Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദനയോ? ഓഫിസിലെ ഇരിപ്പ് ശരിയാക്കാം

backpain

ഓഫിസ് ജോലിക്കാരിൽ 75 ശതമാനം പേരും നടുവേദനയാൽ വിഷമിക്കുന്നവരാണ്. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കുള്ളിൽ പരമാവധി ആളുകൾക്കു സീറ്റ് ഒരുക്കുക എന്ന വെല്ലുവിളി നിറവേറ്റുമ്പോൾ കസേര, മേശ, കംപ്യൂട്ടർ കീബോർഡ് മുതലായ ഉപകരണങ്ങൾ ജോലിക്കാരുടെ ശരീരവലുപ്പത്തിനും പ്രകൃതത്തിനുമനുസൃതമല്ലാതെ വരുന്നു. ഇതു തലവേദന, കാഴ്ചത്തകരാറുകൾ, കഴുത്തുവേദന തുടങ്ങിയവയുടെ ആക്കം കൂട്ടും. ഓരോ ജോലിക്കും ശരീരത്തിന് അധികം ആയാസമോ ക്ഷീണമോ ഉണ്ടാക്കാത്ത രീതികളുണ്ട്. ഇതു ശീലിക്കുകയും ഓഫിസ് ഉപകരണങ്ങളെ ജോലി അനായാസമാക്കുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്താൽ വേദനകളും അസ്വസ്ഥതകളും കുറയ്ക്കാം.

∙ ശരീരത്തിന്റെ പിൻഭാഗത്തിനു താങ്ങുനൽകുന്ന തരം കസേരകളാണു നടുവേദനയുണ്ടാക്കാത്ത ഇരിപ്പിനു നല്ലത്. കാലു തറയിൽ പതിച്ചുവയ്ക്കാവുന്നത്ര ഉയരമേ കസേരയുടെ സീറ്റിനു തറയിൽ നിന്ന് ഉണ്ടാകാവൂ. കാൽ തറയിൽ തൊടുന്നില്ലെങ്കിൽ ഫൂട്ട്റെസ്റ്റിൻമേൽ കാൽ വയ്ക്കാം.

∙ ഇരിക്കുന്ന ആളുടെ സ്ഥാന ചിലനത്തിനനുസൃതമായി സ്വതന്ത്രമായി ചലിപ്പിക്കാവുന്ന കസേരകളാണ് നല്ലത്.

∙ നട്ടെല്ലു നിവർത്തി നേരേ മുന്നിലേക്കു നോക്കി ശരീരത്തിന്റെ പിൻഭാഗം കസേരയിൽ ചേർത്ത് അമർത്തി വേണം ഇരിക്കാൻ.

∙ കസേരയിൽ ഇരിക്കുമ്പോൾ നടുവിനോടു ചേർത്തു കുഷ്യനോ ഉറപ്പുള്ള തലയണയോ വയ്ക്കുന്നതു നട്ടെല്ലു നിവർന്നിരിക്കാൻ സഹായിക്കും.

∙ ഓരോ മണിക്കൂറിലും അൽപസമയം എഴുന്നേറ്റു നിൽക്കുകയോ നടക്കുകയോ ചെയ്യുക. കൈകൾ എളിയുടെ ഇരുവശത്തും പിടിച്ചു പിന്നോട്ടു വളയുന്നതു നടുവിന്റെ പേശികൾക്ക് അയവു നൽകും.

കംപ്യൂട്ടറും നടുവേദനയും

∙ കംപ്യൂട്ടർ മോണിട്ടറിന്റെ സ്ഥാനം കണ്ണിന്റെ അതേ ലെവലിൽ ആയിരിക്കണം. അങ്ങനെയെങ്കിൽ കസേരയുടെ ഉയരം മോണിട്ടറിനനുസരിച്ചു ക്രമീകരിക്കണം.

∙ കംപ്യൂട്ടർ മോണിട്ടറും ഇരിക്കുന്ന ആളും തമ്മിൽ ഒരു കൈ അകലത്തിൽ കുറയാത്ത ദൂരം വേണം.

∙ ഒരേ ഇരിപ്പിരുന്നുള്ള ജോലി അമിതവണ്ണം ഉണ്ടാക്കും. അത് ശരീരത്തെ ദോഷകരമായി ബാധിക്കും.

നടുവിനു സാധാരണയിൽ കൂടുതൽ ഭാരം താങ്ങേണ്ടിവരും. ഇതു നടുവേദയുണ്ടാക്കും. അതുകൊണ്ടു നടുവിനും കഴുത്തിനും വേണ്ട വ്യായാമങ്ങൾ ശീലിക്കണം.

Read more : Health Tips