Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിക്കും വലിയ വിലകൊടുക്കേണ്ടി വരും

no tobacco day

1492-ൽ കൊളംബസിന്റെ സഹചാരിയായി അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലു കുത്തിയ വ്യക്തി ആയിരുന്നു റോഡ്രിഗോ ജെറെസ്, ആദ്യമായി പുകവലിച്ച യൂറോപ്യൻ ആയി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തിരിച്ചു സ്പെയിനിൽ ചെന്ന റോഡ്രിഗോ നാട്ടിലും പുകവലി തുടർന്നു, എന്നാൽ അന്നീ “കലാപരിപാടി” നാട്ടുകാർക്ക് അറിവുള്ളതല്ലല്ലോ?  അവരെല്ലാം കൂടി പരാതി പെട്ടതിനെ തുടർന്ന്  അദ്ദേഹത്തിനെ പിടിച്ച് അധികാരികൾ തടവിലാക്കി, വായിലൂടെ പുക വരുത്താൻ കഴിയുന്നത്‌ ചെകുത്താന് മാത്രം ആണെന്ന് ആരോപിച്ചായിരുന്നു ജയിൽവാസം വിധിച്ചത്. ഏഴു വർഷം കഴിഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോൾ പുകയില ലോകമെമ്പാടും പ്രചുര പ്രചാരം നേടിയിരുന്നുവെന്നു മാത്രമല്ല ആ കാലയളവിൽ പുകയില, പുകവലിയ്ക്ക് ഒക്കെ ഗുണഫലങ്ങൾ ഉള്ളതായും, പുരുഷത്വത്തിന്റെ പ്രതീകമായും ഒക്കെ കരുതപ്പെട്ടിരുന്നു. എന്നാലിന്ന് നമ്മൾക്ക് അറിയാം റോഡ്രിഗോ വലിച്ചു തള്ളിയ പുക ചെകുത്താന് സമമായ ഹാനീകാരക വസ്തു ആണെന്ന്.

പുകയില കൊണ്ടുള്ള തിക്തഫലങ്ങൾ പിന്നീട് ലോക സമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുകയും ഇതിനു അറുതി വരുത്താനുള്ള ശ്രമങ്ങൾ ഒരു വശത്ത്‌ നിന്ന് ആരംഭിക്കുകയും ചെയ്തു.നിലവിൽ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തു ആണെന്നിരിക്കെ പുകയിലയുടെ പിന്നിലെ സാമ്പത്തിക/കച്ചവട താൽപ്പര്യങ്ങളെക്കൂടി മറികടന്നു വേണം പുകയിലയ്ക്കെതിരെ ശ്രമകരമായ നീക്കങ്ങൾ നടത്താൻ. മേയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നതിന്റെ ഉദ്ദേശം പുകയിലയുടെ ദൂഷ്യഫലങ്ങളെപ്പറ്റി സമൂഹത്തെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ്. 

പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവർ ചുരുക്കമാണ്,എങ്കിലും അനേകം പേർ ഇതിനു അടിമപ്പെടുന്നതിനു പിന്നിൽ പുകയിലയിലെ ലഹരി പദാർത്ഥമായ “നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകൾ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്‌. കാരണം തുടങ്ങിയാൽ ശീലം നിർത്തുന്നത് ശ്രമകരമാകും. നിക്കോട്ടിൻ എന്ന ഈ വില്ലൻ ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറിൽ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങൾ ഉണ്ടാക്കും. എന്തിനു മുലപ്പാലിൽ പോലും നിക്കോട്ടിൻ എത്തപ്പെടും.

പുകവലിക്കാർക്ക് പ്രായമാവില്ല, കാരണം അവർ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്പം ക്രൂരം ആണെങ്കിലും അതിൽ കാര്യമുണ്ട്. പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങൾ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്‌. പ്രതി വർഷം 70 ലക്ഷം മരണങ്ങൾ! അതിൽ തന്നെ 9 ലക്ഷത്തോളം പേർ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാൻഡ് സ്മോകിങ് അഥവാ മറ്റൊരാൾ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്. 2004 ൽ ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണത്തിൽ 28% ഇത്തരത്തിൽ ആയിരുന്നു. ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം  2015 ൽ ലോകത്താകമാനം ഉണ്ടായ ആകെ മരണങ്ങളിൽ 11% പുകയില ദുരുപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ 52.2% മരണങ്ങൾ ചൈന, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമാണ്.

