Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചെന്ന് ആശുപത്രിക്കാർ വിധിയെഴുതിയ കുഞ്ഞിനു ജീവൻ

new born baby

നവജാതശിശു മരിച്ചെന്ന് ആശുപത്രി അധികൃതർ. മൃതദേഹം സംസ്കരിക്കാനുള്ള  തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അതിൽ ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. ഡൽഹി സഫ്ദർജങ് സർക്കാർ ആശുപത്രിയിലാണു സംഭവം. 

ബർദാപൂർ സ്വദേശിയായ സ്ത്രീ ഞായറാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് ഒരു ആൺകുഞ്ഞിനു ജൻമം നൽകിയത്. ഗർഭാവസ്ഥ 22 ആഴ്ച എത്തിയപ്പോഴായിരുന്നു പ്രസവം നടന്നത്.  460 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. കുഞ്ഞ് ശ്വാസമെടുക്കുന്നതോ ചലിക്കുന്നതോ ഡോക്ടറും നഴ്സിങ് സ്റ്റാഫും കണ്ടില്ല. തുടർന്ന്, കുഞ്ഞ് മരിച്ചെന്നു സ്ഥിരീകരിക്കുകയും ശരീരം പൊതിഞ്ഞ് അച്ഛന്‍ റോഹിതിനെ ഏൽപ്പിക്കുകയും ചെയ്തു. ആരോഗ്യം സാധാരണ നിലയിലേക്കെത്താഞ്ഞതിനാൽ അമ്മ ആശുപത്രിയിൽതന്നെയായിരുന്നു. 

അച്ഛനും ബന്ധുക്കളും വീട്ടിലേക്കു മടങ്ങി സംസ്കാരത്തിനുള്ള തയാറെടുപ്പു നടത്തുന്നതിനിടെയാണ് പൊതിയിൽ ചെറിയ ചലനങ്ങൾ റോഹിതിന്റെ സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടത്. അതു തുറന്നപ്പോൾ കുഞ്ഞ് ശ്വസിക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്യുന്നതായി കണ്ടു. ഉടൻ കുഞ്ഞിനെ അപ്പോളോ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കു‍ഞ്ഞിന്റെ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമാണ്.

ആശുപത്രിക്കാരുടെ അനാസ്ഥയിൽ നഷ്ടമാകാമായിരുന്ന തങ്ങളുടെ കുഞ്ഞിനെ ഓർത്ത് ഞെട്ടിയ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. 

ആശുപത്രി അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞിനെ ശരിയായ രീതിയിൽ പരിശോധിച്ചിട്ടു തന്നെയാണോ മരിച്ചെന്നു വിധിയെഴുതി രക്ഷകർത്താക്കൾക്ക് കൈമാറിയത് എന്നത് അനേഷിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് എ.കെ. റായ് പ്രതികരിച്ചു. ഇത്തരത്തിലുള്ള കുട്ടികളെ ഒരു മണിക്കൂർ നിരീക്ഷണത്തിൽ വച്ച ശേഷം മാത്രമേ ഏതെങ്കിലും രീതിയിലുള്ള റിപ്പോർട്ട് നൽകാറുള്ളുവെന്ന് മറ്റൊരു ഡോക്ടറും പറ‍ഞ്ഞു.

Read more : ആരോഗ്യവാർത്തകൾ