭക്ഷണശീലങ്ങളിലെ പ്രധാന വില്ലനാകുന്നതെന്നതിനാൽ ആ വഴിക്കാണ് സർക്കാർതല പരിശ്രമങ്ങളിലേറെയും. മധുരപലഹാരങ്ങൾക്ക് ‘ഷുഗർ ടാക്സ്’ അടുത്ത വർഷം മുതൽ ബ്രിട്ടണിൽ നടപ്പാക്കാനിരിക്കുകയാണ്. അതേസമയം ജങ്ക് ഫുഡ് പരസ്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം തെരേസ മേയ് സർക്കാർ കേട്ട മട്ടില്ല. കുട്ടികൾക്കു വേണ്ടിയുള്ള ടിവി ചാനലുകളിൽ നിന്ന് ജങ്ക് ഫുഡ് പരസ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇത് മറ്റുരാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. ജങ്ക് ഫുഡിന് കൊഴുപ്പ് നികുതി ഏർപ്പെടുത്തി അടുത്തിടെ കേരളവും മാതൃകയായിരുന്നു. മഹാരാഷ്ട്രയിലെ സ്കൂൾ കന്റീനുകളിൽ ജങ്ക് ഫുഡ് നിരോധിച്ചുള്ള ഉത്തരവും മേയ് ആദ്യവാരം പുറത്തിറങ്ങിയിരുന്നു. എല്ലാ നീക്കങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെ– ആരോഗ്യത്തോടെ, ദീർഘകാലം ജീവിക്കുന്ന ഒരു തലമുറ.