കാര്യമിതൊക്കെ ആണെങ്കിലും ലോക ജനസംഖ്യയിൽ കാൽ ഭാഗം ആളുകളും പുകയില ഉപയോഗിക്കുന്നവരാണ്. ഇന്ത്യയിലെ കാര്യം എടുത്താൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആണ് നാം. ഇന്ത്യയിലെ ജനങ്ങളിൽ 27.4 കോടി പേർ പുകയില ഉപഭോക്താക്കളാണ്. പുകവലിക്കുന്നവരുടെ എണ്ണം 18.2 കോടിയും.  പല രീതിയിൽ നാം പുകയിലയുടെ ദോഷഫലങ്ങൾ സ്വയം ഏൽപ്പിക്കുന്നു. പുകവലി(സിഗരെറ്റ്‌, ബീഡി, ഹുക്ക), പാൻ മസാല, ഗുട്ക, പൊടി വലിക്കൽ ഇത്യാദി.

ഇന്ത്യയിൽ മുതിർന്നവരിൽ 35%പേർ പുകയില ഉപയോഗിക്കുന്നവർ ആണ്. ദിവസേന 5,500ഓളം യുവാക്കൾ പുകവലിച്ചു തുടങ്ങുന്നുവത്രേ! ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം പുകവലിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട് എങ്കിലും നമ്മുടെ നാട്ടിൽ പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം മുന്നോട്ടു കുതിക്കുകയാണ്.

ഇക്കൊല്ലത്തെ പുകയില വിരുദ്ധദിന തീം “പുകയില - വികസനത്തിന് ഒരു ഭീഷണി” എന്നതാണ്. ജോലി ചെയ്തു കുടുംബം പുലർത്തുന്ന പ്രായത്തിലുള്ളവരാണ് പുകയില ദുരുപയോഗത്തിൽ മുന്നിലെന്നതിനാൽ ഇവരിലെ രോഗവും രോഗാതുരതയും കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയെയും രാഷ്ട്രത്തിന്റെ മാനവ വിഭവശേഷിയെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയിൽ മുടക്കേണ്ടി വരുന്ന തുകയും സമയവും മാനുഷിക പ്രയത്നവും പുകയില ദുരുപയോഗം മൂലം ഉയരുന്നുണ്ട്.

പുകയില മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചുരുക്കത്തിൽ

∙ ഒരു സിഗരെറ്റ്‌ വലിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുക ആണെന്ന് കണക്കാക്കമത്രേ. പുകവലിക്കുന്ന ഒരാൾക്ക്‌ പുകവലിക്കാത്ത ആളെക്കാൾ ഏകദേശം 10 വർഷം ആയുസ്സ് കുറവായിരിക്കും.

∙ പുകയില ഉപഭോഗം പല വിധ കാൻസറുകൾക്ക് കാരണമാവുന്നു. പുകവലിയുമായി ബന്ധപ്പെട്ടാണ്  80% - 90% ശ്വാസകോശ കാൻസറുകളും ഉണ്ടാവുന്നതും/മരണപ്പെടുന്നതും. സിഗരറ്റ്‌ കത്തിയുണ്ടാവുന്ന പുകയിൽ ആർസെനിക്, ലെഡ്, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ് എന്നു തുടങ്ങി 4000 ത്തോളം രാസവസ്തുക്കൾ ഉണ്ട്. ഇതിൽ 250 ഓളം ഹാനീകാരകമാണ്. അതിൽ തന്നെ 50 ഓളം കാൻസറിന് കാരണമാവുന്നവയാണ്. 

∙ ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്ന കാൻസർ ചുണ്ടിലും വായ്ക്കുള്ളിലും ഉണ്ടാവുന്നതാണ്. ഇതിനു ഹേതു പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതുമൊക്കെയാണ്. 

∙ ഹൃദയാഘാതം, പക്ഷാഘാതം, സി.ഒ.പി.ഡി/ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ (ഇതിലൂടെ ശ്വാസകോശ ക്ഷമതയെ ബാധിക്കും). പ്രമേഹം,നേത്രരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് പുകയില കാരണമാവുന്നു.

∙ പുകവലി പുരുഷത്വത്തിന്റെ പ്രതീകമായി ചിലരെങ്കിലും കൊണ്ടുനടക്കാറുണ്ട്. ഇത്തരക്കാർ ഓർത്തിരിക്കേണ്ടത് പുകവലി പുരുഷത്വത്തിനുതന്നെ സാരമായ ക്ഷതം എൽപ്പിക്കാവുന്ന ഒന്നാണ്. അത് ലിംഗോദ്ധാരണശേഷിയെ ബാധിക്കാം.

