Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഗററ്റ് ഏതുമാകട്ടെ, പുകവലി ശ്വാസകോശാർബുദ സാധ്യത കൂട്ടും

നിങ്ങള്‍ പുകവലിക്കുന്ന വ്യക്തിയാണോ? നിക്കോട്ടിൻ കുറച്ചു മാത്രം അടങ്ങിയ ലൈറ്റ് സിഗററ്റുകൾ ആണോ നിങ്ങൾ വലിക്കുന്നത്? ഒരു പഠനമനുസരിച്ച് സിഗററ്റ് വലി ശ്വാസകോശത്തെ ബാധിക്കുന്ന അർബുദം വരാനുള്ള സാധ്യത കൂട്ടുന്നു.

സിഗററ്റുകൾ പല ലേബലിൽ ലഭ്യമാണ്. ലൈറ്റ്, മൈൽഡ്, നിക്കോട്ടിൻ കുറച്ച് മാത്രം അടങ്ങിയ ലോടാർ അഥവാ ഹൈവെന്റിലേഷൻ സിഗററ്റുകൾ എന്നിങ്ങനെ.

സാധാരണ സിഗററ്റിനേക്കാൾ രാസവസ്തുക്കൾ വളരെ കുറച്ചുമാത്രം അടങ്ങിയിട്ടുള്ളതിനാൽ ‘ലൈറ്റർ’ ആണിവ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. പുകയില വ്യവസായം ഇവയെ ആരോഗ്യകരമായ ഒരു ഓപ്ഷന്‍ ആയി വിൽപ്പന നടത്തുന്നു.

എന്നാൽ ഇവയാണ് യഥാർത്ഥത്തിൽ ശ്വാസകോശാർബുദത്തിന് പ്രധാന കാരണം. ലങ് അഡിനോ കാർസിനോമ എന്ന ഈ ഇനം അർബുദമാണ് സാധാരണ കണ്ടുവരുന്നതെന്ന് ഗവേഷകർ പറയുന്നു.

സിഗററ്റിലുള്ള ഫിൽറ്റർ വെന്റിലേഷൻ ദ്വാരങ്ങൾ കൂടുതൽ പുക വലിച്ചെടുക്കാൻ പുകവലിക്കാരെ അനുവദിക്കുന്നു. ഇതോടൊപ്പം കൂടിയ അളവിൽ കാർസിനോജനുകളും  മ്യൂട്ടോജെനുകളും മറ്റ് വിഷഹാരികളും ഉള്ളിൽ ചെല്ലുന്നു.

എങ്ങനെയാണ് പുകയില കത്തുന്നത് എന്നതനുസരിച്ച് ഫിൽറ്റർ വെന്റിലേഷൻ ദ്വാരങ്ങള്‍ക്ക് മാറ്റം വരുന്നു. ഇത് കൂടുതല്‍ അർബുദകാരികളെ (Carcinogens) സൃഷ്ടിക്കുന്നു. ശേഷം ഈ പുകയെ ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് എത്താൻ അനുവദിക്കുന്നു. അവിടെയാണ് സാധാരണ അഡിനോ കാർസിനോമ എന്ന ശ്വാസകോശാർബുദം കാണപ്പെടുന്നത്. യു എസിലെ ഓഹിയോ സ്റ്റേറ്റ് സർവകലാശാലയിലെ പീറ്റർ ഷീൽഡ്സ് പറയുന്നു.

സുരക്ഷിതമെന്ന് അവകാശപ്പെട്ടു കൊണ്ട് സിഗററ്റ് ഫിൽറ്ററുകളിലെ ദ്വാരങ്ങൾ 50 വർഷം മുൻപാണ് അവതരിപ്പിച്ചത്. എന്നാൽ അവ യഥാർത്ഥത്തിൽ സുരക്ഷിതമാണെന്ന ചിന്ത വരുത്തി പൊതുജനാരോഗ്യ സമൂഹത്തെയും പുകവലിക്കാരെയും വിഡ്ഢികളാക്കുകയായിരുന്നു എന്ന് ഷീൽഡ്സ് പറയുന്നു.

കഴിഞ്ഞ 20 വർഷക്കാലമായി വർധിച്ചു വരുന്ന ശ്വാസകോശാർബുദ നിരക്കിന് സിഗററ്റിലെ ഈ വെന്റിലേഷൻ ദ്വാരങ്ങളുമായി വ്യക്തമായ ബന്ധമുണ്ടെന്ന് നാഷണൽ കാന്‍സർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇന്നുള്ള എല്ലാ സിഗററ്റിലും ഈ വെന്റിലേഷന്‍ ദ്വാരങ്ങൾ ഉണ്ട് എന്നുള്ളതാണ് ഏറ്റവും പ്രധാനം.

സിഗററ്റിലെ വെന്റിലേഷൻ ദ്വാരങ്ങള്‍ എത്രയും വേഗം നിരോധിക്കണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു.