Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരവണ്ണം അർബുദം പ്രവചിക്കും

belly fat-cancer risk

അരവണ്ണം കൂടുതൽ ഉള്ളവർക്ക് ചിലയിനം അർബുദം വരാൻ സാധ്യത കൂടുതലാണെന്നു ലോകാരോഗ്യസംഘടന നടത്തിയ ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.

ലോകാരോഗ്യ സംഘടനയുടെ കാൻസർ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ കാൻസർ (IARC - WHO) ലെ ഗവേഷകർ നടത്തിയ പഠനം പറയുന്നത് പൊക്കവും വണ്ണവും തമ്മിലുള്ള അനുപാതമായ ബോഡിമാസ് ഇൻഡക്സ് പോലെ തന്നെ അരവണ്ണവും അർബുദ സാധ്യത പ്രവചിക്കും എന്നാണ്.

12 വർഷക്കാലമോ അതിലധികമോ 43000 പേരുടെ വിവരങ്ങൾ പരിശോധിച്ചു. 1600ലധികം പേർക്ക് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് അർബുദം ഉള്ളതായി കണ്ടു.

അരവണ്ണം ഓരോ 11 സെ. മീ. കൂടുമ്പോഴും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അർബുദങ്ങളായ സ്തനം, ഗർഭപാത്രം, കുടൽ, ഈസോഫാഗസ്, പാന്‍ക്രിയാസ്, വൃക്ക, കരൾ, ഉദരം, ഗാള്‍ബ്ലൗഡർ, അണ്ഡാശം, തൈറോയ്ഡ് എന്നിവിടങ്ങളിലെ അർബുദത്തിനുള്ള സാധ്യത പതിമൂന്നു ശതമാനം കൂടുന്നു. അരക്കെട്ടിന് 8 സെ. മീ. വണ്ണം കൂടുന്നത് കുടലിലെ അർബുദ സാധ്യത പതിനഞ്ചു ശതമാനം കൂട്ടുന്നു.

ബോഡിമാസ് ഇൻഡക്സും (BMI) ശരീരത്തിൽ എവിടെയാണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് എന്നുള്ളതും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അർബുദത്തിന്റെ പ്രധാന സൂചനകളാണ്. പ്രത്യേകിച്ചും അരയ്ക്കു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ചില അർബുദത്തിനു കാരണമാകും എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഹെയ്ൻസ് ഫ്രെയ്സ്‌ലിങ് പറഞ്ഞു.

ശരീരത്തിലെ കൊഴുപ്പു കൂടുന്നതു മൂലം ലൈംഗിക ഹോർമോണുകളായ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഇവയുടെ അളവിൽ മാറ്റം വരുന്നു. ഇത് ഇൻസുലിന്റെ അളവ് കൂടാനും വീക്കത്തിനും കാരണമാകും. ഈ ഘടകങ്ങളെല്ലാം വർധിച്ച അർബുദ സാധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഗവേഷകർ പറയുന്നു.

ശരീര വലുപ്പത്തിന്റെ മൂന്നു വ്യത്യസ്ത അളവുകൾ അതായത് ബി. എം. ഐ, വെയ്സ്റ്റ് ടൂ ഹിപ് റേഷ്യൂ, അരവണ്ണം ഇവയെല്ലാം പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അർബുദസാധ്യത പ്രവചിക്കുന്നതായി ബ്രിട്ടീഷ് ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.