∙ പുകയില സൗന്ദര്യത്തിനു കോട്ടം ഉണ്ടാക്കാം. ത്വക്കിൽ വ്യതിയാനങ്ങൾ, നിറം മാറ്റം, പല്ലിൽ കറ, മോശം മണം എന്നിവ ഉദാഹരണം മാത്രം.

∙ പുകയില ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കാം.

∙ ഗർഭാവസ്ഥയിൽ പുകയില മൂലം ശിശുവിന് തൂക്കം കുറയാം, മാസം തികയാതെ പ്രസവിക്കുന്ന അവസ്ഥ ഉണ്ടാവാം.

സെക്കന്റ് ഹാൻഡ്(പാസ്സീവ്)സ്മോക്കിങ്

പുകവലി മറ്റൊരാൾക്ക് ദോഷകരം ആണെന്ന് എത്ര പേർക്ക് അറിയാം? അറിയാമെങ്കിൽക്കൂടി എത്ര പേർ അത് കാര്യമായി എടുക്കുന്നു? എത്ര പേർ തങ്ങളുടെ പുകവലി ശീലം ബാക്കി ഉള്ളവർക്ക് ശല്യം ആവാത്ത രീതിയിൽ ക്രമീകരിക്കുന്നു? കുറഞ്ഞ പക്ഷം മറ്റൊരാളുടെ മുഖത്തേക്ക് പുക ഊതി വിടാതെ എങ്കിലും ഇരിക്കുന്നു!! ഇതൊക്കെ ചിന്തിക്കേണ്ട വിഷയമാണ്.

പുകവലി വ്യക്തിയെ മാത്രമല്ല അയാളുടെ വേണ്ടപ്പെട്ടവരെക്കൂടി രോഗികൾ ആക്കാം, പ്രത്യേകിച്ച് കുട്ടികളെ. ഒരാൾ വലിച്ചു പുറത്തേക്ക് വിടുന്ന പുക മറ്റൊരാളുടെ ഉള്ളിൽ കടന്നു പുകവലിക്കാത്ത ആളിലും രോഗങ്ങൾ ഉണ്ടാക്കാം. ഇതിനെയാണ് സെക്കന്റ് ഹാൻഡ്‌ സ്മോകിങ് എന്നു വിശേഷിപ്പിക്കുന്നത്.

ലൈറ്റ്സ് എന്ന ഗണത്തിൽപ്പെടുന്ന സിഗരെറ്റുകൾ, സിഗാർ(ചുരുട്ട്), ഇലക്ട്രോണിക് സിഗരറ്റ്‌ എന്നിവയുമൊക്കെ ഹാനീകാരകമാണ്. അവ ഒന്നും അപകടരഹിതമല്ല.

പുകയില ഉപയോഗം നിർത്തുന്നതു കൊണ്ടുള്ള ഗുണങ്ങൾ

∙ പുകവലിക്കുന്നവരിൽ 69% പേരും നിർത്താൻ ആഗ്രഹിക്കുന്നവർ ആണെന്ന് പഠനം സൂചിപ്പിക്കുന്നു.

∙ പുകയില മൂലമുള്ള രോഗ സാധ്യതകൾ കുറയുന്നു.

∙ യൗവനം കാത്തു സൂക്ഷിക്കാം- അതെ പുകയില ഉപയോഗം നേരത്തെ പ്രായമായത്തിന്റെ സമാന അവസ്ഥയിൽ നിങ്ങളെ എത്തിക്കുന്നു, ഇതൊഴിവാക്കാം.

∙ ധനനഷ്ടം ഒഴിവാക്കാം-പുകവലി ചെലവുള്ള സംഗതി കൂടി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

∙ പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കാം. പുക വായുവിൽ കലരുന്നത് കൂടാതെ ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റ്‌ കുറ്റികളും ഇതിനു കാരണം ആവുന്നു.

പ്രതിവർഷം എട്ടരലക്ഷത്തോളം ടൺ ഭാരമുള്ള സിഗററ്റ്‌ കുറ്റികൾ ഉപേക്ഷിക്കപ്പെടുന്നതായി കണക്കാക്കുന്നു. അമേരിക്കയിൽതന്നെ ആകെ ഖര മാലിന്യത്തിന്റെ 65 ശതമാനവും സിഗരറ്റ്‌ മാലിന്യമാണ്‌. 

∙ സിഗരറ്റ്‌ കുറ്റികൾ അശ്രദ്ധമായി വലിച്ചു എറിയുന്നത് മൂലമുള്ള തീപിടുത്ത സാധ്യതകൾ ഒഴിവാക്കപ്പെടുന്നു.

