Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവന്നുള്ളി അർബുദം തടയും

onion-small

നമ്മെ കരയിപ്പിക്കുന്ന ഉള്ളിക്ക് നമ്മുടെ കണ്ണീർ തുടയ്ക്കാനും ആവും. എങ്ങനെയെന്നല്ലേ? മാരക രോഗങ്ങളിൽപ്പെടുന്ന അർബുദത്തെ പ്രതിരോധിക്കാൻ ചുവന്നുള്ളിക്ക് കഴിയുമത്രേ. ചുവന്നുള്ളി കഴിക്കുന്നത് അർബുദം തടയാൻ സഹായിക്കുമെന്ന് ഇന്ത്യൻവംശജനായ ശാസ്ത്രജ്ഞൻ ഉൾപ്പെട്ട ഗവേഷകസംഘം നടത്തിയ പഠനത്തിൽ തെളിഞ്ഞു. കാനഡയിലെ ഗുവേൽഫ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ചുവന്നുള്ളി അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു തെളിഞ്ഞത്.

ഉള്ളിയുടെ മഹത്വം ഇപ്പോഴും പലരും തിരിച്ചറിഞ്ഞിട്ടില്ല. ഒരിനം ഫ്ലവനോയ്ഡ് ആയ ക്യൂവർസെറ്റിൻ (quercetin) ഉള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യൂവർസെറ്റിൻ മാത്രമല്ല കൂടിയ അളവിൽ ആന്തോസയാനിനും ചുവന്നുള്ളിയിലുണ്ട്. പഴങ്ങൾക്കും പച്ചക്കറികൾക്കും നിറം നൽകുന്ന വസ്തുവാണ് ആന്തോസയാനിൻ. ചുവന്നുള്ളി കടും നിറത്തില്‍ ഉള്ളതായതിനാൽ അവയ്ക്ക് അർബുദ പ്രതിരോധ ശക്തിയും കൂടും.

അർബുദ കോശങ്ങളെ നശിപ്പിക്കുന്നതിൽ ഉള്ളി മികച്ചു നിൽക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഗുയേൽഫ് (Guelph) സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥിയായ അബ്ദുൾ മോനെം മുരയ്യൻ പറഞ്ഞു.

അഞ്ചിനം ഉള്ളിയാണ് പഠനത്തിനുപയോഗിച്ചത്. കട്ടി കൂടിയ, നീളം കൂടിയ, ഗോളാകൃതിയുള്ള കടും ചുവപ്പ് നിറത്തിലുള്ള ഉള്ളിക്കാണ് അർബുദം പ്രതിരോധിക്കാനുള്ള കഴിവു കൂടുതൽ. വ്യത്യസ്ത ഉള്ളിയിനങ്ങളിൽ നിന്ന് വേർതിരിച്ച ക്യൂവർസെറ്റിൻ കുടലിലെ അർബുദ‍ കോശങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുത്തിയാണ് പഠനം നടത്തിയത്. അർബുദകോശങ്ങളുടെ വളർച്ച തടയാനും അർബുദകോശങ്ങളെ കോശമരണത്തിലേക്കു നയിക്കാനും ഉള്ളിക്ക് കഴിയുമെന്നു തെളിഞ്ഞു.

സ്തനാർബുദകോശങ്ങളെ നശിപ്പിക്കുന്നതിനും ഉള്ളി ഫലപ്രദമാണ് എന്ന് അടുത്തിടെ നടന്ന പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. അർബുദം പ്രതിരോധിക്കാൻ പച്ചക്കറികൾക്കുള്ള കഴിവ് മനുഷ്യരിൽ പരീക്ഷിക്കുക എന്നതാണ് അടുത്തപടിയെന്ന് മുരയ്യൻ പറഞ്ഞു.

ഉള്ളിയിലടങ്ങിയ ക്യൂവർസെറ്റിൻ വേർതിരിക്കാൻ രാസവസ്തുക്കളെ ഒഴിവാക്കിയുള്ള പുതിയ മാർഗമാണ് ഗവേഷകർ അവലംബിച്ചത്. മറ്റു വേർതിരിക്കൽ പ്രക്രിയകളിൽ ഭക്ഷണത്തിൽ കലരുമ്പോൾ ഒരു വിഷപദാർത്ഥം അടിഞ്ഞു കൂടുന്ന സോൾവെന്റുകൾ ആണ് ഉപയോഗിക്കുന്നതെന്ന് ഗുയേൽഫ് സർവകലാശാല പ്രൊഫസറായ സുരേഷ് നീതിരാജൻ പറഞ്ഞു.

‌സാലഡിലും സാൻഡ്‌വിച്ചിലും ബർഗറിലും സൂപ്പർഫുഡ് ആയ ഉള്ളി ഉൾപ്പെടുത്തുന്നുണ്ടെങ്കിലും ഭക്ഷ്യോൽപ്പന്നങ്ങളിൽ അതായത് ബേക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളിലും പഴച്ചാറുകളിലും എല്ലാം ഉള്ളി സത്ത് ചേർക്കും എന്നും ഗുളിക രൂപത്തിൽ ചികിത്സാരീതിയായി ഇത് ലഭ്യമാകും എന്നുമാണ് ഗവേഷകരുടെ പ്രതീക്ഷ. ഫുഡ് റിസേർച്ച് ഇന്റർനാഷണൽ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read more: ആരോഗ്യവാർത്തകൾ