Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളരിക്ക കഴിച്ചാൽ മറവിരോഗം?

152972960

നാരുകളുടെയും ആന്റിഓക്സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയും കലവറയായതിനാൽത്തന്നെ, ആഹാരത്തിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദ്ദേശിക്കാറുള്ളത്. ഈ പച്ചക്കറികൾ എത്രത്തോളം വിഷരഹിതമാണെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും നമ്മുെട മനഃസമാധാനത്തിന് ഉപ്പുവെള്ളത്തിലും വിനാഗിരിയിലുമൊക്കെ കഴുകിയാണ് പലരും പുറമേ നിന്നു വാങ്ങുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നത്.

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗവേഷണഫലം പറയുന്നത് ഈ പച്ചക്കറികളെ അത്രയങ്ങു കണ്ണടച്ചു വിശ്വസിക്കേണ്ട എന്നാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ അൽഷിമേഴ്സ് രോഗത്തിനു കാരണമാകുന്നുണ്ടെന്നാണ് ഗവേഷകരുടെ വാദം.

കലിഫോർണിയയിലെ ഹൃദ്രോഗവിദഗ്ധൻ ഡോ. സ്റ്റീവൻ ഗുൺട്രിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ചില പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന ലെക്ടിൻ എന്ന പ്രോട്ടീനും സ്മൃതിനാശവും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തി. വെള്ളരിക്ക, തക്കാളി, സോയ, മുളക്, മുളപ്പിച്ച പയറുവർഗങ്ങൾ‍, ചില പാലുൽപ്പന്നങ്ങൾ എന്നിവയിൽ ഈ പ്രോട്ടീൻ കാണപ്പെടുന്നുണ്ടത്രേ. ലെക്ടിൻ വയറിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഈ പഠനം പറയുന്നു.

ഡോ. ഗുൺട്രിയുടെ ഈ പഠനത്തെ പരിഹസിച്ചുകൊണ്ട് അമേരിക്കൻ നടിയായ ഗ്വിനത് പൾട്രോ തന്റെ വെബ്സൈറ്റിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ഒരു ചർച്ചയ്ക്ക് വഴിതെളിക്കുകയും തുടർന്ന് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും ഉൾപ്പടെ നിരവധി പേർ ഡോ. ഗുൺട്രിയുടെ കണ്ടെത്തലിനു പിന്തുണയുമായി ലെക്ടിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. 

ഓരോ രക്തഗ്രൂപ്പുകാരെയും ലെക്ടിൻ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയ ഇംഗ്ലണ്ടിലെ ഡോ. ടോം ഗ്രീൻഫീൽ‌ഡ്, ഇത് ബ്രെയിന്‍ ഡിസോർഡറിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. ലെക്ടിൻ ഓരോ വ്യക്തിയെയും ഓരോ രീതിയിലായിരിക്കും ബാധിക്കുക.  ജനിറ്റിക്സുമായി ബന്ധപ്പെട്ടായിരിക്കും ഇതിന്റെ ദൂഷ്യഫലം ഉണ്ടാകുക. ലെക്ടിൻ ദഹനേന്ദ്രിയ വ്യവസ്ഥയെയും ബ്ലഡ് ലെവലിനെയും ബാധിക്കുന്നതായും ഡോ.ഗ്രീൻഫീൽഡിന്റെ പഠനം പറയുന്നു. 

സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ലെക്ടിൻ. വിളകൾ നശിപ്പിക്കുന്ന കൃമികീടങ്ങൾ, പുഴുക്കൾ എന്നിവയ്ക്കെതിരെ ലെക്ടിൻ സ്വയം പ്രതിരോധം തീർക്കുന്നു. ഈ പച്ചക്കറികൾ വേവിക്കാതെ കഴിക്കുമ്പോൾ ലെക്ടിൻ രക്തക്കുഴലുകളുമായി സമ്പർക്കത്തിലെത്തി നാച്ചുറൽ റെപലന്റ് ആയി പ്രവർത്തിക്കുന്നു. ശരീരത്തിനു ലെക്ടിനെ  ദഹിപ്പിക്കാൻ സാധിക്കാതെ വരികയും ഇതിനെതിരെ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ചില ആഹാരപദാർഥങ്ങൾ കഴിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നത് ഇവയുടെ പ്രവർത്തനഫലമാണ്.