Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോർമോൺ വ്യതിയാനവും രോഗങ്ങളും

618440436

പകർച്ച വ്യാധികളല്ലാത്ത ഏറെക്കുറെ  രോഗങ്ങൾക്കും കാരണം ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ്. പാൻക്രിയാസ്, തൈറോയ്ഡ്, ലൈംഗിക ഗ്രന്ഥികൾ, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ തോതിൽ വ്യത്യാസമുണ്ടാകുമ്പോഴാണു പ്രശ്നം. എങ്കിലും ‘ഹോർമോൺ ഇംബാലൻസ്’ അഥവാ ഹോർമോൺ അസന്തുലനം എന്ന രോഗാവസ്ഥയായി കണക്കാക്കുന്നത് ലൈംഗിക ഹോർമോണുകളുടെ വ്യതിയാനങ്ങളെയാണ്. 

സ്ത്രീകളിൽ ആർത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരിൽ പ്രായമാകുമ്പോഴുമാണു സാധാരണ ഹോർമോൺ ഏറ്റക്കുറച്ചിൽ കണ്ടുവരുന്നത്. പ്രത്യുൽപാദന പ്രായവും കഴിഞ്ഞ് ഏകദേശം 40 വയസ്സ് പിന്നിടുമ്പോൾ ഹോർമോൺ ഉൽപാദനം കുറഞ്ഞേക്കാം. . ശരീരം അതിനോട് പ്രതികരിക്കുന്നതെങ്ങനെ എന്നതിനനുസരിച്ചാണു ഹോർമോൺ അസന്തുലനപ്രശ്നങ്ങൾ കണ്ടുതുടങ്ങുന്നത്.

പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണിത്. സ്ത്രീകളിലാണു ഹോർമോൺ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോർമോൺ വ്യതിയാനങ്ങളും തുടർന്നുള്ള പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. 

ലക്ഷണങ്ങൾ  

∙ ആർത്തവം കൃത്യമല്ലാതിരിക്കുക 

∙ ദേഷ്യം ,ഉത്കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകളുണ്ടാകുക.

∙ അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുക .

∙ പെട്ടെന്നു വിയർക്കുക 

∙ ഏകാഗ്രത കുറയുക .

∙ ഉറക്കം ലഭിക്കാൻ പ്രയാസപ്പെടുക.

∙ കോച്ചിപ്പിടുത്തം ഉണ്ടാകുക.

35 വയസ്സിനു ശേഷമാണു സാധാരണ ഹോർമോൺ ഇംബാലൻസ് മൂലമുള്ള അസ്വസ്ഥതകൾ കണ്ടുവരുന്നത്. ലക്ഷണങ്ങൾ കണ്ടാലുടൻ എൻഡോക്രൈനോളജിസ്റ്റിനെ സമീപിക്കുക.

ആർത്തവവിരാമത്തിന് ഏകദേശം അഞ്ചു വർഷങ്ങൾക്കു മുൻപു തന്നെ ഹോർമോൺ വ്യതിയാനങ്ങൾ ആരംഭിക്കാം. പതുക്കെ ഹോർമോണുകളുടെ ഉൽപാദനം അവസാനിക്കുന്നതോടെയാണ് ആർത്തവവിരാമം സംഭവിക്കുന്നത്. 

ഭക്ഷണം പ്രധാനം

∙ അമിത വണ്ണം ഒഴിവാക്കുക. 

∙ മിതവും ആരോഗ്യകരവുമായ ഭക്ഷണം ശീലമാക്കുക.

∙ കൃത്യമായ വ്യായാമം, ഉറക്കം ഇവ ശീലമാക്കുക 

∙ അമിത വ്യായാമം ഒഴിവാക്കുക 

∙ പച്ചക്കറി ,പഴവർഗങ്ങൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക

സമ്മർദം ഒഴിവാക്കാം

മാനസിക സമ്മർദവും വലിയ അളവിൽ ഹോർമോൺ തകരാറുകളുണ്ടാക്കും.  സമ്മർദമുണ്ടാകുമ്പോൾ  അഡ്രിനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോണിന്റെ അളവു കൂടും. ഇത് രക്തസമ്മർദവും പ്രമേഹവും നെഞ്ചിടിപ്പും കൂട്ടാം. എന്നാൽ ചിലരിലാകട്ടെ,  ഈ ഗ്രന്ഥിയുടെ തകരാർ മൂലം  കോർട്ടിസോൾ ഹോർമോണിന്റെ  ഉൽപാദനം കുറയാം. ഈ സാഹചര്യത്തിൽ സമ്മർദം നേരിടാനുള്ള കരുത്തും കുറയും. ഇത് ഉന്മേഷക്കുറവ്,ഉറക്കം തൂങ്ങൽ,തുടങ്ങിയ  അവസ്ഥകളിലേക്കു നയിക്കും.

രാസവസ്തുക്കളെ സൂക്ഷിക്കുക 

വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല ശുചീകരണ വസ്തുക്കളും ഹോർമോൺ ഗ്രന്ഥികളെ ബാധിക്കുന്നവയാണ്. ആർത്തവവിരാമം പോലുള്ള പല ഹോർമോൺ പ്രശ്നങ്ങളും പ്രായമെത്തും മുൻപേ ഉണ്ടാകുന്നതും ഇത്തരം രാസവസ്തുക്കളുടെ സമ്പർക്കം മൂലമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. 

സ്ത്രീകളിൽ പുരുഷ ഹോർമോൺ കൂടിയാൽ 

സാധാരണ സ്ത്രീശരീരത്തിൽ സ്ത്രീ ഹോർമോണിന്റെ അളവു കൂടുതലും പുരുഷഹോർമോൺ കുറവുമായിരിക്കും. പുരുഷ ശരീരത്തിൽ ഇതു തിരിച്ചും. എന്നാൽ ചില സാഹചര്യത്തിൽ ഈ അനുപാതം തെറ്റും. 

