Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുടിയൻ' എന്ന പേര് മാറ്റാൻ

alcoholic

മദ്യപാനം നിയമവിരുദ്ധമല്ലല്ലോ, പിന്നെന്താ പ്രശ്നം? പല കുടിയൻമാരും  ചോദിക്കാറുണ്ട്. “മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം” എന്ന ബോര്‍ഡ്‌ എഴുതിവച്ചു എന്ന ലേബൽ കാണിച്ചാലോ, പിന്നെന്തിനാ സർക്കാർ വിൽക്കുന്നത് വാങ്ങാനും ആളു വേണ്ടേയെന്ന് ഇവർ  ആശങ്കപ്പെടുന്നു. മദ്യപിക്കുന്നവരെല്ലാം പക്ഷേ മദ്യത്തിന് അടിമപ്പെട്ടവരല്ല. പിന്നെ എപ്പോഴാണ് 'കുടി' നിങ്ങളെ കീഴടക്കുന്നത്?

നിങ്ങള്‍ മദ്യത്തിന് അടിമയാണോ?

മദ്യപാനികളുടെ മാനസിക നിലയെ അടിസ്ഥാനമാക്കി മോർടോൺ ജെല്ലനിക് എന്ന ആൽക്കഹോളിക് റിസേർച്ചർ  ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ എന്നിങ്ങനെ മദ്യപാനത്തെ തരംതിരിച്ചിരിക്കുന്നു. ആൽഫാ വിഭാഗത്തിലുള്ളവർ വളരെയധികം മദ്യം കഴിക്കുന്നു. എങ്കിലും നിയന്ത്രണം വിട്ടുപോകില്ല. വേണമെങ്കിൽ മദ്യപാനം നിർത്താനും ഇവർക്കു സാധിക്കും. പക്ഷേ എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോൾ കുപ്പിക്കുവേണ്ടി അന്വേഷണം തുടങ്ങുന്നു. 

ബീറ്റ സ്റ്റേജിലുള്ളവർ ദിവസവും മദ്യപിക്കും പക്ഷേ ഇവരെ അത് ബാധിക്കാറില്ല, നിയന്ത്രണവും നഷ്ടമാവില്ല, മദ്യപാനം നിർത്തിയാലും ഇവർക്ക് വേറെ പ്രശ്നമൊന്നും ഉണ്ടാവില്ല. ഗാമ സ്റ്റേജ്– ഈ  ഘട്ടത്തിൽ മദ്യപാനം ഒരു രോഗമായി മാറുന്നു. നിയന്ത്രണങ്ങൾ നഷ്ടമാവുന്നു. മദ്യപാനം നിർത്താന്‍ സാധിക്കാത്തവരെയാണ് ഡെൽറ്റാ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. എപ്സിലോൺ വിഭാഗത്തിൽപ്പെടുന്ന അതിമദ്യപാനികൾ ഒരിക്കൽ മദ്യപാനം ആരംഭിച്ചാൽ പിന്നെ വളരെ ദിവസങ്ങളോളം അമിതമായി മദ്യപിക്കും.

അഡിക്ടാവുമ്പോൾ

കപ്പാസിറ്റിയെക്കുറിച്ച് വീമ്പു പറയുന്നവർ ഓർക്കുക. നിങ്ങൾ അഡിക്ടാവുന്നതിന്റെ സൂചനയാണത്. തലച്ചോറിനെ ബാധിക്കാത്ത വിധം മദ്യത്തിന്റെ അളവ് വർധിച്ചു വരുന്നതിന്റെ സൂചനയാണിത്. മദ്യം സമയത്തിന് ശരീരത്തില്‍ ചെല്ലാതാകുമ്പോള്‍ വിറയല്‍ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, വിശ്രമിക്കാന്‍ സാധിക്കാതെ വരുക, പരിഭ്രമം തോന്നുക എന്നിവയും ഉണ്ടാകും

