Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം ആറുമണിക്കൂറിൽ കുറഞ്ഞാൽ?

490474430

ഉപാപചയ രോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം ഇവ ബാധിച്ചവർ ആറുമണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ മരണസാധ്യത ഇരട്ടിയെന്നു പഠനം. ഉപാപചയ രോഗങ്ങൾ (Metabolic syndrome) ബാധിച്ചവർ ആറുമണിക്കൂറിൽ കുറവ് ഉറങ്ങിയാൽ ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരിക്കാനുള്ള സാധ്യത രണ്ടു മടങ്ങാണെന്ന് പഠനം പറയുന്നു. കൂടുതൽ ഉറക്കം ലഭിക്കുന്നവർക്ക് മരണസാധ്യത കുറയും.

ഉപാപചയ രോഗങ്ങൾ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങൾ ബാധിച്ച ഉറക്കക്കുറവുള്ളവർക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്. 

ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങള്‍ നിങ്ങളിലുണ്ടെങ്കിൽ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കിൽ വൈദ്യസഹായം തേടണമെന്നും അതുവഴി ഹൃദ്രോഗമോ പക്ഷാഘാതമോ മൂലമുള്ള മരണസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തിനു നേതൃത്വം നൽകിയ ജൂലിയോ ഫെർണാണ്ടസ് മെൻഡോസ പറഞ്ഞു.

ശരാശരി 49 വയസ്സു പ്രായമുള്ള 1344 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 42 ശതമാനം പുരുഷന്മാരായിരുന്നു. പഠനത്തിനായി ഒരു രാത്രി സ്‌ലീപ്പ് ലബോറട്ടറിയിൽ ഇവർ കഴിഞ്ഞു.

ഇവരിൽ 39 ശതമാനത്തിനും കുറഞ്ഞത് മൂന്ന് രോഗസാധ്യതാ ഘടകങ്ങൾ ഉള്ളതായി കണ്ടു. ബോഡിമാസ് ഇൻഡക്സ് (BMI) 30 ൽ കൂടുതൽ, കൊളസ്ട്രോള്‍, ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ, രക്തസമ്മർദം, ട്രൈഗ്ലിസറൈഡ് നില ഇവ കൂടുതൽ ആണെന്നും കണ്ടു. ശരാശരി പതിനാറു വർഷത്തെ തുടർ പഠനത്തിനിടയിൽ 22 ശതമാനം പേർ മരണമടഞ്ഞു.

രക്തസമ്മര്‍ദവും രക്തത്തിലെ ഗ്ലൂക്കോസ് നിലയും കുറച്ച് ഉറങ്ങുന്ന സമയം വർധിപ്പിച്ചാൽ മെറ്റബോളിക് സിൻഡ്രോം ബാധിച്ചവരിൽ അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നു ഫെർണാണ്ടസ് മെൻഡോസ പറഞ്ഞു.

പെന്‍സിൽവാനിയ സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനം അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.