∙ പുകവലി നേരത്തെ ഉപേക്ഷിച്ചാൽ അത്രയും നന്ന്. എന്നാൽ ഏതു പ്രായത്തിലും നിർത്തുന്നതു കൊണ്ട് ഗുണം ഉണ്ടാവുക തന്നെ ചെയ്യും.

ഉദാ: നിർത്തി ഒരു മാസം കഴിയുമ്പോൾ ശ്രദ്ധിക്കത്തക്ക നിലയിൽ ത്വക്കിൽ വത്യാസം വരും. ഒരു വർഷം കഴിയുമ്പോൾ ഹൃദയാഘാതം ഉണ്ടാവാനുള്ള റിസ്ക്‌ സാധ്യത പകുതി ആയി കുറയുന്നു. രണ്ടു വർഷം കഴിയുമ്പോൾ മസ്തിഷ്ക ആഘാതം വരാനുള്ള സാധ്യത പുകവലിക്കാത്ത ഒരാൾക്ക്‌ സമാനം ആവുന്നു. പത്തു വർഷം കഴിയുമ്പോൾ പുക വലിക്കുന്നവരെ അപേക്ഷിച്ച് ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത പകുതി മാത്രം. 15 വർഷം കഴിഞ്ഞാൽ ഹൃദയാഘാതം വരാനുള്ള സാധ്യത പുകവലി ഇല്ലാത്ത ഒരാളെ പോലെ മാത്രമാവും.

പുകയില ദുരുപയോഗം എങ്ങനെ തടയാം?

∙ പുകയിലയുടെ ദുരുപയോഗം കുറയ്ക്കാൻ  ഉതകുന്ന പോളിസികൾ നിർമിക്കാൻ രാഷ്ട്രീയ ഭരണപരമായ കടപ്പാട് ഈ ദൗത്യത്തോട് ഉണ്ടാവേണ്ടതുണ്ട്.

∙ പുകയിലയുടെ വിപണനവും ലഭ്യതയും കുറയ്ക്കാൻ ഉതകുന്ന നടപടികൾ. കേരളത്തിൽ പാൻ മസാല പോലുള്ളവ നിരോധിക്കാൻ നിയമം നിർമിച്ചതും പൊതു സ്ഥലത്തെ പുകവലി നിരോധിച്ചതും ഒക്കെ ഉദാഹരണങ്ങളാണ്. പുകയില പരസ്യങ്ങൾ നിയന്ത്രിക്കുക, പുകയിലയുടെ കവറിൽ അവയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പാൻ ഉതകുന്ന ചിത്രങ്ങളുടെ ആലേഖനം, പ്രാദേശിക ഭാഷയിൽ ഉള്ള ബോധവൽക്കരണ സന്ദേശങ്ങൾ എന്നിവ നിയമം മൂലം നിർബന്ധമാക്കുക, പുകയിലയ്ക്ക് ഉയർന്ന തോതിൽ നികുതി ഏർപ്പെടുത്തുക ഇത്യാദി വ്യക്തി കേന്ദ്രീകൃതമായ നടപടികൾ.

∙ പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വ്യക്തികൾക്ക് അവബോധം പകർന്നു നൽകുക.

∙ പുകയില ദുരുപയോഗശീലം ഉള്ളവർക്ക് അതിൽ നിന്നും വിമുക്തി നേടാൻ കൗൺസലിഹ് സംവിധാനങ്ങൾ(Behavioral Therapy പോലുള്ളവ)

പുകയില ലഹരി വിമുക്തി ചികിത്സ

1. നിക്കോട്ടിൻ റീപ്ലെസ്മെന്റ് തെറാപ്പി – സിഗരറ്റ്‌ പുകയിലുള്ള കൂടുതൽ ഹാനികരമായ രാസവസ്തുക്കൾ ഒഴിവാക്കി താൽക്കാലിക കാലയളവിൽ നിക്കോട്ടിൻ ചെറിയ അളവിൽ ശരീരത്തിലേക്ക് നൽകുന്നു (ച്യൂയിങ് ഗം അല്ലെങ്കിൽ തൊലിപ്പുറത്ത് ഒട്ടിക്കുന്ന നിക്കോട്ടിൻ പാച്ച് മുഖേന). ക്രമേണ പുകവലിക്കാനുള്ള ത്വര ഒഴിവാക്കുകയാണ് ലക്ഷ്യം.