ബിയർ അഡിക്ഷൻ

മദ്യമല്ലല്ലോ ബിയർ അല്ലേ?, പലരും കുട്ടികൾക്കുൾപ്പടെ ഇതും പറഞ്ഞ് ബിയർ നൽകാറുണ്ടെന്ന് വിവിധ സർവേകൾ പറയുന്നു. ആകെ അളവിന്റെ അടിസ്ഥാനത്തിലാണ് ഇതിൽ ആൽക്കഹോൾ കുറവുള്ളത്. ബിയറിലാരംഭിച്ച് ആൽക്കഹോളിലേക്ക് അഡിക്ടാവുന്ന അവസ്ഥയാണ് കണ്ടുവരാറുള്ളത്. മദ്യപിച്ച്  തുടങ്ങുന്നവരില്‍ 20 ശതമാനം അതിന് കീഴ്പ്പെടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

വിവിധ മദ്യങ്ങൾ

വോഡ്ക, ജിൻ, റം, വിസ്കി തുടങ്ങിയവയെല്ലാം മദ്യത്തിന്റെ പരിധിയിൽ വരും. ആൽക്കഹോൾ രക്തത്തിൽ‍ കലരുന്നതിന് കാർബണേഷൻ സഹായിക്കുമെന്നതിനാൽ സോഡ ചേർത്താണ് ഇവ കഴിക്കാറുള്ളത്. കഴിക്കുന്ന മദ്യത്തിന്റെ പത്തുശതമാനം വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശ്വാസോച്ഛ്വാസ വായുവിലൂടെയും വിസര്‍ജിക്കപ്പെടുന്നു. ബാക്കി തൊണ്ണൂറുശതമാനത്തിലേറെ കരളിലാണ് മാറ്റങ്ങൾക്ക് വിധേയമാകുന്നത്.

മദ്യത്തിന്റെ ദഹനപ്രക്രിയയില്‍ ഓക്സിജന്‍ വേഗം ഉപയോഗിച്ചു തീര്‍ക്കപ്പെടുന്നതു മൂലം കൊഴുപ്പിന്റെ കണികകളെ കരളിനു ശരിയാം വണ്ണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ ദഹിപ്പിക്കാനാവാതെ വരുന്ന കൊഴുപ്പ്  കരള്‍ കോശങ്ങളിലടിയുമ്പോള്‍ ഫാറ്റീ ലിവര്‍ എന്ന അവസ്ഥയുണ്ടാകുന്നു

സ്ഥിരം കുടിയന്മാരില്‍ ഇത് കരള്‍ വീക്കത്തിലേക്ക് പോകുന്നു (ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്). കരള്‍ കോശങ്ങള്‍ നശിക്കുകയും മുറിവുണങ്ങുമ്പോള്‍ ഉണ്ടാകുന്ന മൃതകോശങ്ങൾ വന്ന് നിറയുകയും ചെയ്യുന്നതോടെ കരള്‍ ചുരുങ്ങി സിറോസിസ് എന്ന അവസ്ഥയിലാകുന്നു. 

വല്ലപ്പോഴുമൊരിക്കൽ മാത്രം

വല്ലപ്പോഴൊക്കെയോ ദിവസേനയോ മിതമായി മരുന്നിനെന്ന കണക്കിന് മദ്യം സേവിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന പഠന ഫലങ്ങളും പുറത്തു വന്നിട്ടുണ്ട്. മിതമായ മദ്യപാനം പോലും മാരകമാകാമത്രെ. ഹൃദയ സ്പന്ദന നിരക്കിനെ മദ്യപാനം ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

ഇതൊക്കെയല്ലേ ഒരു സന്തോഷം?

തലച്ചോറിലെ 'റിവാര്‍ഡ് പാത്ത്‌വേ'  എന്നറിയപ്പെടുന്ന ഭാഗങ്ങളുണ്ട്. ഇതിന് സ്വാഭാവികമായ രീതിയില്‍ ഉത്തേജനം നല്‍കുന്ന പല ഘടകങ്ങളുമുണ്ട് (ഭക്ഷണം, ലൈംഗികത..)... അതുകൊണ്ടാണ് ചില കാര്യങ്ങൾ ചെയ്യുമ്പോള്‍ നമുക്ക് സന്തോഷം ലഭിക്കുന്നത്.

തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് റിവാർഡ് പാത്​വേയെ ഉത്തേജിപ്പിക്കുന്നു. ലഹരി ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നതിനെക്കാള്‍ വളരെയധികം 'റിവാര്‍ഡ് പാത്ത്‌വേ' ഉത്തേജിക്കപ്പെടുന്നു.

സ്വയം പരിശോധിക്കാം

കുടിയുടെ അളവ് കുറയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?, നിങ്ങളുടെ മദ്യപാനശീലത്തെക്കറിച്ച് ചർച്ച ചെയ്യുന്നത് മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കിയിട്ടുണ്ടോ? മദ്യപാനത്തെയോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ? എല്ലാ പ്രശ്നങ്ങൾക്കും കാരണം മദ്യമാണെന്ന് ചിന്തിച്ച് ദുഃഖിതനായിട്ടുണ്ടോ? രാവിലെ ഒരു പെഗ്ഗടിച്ചാലേ ഉന്മേഷമുള്ളുവെന്ന് തോന്നിയിട്ടുണ്ടോ ? ഇതിൽ രണ്ടെണ്ണത്തിനെങ്കിലും അതേയെന്നാണ് മറുപടിയെങ്കിൽ നിങ്ങൾ കുഴപ്പത്തിലാണ്. 

ചികിത്സയ്ക്കായി ഒരുങ്ങാം

ഒരു വ്യക്തി ചികിത്സയ്ക്കായെത്തുമ്പോള്‍ അയാള്‍ക്ക് ഈ ദുശ്ശീലത്തില്‍ നിന്നും മോചനം നേടാന്‍ എത്രത്തോളം ആഗ്രഹമുണ്ട് എന്നതാണ് പരിശോധിക്കുന്നത്. മദ്യപാനം സ്വയം നിര്‍ത്തണമെന്ന ആഗ്രഹമാണ് ഒരാള്‍ക്ക് അത്യാവശ്യമായി ഉണ്ടാകേണ്ടത്. ശരീരത്തിലെ മദ്യപാനത്തിന്റെ  ദോഷഫലങ്ങളെ ഇല്ലാതാക്കാനാണ് പിന്നീട് ശ്രമിക്കേണ്ടത്. ശരീരത്തിലെ മാലിന്യങ്ങൾ തള്ളുന്നതും ആരോഗ്യം വീണ്ടെടുക്കുന്നതുമായ ജീവിതശൈലിയിലേക്ക് മാറണം.

വിത്ത്‌ഡ്രോവല്‍ സിംപ്ടംസ്'  ഒഴിവാക്കാനുള്ള  മരുന്നുകള്‍ നല്‍കണം.വ്യക്തിഗത കൗണ്‍സലിങ്, ബിഹേവിയര്‍ തെറാപ്പി, ഒക്ക്യുപ്പേഷനല്‍ തെറാപ്പി തുടങ്ങിയ ചികിത്സാപരിപാടികളും ഒപ്പം കുടുംബത്തിന്റെയും സ്നേഹിതരുടെയും സഹായവും വേണം. രോഗി അറിയാതെ കാപ്പിയിലും മറ്റും മരുന്നുകള്‍ കലക്കിക്കൊടുക്കുന്നത് ചിലപ്പോൾ കൂടുതൽ  പ്രശ്നമാകും.

ചില മുന്‍കരുതലുകൾ എടുക്കേണ്ടതുണ്ട്. മദ്യമുള്ള പാർട്ടികളും  ടൂറുകളും കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം നിര്‍ത്തി ഏറെ നാളുകള്‍ക്കുശേഷം മദ്യപാനത്തില്‍നിന്നും മോചനം നേടാന്‍ ശ്രമിക്കുന്നവരുടെ കൂട്ടായ്മകളിൽ പങ്കെടുക്കുക. മദ്യപാനത്തോട് വിരക്തി തോന്നിക്കുന്ന വിവിധ മരുന്നുകളുണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ആവശ്യമെങ്കിൽ ഉപയോഗിക്കുക.