Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമായവരുടെ ഉന്മേഷത്തിനു നൽകാം ഒരു പട്ടിക്കുട്ടിയെ

pet-dog

വളർത്തുനായ്ക്കളെ അത്ര നിസ്സാരക്കാരായി കാണേണ്ട കാര്യമില്ല. അവ വിചാരിച്ചാൽ ചിലരെ കൂടുതൽ സ്മാർട്ടാക്കാൻ കഴിയുമത്രേ. ചെറുപ്പക്കാരുടെ കാര്യമല്ല, മറിച്ച് നിങ്ങളുടെ വീട്ടിലെ മധ്യവയസ്സു പിന്നിട്ടവരുടെ കാര്യമാണ് പറയുന്നത്. ദിവസവും ഏകദേശം രണ്ടു മണിക്കൂർനേരം വളർത്തുനായയ്ക്കൊപ്പം ചെലവഴിക്കുന്ന മധ്യവയസ്കര്‍ക്ക് കൂടുതൽ ഉന്മേഷം ഉണ്ടാകുമത്രേ. 

ലണ്ടനിലാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടന്നത്. സ്വന്തമായി വളർത്തുനായ വീട്ടിൽ ഉള്ളവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി സർവേയിൽനിന്നു വ്യക്തമായി. അറുപതുവയസ്സിനോടടുത്ത് പ്രായമുള്ളവരെയാണ് പഠനത്തിനു വിധേയരാക്കിയത്. വളർത്തുനായയ്ക്കൊപ്പം നിശ്ചിത സമയം നീക്കിവയ്ക്കുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് അരമണിക്കൂർ കൂടുതൽ നേരം തുറസ്സായ സ്ഥലത്ത് ചെലവഴിക്കുന്നു. ഇത് ഇവർക്ക് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് സഹായമാകുന്നു. മാത്രമല്ല വീട്ടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കുന്നതിന്റെ ആലസ്യമോ ക്ഷീണമോ ഇവർക്കു ഉണ്ടാകുകയുമില്ല. 

നായയ്ക്കൊപ്പം പുറത്തു നടക്കാൻ പോകുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ടത്രേ. ഈ നടപ്പ് കൂടുതൽ അയൽബന്ധങ്ങളും പരിചയങ്ങളും സൃഷ്ടിക്കുന്നു. വീട്ടിൽ ഏതുനേരവും ടിവി കണ്ടു നേരം തള്ളിനീക്കുന്നവരേക്കാൾ ഇവർക്ക് മാനസിക ഉല്ലാസം ലഭിക്കുന്നു. ചുരുക്കത്തിൽ ലോകാരോഗ്യസംഘടന വയോധികർക്കു നിർദേശിക്കുന്ന കായിക പ്രവർത്തനങ്ങളായ നടപ്പും മറ്റും വളർത്തുനായ ഉള്ളവർ അറിയാതെ തന്നെ ചെയ്തുപോകുന്നു. ഇത് ഇവരുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉന്മേഷത്തോടെ നിലനിർത്തുന്നു. ഇനിമുതൽ വീട്ടിലെ പ്രായമായവരോട് ടിവി കണ്ടോ പത്രം വായിച്ചോ മൂലയ്ക്കൽ കുത്തിയിരിക്കാൻ പറയുന്നതിനു പകരം അവർക്കൊരു പട്ടിക്കുട്ടിയെ വാങ്ങിക്കൊടുത്തോളൂ. അത് അവർക്ക് നഷ്ടപ്പെട്ട ഉന്മേഷവും പ്രസരിപ്പും തിരിച്ചുതന്നേക്കും.

Read more : ആരോഗ്യവാർത്തകൾ