Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചം ‘അടിച്ചു’ കൊല്ലാം ഇനി കൊതുകിനെ!

Zika mosquitoes Photo: AFP

ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ലോകത്ത് 21.2 കോടി പേർക്ക് പ്രതിവർഷം മലേറിയ ബാധിക്കുന്നുണ്ട്. അതുവഴി കൊല്ലപ്പെടുന്നതാകട്ടെ 4.29 ലക്ഷം പേരും. കൊതുകു പരത്തുന്ന ഈ മാരകരോഗത്തിലൂടെ ജീവൻ നഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷവും കുട്ടികളുമാണ്. ആഫ്രിക്കയിലാണ് മലേറിയ മരണങ്ങളിലേറെയും. അനോഫിലിസ് ഗാംബി കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. രോഗബാധിതരെ കടിക്കുന്നതിലൂടെ അവരുടെ രക്തത്തിൽ നിന്ന് മലേറിയ രോഗാണുക്കൾ കൊതുകിലേക്കും കടക്കുന്നു. അത് അനോഫിലിസിന്റെ ഉമിനീരിൽ കലരും. പിന്നീട് ഇവ കടിക്കുന്നവരിലേക്ക് ഉമിനീർ വഴി മലേറിയരോഗാണുക്കളെത്തുകയും ചെയ്യും. 

എത്രയേറെ ശ്രമിച്ചിട്ടും ഈ കൊതുകുകളെ വരുതിയിലാക്കാൻ ആരോഗ്യവിദഗ്ധർക്കും സാധിച്ചിട്ടില്ല. അതിനു കാരണം ഓരോ തവണ ഇവയെ ഒതുക്കാനായി നടത്തുന്ന പദ്ധതികളെയും മറികടക്കാനുള്ള ശേഷി ഇവയ്ക്കുണ്ട് എന്നതാണ്. സാധാരണ ഗതിയിൽ കൊതുകുനാശിനിയടിച്ച വലകൾക്കുള്ളിൽ കഴിയുകയാണ് ആഫ്രിക്കയിലും മറ്റും ഈ കൊതുകിന്റെ കടിയേൽക്കുന്നത് തടയാനായി ചെയ്യുന്നത്. രാത്രിയിൽ പുറത്തിറങ്ങിയാൽ പട്ടിണിയാകുമെന്ന് അനോഫിലിസ് കൊതുകുകൾക്ക് വ്യക്തമാകുകയും ചെയ്തു. അതോടെ അവ പുതിയ ജീവിതരീതിയിലേക്കു മാറി. അതിരാവിലെ മുതൽ സന്ധ്യ വരെയാക്കി ‘ഇര തേടൽ’. ആ സമയത്താകട്ടെ ജനം വലയ്ക്കു പുറത്തുമായിരിക്കും. പാടങ്ങളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലുമൊക്കെ പണിയെടുക്കുന്നവരെ അങ്ങനെയാണ് ‘മലേറിയ കൊതുകുകൾ’ ലക്ഷ്യമിട്ടു തുടങ്ങിയത്. 

ഇങ്ങനെ പ്രതിരോധത്തിനായൊരുക്കുന്ന ഓരോ മാർഗവും മറികടന്നുള്ള കൊതുകുമുന്നേറ്റത്തിന് തടയിടാൻ പുതിയ കെണിയൊരുക്കുകയാണ് ഗവേഷകർ. യൂണിവേഴ്സിറ്റി ഓഫ് നോത്ര് ദാമിലെ ഗവേഷകരാണ് പുതിയ വഴി കണ്ടെത്തിയത്. സംഗതി തികച്ചും ലളിതം. കൊതുകുകളെ പത്തു മിനിറ്റു നേരം കനത്ത പ്രകാശം ഏൽപിക്കുക. അതുവഴി അവയ്ക്ക് പറക്കാനുള്ള വഴി കണ്ടെത്താനാകാതെ വരും. അതായത് ലക്കുകെട്ട് ആകെ ‘കിറുങ്ങിപ്പോയ’ അവസ്ഥ. ഇത്തരത്തിൽ ഇവയുടെ അടിസ്ഥാന സ്വാഭാവത്തിൽ മാറ്റം വരുത്താനുള്ള ‘സോഴ്സ്’ ആയി പ്രകാശത്തെ ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകർ പറയുന്നത്. 

പത്ത് സുതാര്യമായ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ സൂക്ഷിച്ച 25 വീതം കൊതുകുകളിലായിരുന്നു പരീക്ഷണം. ആദ്യത്തെ അഞ്ച് കണ്ടെയ്നറുകളിലെ കൊതുകുകളെ 10 മിനിറ്റ് തുടർച്ചയായി പ്രകാശമേൽപ്പിച്ചു. ബാക്കിയുള്ളവയെ ഇരുട്ടിലും സൂക്ഷിച്ചു. പിന്നീട് ഇവയ്ക്കരികിൽ ഒരു വലയ്ക്ക് അപ്പുറത്ത് കൈകൊണ്ടു വച്ചപ്പോൾ ഇരുട്ടിൽ കിടന്ന കൊതുകുകൾ കൃത്യമായി പറന്നെത്തി. പക്ഷേ വെളിച്ചമേറ്റവ ചുറ്റിത്തിരിഞ്ഞു നിന്നു. നാലു മണിക്കൂർ വരെ നീണ്ടു ഈ ‘വെളിച്ചചികിത്സ’യുടെ സ്വാധീനം. രണ്ട് മണിക്കൂർ ഇടവിട്ട് ഈ പരീക്ഷണം തുടർന്നപ്പോൾ 12 മണിക്കൂർ നേരത്തേക്ക് അനങ്ങാൻ പോലും പറ്റാതെ വശം കെട്ടുപോയി പല കൊതുകുകളും. 

തുടർച്ചയായ പ്രകാശം ഏൽപിക്കുന്നതോടൊപ്പം ഇടവിട്ടുള്ള വെളിച്ചം കൊണ്ടും പരീക്ഷണം നടത്തി ഗവേഷകർ. വെളിച്ചത്തിന്റെ അത്തരമൊരു ‘പാറ്റേണി’നെ നേരിട്ട് ശീലമില്ലാത്തതിനാൽ അതിനു മുന്നിലും കൊതുകുകൾ കീഴടങ്ങി. മിന്നിമിന്നിയുള്ള വെളിച്ചം 10 മിനിറ്റ് നേരം ഏറ്റപ്പോഴും പിന്നീടുള്ള നാലുമണിക്കൂർ നേരത്തേക്ക് ‘വട്ടംകറങ്ങിയ’ അവസ്ഥയിലായിരുന്നു കൊതുകുകൾ. വിവിധ തരംഗദൈർഘ്യത്തിലുള്ള വെളിച്ചങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. ഇക്കാര്യത്തിൽ ചുവപ്പു വെളിച്ചത്തിനാണ് പ്രാധാന്യം. കാരണം കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ അരണ്ട ചുവന്ന വെളിച്ചത്തിൽ സുഖമായി ഉറങ്ങാമെന്നതും. വയലുകളിൽ ഉൾപ്പെടെ ഈ വെളിച്ചപ്രതിരോധം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന ഗവേഷണവും സംഘം മുന്നോട്ടുവയ്ക്കുന്നുണ്ട്.

Read more : Health Tips