സ്ത്രീശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടിയാൽ ക്രമമില്ലാത്ത ആർത്തവം, താടി,മീശ,നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ രോമവളർച്ച, നെറ്റി കയറൽ,കഷണ്ടിയുണ്ടാകുന്ന വിധം മുടികൊഴിയൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. പോളി സിസ്റ്റിക് ഓവറി ഡിസീസസ്,ഗർഭാശയ മുഴകൾ തുടങ്ങിയ രോഗങ്ങളുടെ പരിണിത ഫലമായാണു  സ്ത്രീകളിൽ ചെറുപ്രായത്തിൽ തന്നെ ഇത്തരം ഹോർമോൺ വ്യത്യാസം കണ്ടുവരുന്നത്.

ജനിതക തകരാറുകൾ, പുരുഷഹോർമോൺ ഗ്രന്ഥികളുടെ തകരാറുകൾ, അർബുദം പോലെയുള്ള രോഗങ്ങൾ തുടങ്ങിയവ മൂലം പുരുഷന്മാരിലും ഹോർമോൺ വ്യതിയാനമുണ്ടാകാം. പുരുഷന്മാരിൽ സ്ത്രീഹോർമോണിന്റെ തോത് കൂടുമ്പോൾ കണ്ടുവരുന്ന പ്രധാന ലക്ഷണം സ്തനവളർച്ചയാണ്. 13,14 പ്രായക്കാരിൽ ഹോർമോൺ വ്യതിയാനം കൊണ്ട്, സാധാരണ ഈ പ്രശ്നം കണ്ടുവരാറുണ്ട്. ഇത് കാര്യമാക്കേണ്ടതില്ല. എന്നാൽ സ്തനവളർച്ച കൂടുകയും സ്ഥിരമായി തുടരുകയും ചെയ്താൽ ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുവേണം കരുതാം. ശരീരത്തിലെ രോമവളർച്ച കുറയൽ,പെരുമാറ്റത്തിലെ മൃദുലത,ലൈംഗിക താൽപര്യത്തിലുണ്ടാകുന്ന വ്യത്യാസം എന്നിവയാണു സാധാരണ കണ്ടുവരുന്ന മറ്റു ലക്ഷണങ്ങൾ. 

ഹോർമോൺ തെറപ്പി 

ഏറെ ഗുണപ്രദമായ ചികിൽസാ രീതിയാണ് ഇത്. വിദഗ്ധചികിൽസകന്റെ സഹായത്തോടെ മാത്രമേ ഹോർമോൺ തെറപ്പി നടത്താവൂ. രക്ത പരിശോധനയിലൂടെ ഹോർമോൺ തകരാറുകൾ സ്ഥിരീകരിച്ച ശേഷം കുത്തിവയ്പിലൂടെയും ഗുളികകളിലൂടെയുമാണു ചികിൽസ. പൊതുവെ, ഗുളികകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ സ്ത്രീകളിൽ സാധാരണ കാണാറുള്ളൂ. 

ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള ഹോർമോൺ പ്രശ്ങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്. ഹോർമോൺ ഗുളികകൾ മറ്റു ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കരുത്. 

ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള പ്രശ്നത്തിന്റെ കാഠിന്യമനുസരിച്ചു മാത്രമാണു ഡോക്ടർമാർ മരുന്നുകൾ നിർദേശിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഹോർമോൺ മരുന്നുകൾ ഫലം കണ്ടു തുടങ്ങും. ആറുമാസം വരെയാണ് സാധാരണ മരുന്നുകൾ നിർദേശിക്കുന്നത്. 

പുരുഷന്മാരിലാണു പൊതുവേ കുത്തിവയ്പ് ചികിൽസ നടത്തുക. ഇന്ന് ഇത് ഏറെ ദുരുപയോഗം ചെയ്യുന്നുണ്ട്. മസിൽ വളർച്ചയ്ക്കും കായിക താരങ്ങൾ ക്ഷമത വർധിപ്പിക്കാനും ഹോർമോൺ തെറപ്പി നടത്തുന്നതു ഗുരുതര പാർശ്വഫലങ്ങൾക്കു വഴിവയ്ക്കും. 

ആൻഡ്രോപോസ്   

പ്രായമാകുന്നതോടെ പുരുഷന്മാരിൽ ചില സ്വഭാവവ്യത്യാസങ്ങളും ഹോർമോൺ പ്രശ്നങ്ങളും കാണാറുണ്ട്. പുരുഷന്മാരിൽ പ്രായമാകുന്ന അവസ്ഥയെ ആൻഡ്രോപോസ് എന്നുപറയും. 55–60 വയസ്സിനുശേഷമാണിതു കണ്ടുവരുന്നത്. രക്തത്തിലും മറ്റും പുരുഷഹോർമോൺ അളവിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലാണു മരുന്നുകൾ നിർദേശിക്കുന്നത്. ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ പ്രോസ്റ്റേറ്റ് കാൻസർ, ഹൃദയാഘാതം പോലുള്ളപ്രശ്നങ്ങൾക്കു സാധ്യതയുള്ളതിനാൽ ഇടയ്ക്കിടെ നിർബന്ധമായും പരിശോധന നടത്തണം. 

വിവരങ്ങൾ: ഡോ.ആർ.വി.ജയകുമാർ

എൻഡോക്രൈനോളജി വിഭാഗം മേധാവി, 

ആസ്റ്റർ മെഡ്സിറ്റി, കൊച്ചി