2. വാരാനിക്ലൈൻ പോലുള്ള മരുന്നുകൾ.

തേർഡ് ഹാൻഡ്‌ സ്മോക്ക്‌ ?

തേർഡ് ഹാൻഡ്‌ സ്മോക്ക്‌ എന്നൊരു പ്രതിഭാസത്തെക്കുറിച്ച് അടുത്തകാലത്ത് ശാസ്ത്രലോകത്ത് കൂടുതൽ പഠനങ്ങൾ നടത്തുന്നുണ്ട്, എന്താണിത്? പുക വലിക്കുന്ന ആളുടെ സാന്നിധ്യമോ പുകയുടെ തന്നെ ദൃശ്യ സാന്നിധ്യമോ കത്തുന്ന സിഗരറ്റോ ഇല്ലാതെ പോലും പുകയിലയുടെ ദൂഷ്യങ്ങൾ മറ്റൊരാളിൽ ചെലുത്തപ്പെടുന്ന പ്രതിഭാസം ആണ് തേർഡ് ഹാൻഡ്‌ സ്മോക്ക്‌.

ഉദാ: നിങ്ങൾ ലിഫ്റ്റ്‌ലോ മുറികളിലോ ഒക്കെ കടക്കുമ്പോൾ പുകയുടെ ഗന്ധം അനുഭവിച്ചുവെന്നു കരുതുക. ഈ അവസരത്തിൽ നിങ്ങൾ തേർഡ് ഹാൻഡ്‌ സ്മോക്കിനു ഇര ആകാനിടയുണ്ട്. പുക കെടുത്തിയാൽപ്പോലും സിഗരറ്റിൽ നിന്നുള്ള പലവിധ മാരക വിഷ വസ്തുക്കളുടെ സാന്നിധ്യം അവിടുള്ള കാർപെറ്റിലും തുണികളിലും ഭിത്തിയിലും മറ്റു വസ്തുക്കളിലും മണിക്കൂറുകളോളം കാണപ്പെടാമെന്ന് ചില പഠനങ്ങൾ പറയുന്നു.

ഈ പ്രതിഭാസത്തിൽ പുക അന്തരീക്ഷത്തിൽ ഉള്ള നൈട്രസ് ഓക്സൈഡുമായി കലർന്ന് രാസപ്രവർത്തനത്തിലൂടെ സാധാരണ സിഗരറ്റ്‌ പുകയിൽ ഇല്ലാത്ത ദോഷവസ്തുക്കൾ(tobacco-specific nitrosamines) പോലും രൂപപ്പെടുന്നുവത്രേ. മുതിർന്നവരെക്കാൾ വളരുന്ന പ്രായത്തിലുള്ള കുട്ടികളുടെ ആരോഗ്യത്തെ, ബുദ്ധിയെയൊക്കെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

ഇതാവട്ടെ ജനലുകൾ തുറന്നിട്ടതു കൊണ്ടോ ഫാൻ ഇട്ടതു കൊണ്ടോ ചില മുറികളിൽ മാത്രമായി പുക വലിച്ചതു കൊണ്ടോ വാഹനങ്ങളുടെ ചില്ല് താഴ്ത്തിവച്ചതു കൊണ്ടോ മാത്രം ഒഴിവാക്കാൻ കഴിയില്ല. പുകവലിരഹിത അന്തരീക്ഷം നമ്മൾക്ക് ചുറ്റും കെട്ടിപ്പടുക്കെണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്‌.

Tobacco kills എന്നാണല്ലോ, പുകയില ഉപയോഗം നിങ്ങളെ മാത്രമല്ല നിങ്ങളുടെ വേണ്ടപ്പെട്ടവരെക്കൂടെ ബാധിച്ചേക്കാം എന്നതു കൂടി കണക്കിലെടുത്തു പുകയില ഒഴിവാക്കാനുള്ളള്ള തീരുമാനങ്ങൾ എടുക്കുക.

പിൻകുറിപ്പ്: പുക വലിക്കുക പോലും ചെയ്യാത്തവർക്ക് ശ്വാസകോശ കാൻസർ വരുന്നില്ലേ എന്ന് ചിലർ ചോദിക്കുന്നത് കേൾക്കാം. അതിനുത്തരം ഈ പ്രതിഭാസങ്ങളിൽ ഉണ്ട്. പുകവലിക്ക് വലിയ കൊടുക്കേണ്ടി വരും എന്ന് സിനിമാ തീയറ്ററിലെ പരസ്യത്തിൽ പറയുന്നത് വെറുതെ അല്ല.